വയനാട് ഉരുൾ ദുരന്തം: പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിർമിക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വയനാട് ഉരുൾ ദുരന്തത്തിൽ ഒരു വലിയ ജനവാസമേഖലയാണ് മറഞ്ഞു പോയതെന്നും അതിനു പകരം കൂടുതല്‍ സുരക്ഷിതമായ പ്രദേശം കണ്ടത്തി ഒരു ടൗണ്‍ഷിപ്പ് തന്നെ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാവശ്യമായ ചര്‍ച്ചകള്‍ ഭരണതലത്തില്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും ഏറ്റവും മാതൃകാപരമായ രീതിയില്‍ ഈ പുനരധിവാസ പദ്ധതി അതിവേഗം പൂര്‍ത്തിയാക്കാന്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇതുവരെ 215 മൃതദേഹങ്ങൾ കണ്ടെടുത്തു. 87 സ്ത്രീകള്‍, 98 പുരുഷന്മാര്‍, 30 കുട്ടികള്‍. ഇതില്‍ 148 മൃതശരീരങ്ങള്‍ കൈമാറി. 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 81 പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ തുടരുന്നു. 34 സ്ത്രീകളും 36 പുരുഷന്മാരും 11 കുട്ടികളും. ആകെ 206 പേരെ ഡിസ്ചാര്‍ജ് ചെയ്തു ക്യാമ്പുകളിലേക്ക് മാറ്റി. നിലവില്‍ വയനാട്ടില്‍ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേര്‍ താമസിക്കുന്നു. ചൂരല്‍മലയില്‍ 10 ക്യാമ്പുകളിലായി 1,707 പേര്‍ താമസിക്കുന്നു.
വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകള്‍ രക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നിലമ്പൂര്‍ മേഖലയില്‍ ചാലിയാറില്‍ നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങളും ശരീര ഭാഗങ്ങളും തിരിച്ചറിയാന്‍ വലിയ പ്രയാസം നേരിടുകയാണ്. മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ഉടനെ എത്തും. പൊലീസും നീന്തല്‍ വിദഗ്ധരായ നാട്ടുകാരുംചേര്‍ന്ന് ചാലിയാര്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ തുടരും.
തിരിച്ചറിയാന്‍ സാധിക്കാത്ത 67 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവ സംസ്കരിക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്കാണുള്ളത്. അത് നിര്‍വഹിച്ചു തുടങ്ങിയിട്ടുണ്ട്. ഈ മൃതദേഹങ്ങള്‍ സംസ്കരിക്കുമ്പോള്‍ മതപരമായ ചടങ്ങുകള്‍ നടത്തണമെന്ന ആവശ്യം ചിലര്‍ ഉന്നയിക്കുന്നുണ്ട്. അതു കണക്കിലെടുത്ത് സര്‍വ്വമത പ്രാര്‍ത്ഥന നടത്തുന്നതിനു പഞ്ചായത്തുകള്‍ക്ക് മുന്‍കൈയെടുക്കാം.
മാധ്യമങ്ങള്‍ ഇതിനോടെല്ലാം ഏറ്റവും പോസിറ്റിവായി സഹകരിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. വയനാടിന്‍റെ പുനര്‍നിര്‍മ്മാണത്തിന്‍റെ നേതൃസ്ഥാനത്തു തന്നെ മാധ്യമസാന്നിധ്യം തുടര്‍ന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.