ഉയിർപ്പിനായ്...
text_fieldsതിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിച്ച പുത്തുമലയിലെ ഭൂമി ഫോട്ടോ: കെ. വിശ്വജിത്ത്
നമ്മുടെയെല്ലാം കാൽപനിക കൗതുകമായ വയനാടൻ മലകൾക്കു കീഴിൽ തളിർത്തു വളർന്നിരുന്ന അനേകം മനുഷ്യരും അവരുടേതായിരുന്ന താഴ്വാരങ്ങളും ഇക്കഴിഞ്ഞ ജൂലൈ 30ന് ഈ ഭൂമിയിൽ നിന്ന് മാഞ്ഞേ പോയി. വീണ്ടെടുക്കാൻ ഒരു കഞ്ഞിക്കലം പോലും ബാക്കിയാക്കാതെ ഉരുൾദുരന്തം വടിച്ചെടുത്ത മുണ്ടക്കൈയും ചൂരൽമലയും ഇന്ന് അവശേഷിക്കുന്നത് നാടിന്റെ കണ്ണീർക്കനവിൽ മാത്രം. എങ്കിലും ആ മണ്ണ് തിരിച്ചുവരണം, ഉയിർത്തെഴുന്നേൽക്കണം...
വയനാട് മേപ്പാടിക്കടുത്ത് രണ്ടു ഗ്രാമങ്ങളെ തുടച്ചുനീക്കിയ, കേരളം കണ്ട ഏറ്റവും ഭീകര ഉരുൾ ദുരന്തം വിതച്ച മരണത്തിന്റെ മണം ഒരു മാസം പിന്നിടുമ്പോഴും മാറിയിട്ടില്ല. ജൂലൈ 30ന് പുലർച്ചെ ഒരു ഭീകര ശബ്ദത്തിനൊപ്പം മഹാദുരന്തം ഒഴുകിയെത്തിയപ്പോൾ ഒട്ടേറെ നിലവിളികൾ പാതിയിൽ നിലച്ചു. നിലവിളിയോടെ രക്ഷപ്പെട്ടോടിയവരിൽ ബാക്കിയായ തേങ്ങലുകൾ താൽക്കാലിക വീടുകളിൽ നിന്ന് ഇപ്പോഴുമുയരുന്നു. വെള്ളത്തിലും ചളിയിലും പൂണ്ട് അനേകം ഉയിരുകൾ ഛിന്നഭിന്നമായി കിലോമീറ്ററുകളോളം ദൂരെ നിലമ്പൂർ ചാലിയാറിലെത്തി നിന്നു.
ഇനിയെങ്കിലും...
40 വർഷം മുമ്പ് 1984 ജൂലൈ ഒന്നിന് മുണ്ടക്കൈയിൽ ഉരുൾ ദുരന്തമുണ്ടായിരുന്നു. അന്ന് മരിച്ചത് 14 പേരെന്നാണ് ഔദ്യോഗിക കണക്ക്. 2019 ആഗസ്റ്റ് എട്ടിന് രണ്ടു കിലോമീറ്റർ അകലെ പുത്തുമലയിലും പൊട്ടി. 17 അവിടെയും പൊലിഞ്ഞു. 2020 ആഗസ്റ്റ് ഏഴിന് മുണ്ടക്കൈയിൽ മറ്റൊരിടത്തും പൊട്ടിയെങ്കിലും ജീവഹാനിയുണ്ടായില്ല. എന്നാൽ വൻ നാശമുണ്ടായി. എല്ലാ ഉരുൾപൊട്ടലിന്റെയും പ്രഭവകേന്ദ്രം വെള്ളരിമല മലനിരകളാണെന്ന് ഇതിൽ നിന്ന് മനസ്സിലാകും. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച പരിസ്ഥിതി ലോലമേഖല കൂടിയാണ് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ. പുത്തുമലയുടെ മറുകുന്നായ മലപ്പുറം കവളപ്പാറയില്‍ 2019 ആഗസ്റ്റ് എട്ടിന് ഉരുള്‍പൊട്ടി 57 പേർ മരിക്കുകയും 11 പേരെ കാണാതാവുകയും ചെയ്തു. 2018ൽ മുണ്ടക്കൈയുടെ 35 കി.മീ അകലെ കുറിച്യര്‍മലയില്‍ വലിയ ദുരന്തം ഉണ്ടായെങ്കിലും ജനവാസ പ്രദേശം അല്ലാത്തതിനാല്‍ ആളപായം ഉണ്ടായില്ല. ഇങ്ങനെ ചെറുതും വലുതുമായ ദുരന്തങ്ങൾ കൺമുന്നിൽ അരങ്ങേറിയിട്ടും വീണ്ടുമൊരു മഹാദുരന്തത്തിന്റെ വായിൽ ഒരു സമൂഹത്തെ ഇട്ടുകൊടുക്കുന്നത് എന്നാണ് അവസാനിപ്പിക്കുക ?
ഇത്തവണ ദുരന്തമുണ്ടാകുന്നതിന്റെ രണ്ടു ദിവസം മുമ്പ് പ്രദേശത്ത് കനത്ത മഴ പെയ്തിട്ടും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് മുഖവിലക്കെടുത്തില്ലെന്ന് ദുരന്തത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയ പലരും പറയുന്നതിലും ഒട്ടേറെ കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്.
അടിയന്തര സഹായധനത്തിനും കാത്തിരിപ്പോ?
ദുരന്തമുണ്ടായി ഒരു മാസം പിന്നിട്ടിട്ടും അടിയന്തര ധനസഹായം കിട്ടാതെ ഒട്ടേറെപ്പേർ ഉണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പല കാരണങ്ങളാൽ ക്യാമ്പിൽ എത്താൻ കഴിയാതിരുന്നവരും ക്യാമ്പിൽനിന്ന് നേരത്തെ തന്നെ ബന്ധുവീടുകളിലേക്കു മാറിയവരുമാണ് പണം കിട്ടാത്തവരിലധികവും.
ക്യാമ്പിൽ രജിസ്റ്റർ ചെയ്ത പലർക്കും ദിവസേന നൽകാനുള്ള 300 രൂപ കിട്ടിയില്ല. പുനരധിവാസത്തിൽ ചിലർ തഴയപ്പെടുന്നുവെന്ന് ഭീതിയും പ്രദേശത്തെ പലരും പങ്കെവെക്കുന്നുണ്ട്. ഉരുൾപൊട്ടലിൽ പരിക്കേറ്റവരുടെ തുടർചികിത്സ പൂർണമായും സൗജന്യമാക്കുന്നതിനു തീരുമാനമാകാനുണ്ട്.
ദുരന്തം ഇല്ലാതാക്കിയത്
● മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡുകളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്.
● 1721 വീടുകളിലായി 4833 പേര് ഉണ്ടായിരുന്നതായാണ് കണക്ക്.
● പത്താം വാര്‍ഡായ അട്ടമലയിൽ 601 കുടുംബങ്ങളിലായി 1424 പേർ
● പതിനൊന്നാം വാര്‍ഡായ മുണ്ടക്കൈയിൽ 451 കുടുംബങ്ങളിലെ 1247 പേരും
● പന്ത്രണ്ടാം വാര്‍ഡായ ചൂരല്‍മലയില്‍ 671 കുടുംബങ്ങളിലെ 2162 പേരുമാണ് താമസിച്ചിരുന്നത്.
കുട്ടികൾ നഷ്ടമായ പള്ളിക്കൂടങ്ങൾ
വെള്ളാർമല ജി.വി.എച്ച്.എസ്.എസ്
ആകെ 585 വിദ്യാർഥികൾ ഉണ്ടായിരുന്നതിൽ 22 കുട്ടികളുടെ ജീവൻ പൊലിഞ്ഞു. 10 പേരെ ഇതുവരെയും കണ്ടെത്തിയിട്ടില്ല.
മുണ്ടക്കൈ എൽ.പി സ്കൂൾ
നഴ്സറിയിൽ ഉൾപ്പെടെ ആകെ 73 കുട്ടികൾ. ആറു പേർ മരണപ്പെടുകയും അഞ്ചു കുട്ടികളെ കാണാതാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

