വയനാട് ദുരന്തം: വായ്പ എഴുതിത്തള്ളലിൽ കേന്ദ്ര നിലപാട് വീണ്ടും തേടി
text_fieldsകൊച്ചി: വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്ര സർക്കാറിനോട് വീണ്ടും നിലപാട് തേടി ഹൈകോടതി. ചൂരൽമല -മുണ്ടക്കൈ ദുരന്തം സംബന്ധിച്ച് നേരത്തെതന്നെ നിലപാട് തേടിയിട്ടും കേന്ദ്രം മൗനം തുടരുകയാണെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിമർശിച്ചു. മാസങ്ങളായി ചോദ്യങ്ങൾ തുടർന്നിട്ടും മറുപടിയില്ല. ഇക്കാര്യത്തിലെ നടപടി ഉടൻ അറിയിക്കാനും നിർദേശിച്ചു. ശനിയാഴ്ച അവതരിപ്പിക്കുന്ന ബജറ്റിൽ നടപടി പ്രതീക്ഷിക്കുന്നുവെന്ന മറുപടിയാണ് കേന്ദ്രം നൽകിയത്. ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പുനരധിവാസത്തിനായി നിർമിക്കുന്ന വീടിന് ചതുരശ്രയടിക്ക് 3,000 രൂപയെന്ന നിരക്കിൽ ചെലവ് നിശ്ചയിച്ചതിൽ അപാകതയുള്ളതായി അമിക്കസ് ക്യുറി അറിയിച്ചു. ലൈഫ് മിഷൻ പദ്ധതി പ്രകാരം ചതുരശ്രയടിക്ക് 400 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ടൗൺഷിപ്പിന്റെയടക്കം രൂപരേഖ തയാറാക്കിയ കിഫ്കോണിന് മതിയായ സാങ്കേതിക പരിജ്ഞാനമുണ്ടോയെന്ന കാര്യത്തിലും അമിക്കസ് ക്യൂറി സംശയം പ്രകടിപ്പിച്ചു. പുനർനിർമാണ ജോലികൾ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് മാത്രമായി നൽകുന്നത് ഒഴിവാക്കേണ്ടതാണെന്ന ആവശ്യവുമുന്നയിച്ചു. എന്നാൽ, ദൽഹി നിരക്കിലാണ് നിർമാണ ചെലവ് നിശ്ചയിച്ചിരിക്കുന്നതെന്നും നൂറോളം വീടുകൾ വെക്കുന്ന സാഹചര്യത്തിൽ ഈ തുകയിൽ കാര്യമായ കുറവുണ്ടാകുമെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു. ഊരാളുങ്കൽ സൊസൈറ്റിയുടെ 80 ശതമാനം ഓഹരി സർക്കാറിേൻറതാണെന്നും വിശദീകരിച്ചു.
നിർമാണ പ്രവർത്തനം നടക്കട്ടെയെന്നും കാര്യങ്ങൾക്ക് കോടതി മേൽനോട്ടമുണ്ടല്ലോയെന്നും ഡിവിഷൻ ബെഞ്ചും വ്യക്തമാക്കി. ഹരജികൾ ഫെബ്രുവരി ഏഴിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

