ഉരുൾ ദുരന്തം: ലീഗിന്‍റെ പുനരധിവാസ വീടുകളുടെ നിർമാണം തുടങ്ങി; എട്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് സാദിഖലി തങ്ങള്‍
text_fieldsമുണ്ടക്കൈ ഉരുൾ ദുരന്തബാധിതർക്കായുള്ള മുസ്‍ലിം ലീഗിന്റെ പുനരധിവാസ പദ്ധതിയിലുള്ള വീടുകൾക്ക് മേപ്പാടി തൃക്കൈപ്പറ്റ വെള്ളിത്തോട് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തറക്കല്ലിടുന്നു
തൃക്കൈപ്പറ്റ (വയനാട്): മുണ്ടക്കൈ ഉരുൾ ദുരന്തബാധിതർക്കായുള്ള മുസ്‍ലിം ലീഗിന്റെ പുനരധിവാസ പദ്ധതിയിലുള്ള 105 വീടുകളുടെ നിർമാണ പ്രവൃത്തി തുടങ്ങി. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്ത് നേരത്തേ വാങ്ങിയ 11 ഏക്കര്‍ സ്ഥലത്തുതന്നെയാണ് നിർമാണം.
ആദ്യഘട്ടത്തില്‍ നിർമിക്കുന്ന വീടുകള്‍ക്ക് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ശിലയിട്ടു. എല്ലാം നഷ്ടപ്പെട്ടവരുടെ കൂടെ സമാശ്വാസവുമായി നിന്ന മുസ്‍ലിം ലീഗ് എട്ടു മാസം കൊണ്ട് വീട് നിർമാണം പൂര്‍ത്തിയാക്കി അതിജീവിതര്‍ക്ക് കൈമാറുമെന്ന് തങ്ങള്‍ പറഞ്ഞു. ദുരന്തബാധിതരുടെ ആവശ്യപ്രകാരമാണ് മേപ്പാടി പഞ്ചായത്തില്‍ തന്നെ പദ്ധതിക്കായി സ്ഥലം വാങ്ങിയത്. തൃക്കൈപ്പറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍ മേപ്പാടി പ്രധാന റോഡിനോട് ഓരം ചേര്‍ന്നാണ് നിർദിഷ്ട ഭവന പദ്ധതി.
2000 സ്‌ക്വയര്‍ഫീറ്റ് വീട് നിർമിക്കാനുള്ള അടിത്തറയോടുകൂടി 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിർമിക്കുക. മൂന്ന് മുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന രീതിയിലായിരിക്കും വീടിന്റെ ഘടന. ശുദ്ധജലവും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് സ്ഥലമേറ്റെടുത്തത്. പദ്ധതി പ്രദേശത്തുനിന്ന് കല്‍പറ്റയിലേക്കും മേപ്പാടിയിലേക്കും എളുപ്പത്തില്‍ എത്താന്‍ കഴിയും.
ചടങ്ങിൽ മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം എന്നിവർ സംസാരിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, അബ്ദുസ്സമദ് സമദാനി എം.പി, പി.എം.എ. സലാം, എം.സി. മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, സി. മമ്മൂട്ടി, വി. ഉമ്മര്‍ മാസ്റ്റര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ. ശാഫി ചാലിയം, സി.കെ. സുബൈര്‍, ഉപസമിതി അംഗങ്ങളായ പി.കെ. ബഷീര്‍ എം.എല്‍,എ, സി. മമ്മൂട്ടി, പി. ഇസ്മായില്‍ എന്നിവർ പങ്കെടുത്തു.
ടി.പി.എം. ജിഷാന്‍, കെ.കെ. അഹമ്മദ് ഹാജി, സി.പി. ചെറിയ മുഹമ്മദ്, സി.എച്ച്. റഷീദ്, എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, അഡ്വ. യു.എ. ലത്തീഫ്, കുറുക്കോളി മൊയ്തീന്‍, ടി.വി. ഇബ്രാഹിം, അഡ്വ. എന്‍. ഷംസുദ്ദീന്‍, കളത്തില്‍ അബ്ദുല്ല, അഹമ്മദ് കുട്ടി ഉണ്ണികുളം, എം.എ. റസാഖ് മാസ്റ്റര്‍, കല്ലട്ര മായിന്‍, സി.എ. റഷീദ്, കെ.ടി. സഅദുല്ല, കെ.പി. റഹ്മത്തുല്ല, യു.എ. നസീര്‍, അന്‍വര്‍ നഹ, അഹമ്മദ് വാളയാട്ട്, അഷറഫ് വേങ്ങാട്, ഡോ. സമദ്, പാറക്കല്‍ അബ്ദുല്ല, യു.സി. രാമന്‍ തുടങ്ങിയവരും സംബന്ധിച്ചു. മുസ്‍ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

