തമ്മിൽ കണ്ടില്ലെങ്കിലും കനവിൽ വരണേ...
text_fieldsപുത്തുമലയിലെ മണ്ണറകൾക്ക് പൂക്കളർപ്പിക്കുന്ന അബ്ബാസ്. ഫേസ്ബുക്കിൽ
പങ്കുവെച്ച ഫോട്ടോ
മലപ്പുറം: ‘ചളിക്കൂമ്പാരത്തിൽനിന്ന് നെറ്റി ചുളിയാതെ വാരിപ്പുണർന്നതാണ് നിങ്ങളെ. മണ്ണറയിലേക്കെടുത്തുവെച്ച് വലത്തോട്ട് തിരിച്ചുകിടത്തി വെള്ളപ്പുടവ മാറ്റുമ്പോൾ കഴുത്തിനു മീതെ നിങ്ങളില്ലായിരുന്നു. പക്ഷേ, പതറിയില്ല. നിത്യനിദ്രക്ക് നിങ്ങളെ ഒരുക്കുന്നതിൽ പാകപ്പിഴ സംഭവിച്ചുപോയെങ്കിൽ മാപ്പ്... ഇനിയുള്ള നിങ്ങളുടെ വസന്തകാലത്തേക്ക് ഇതാ ഞങ്ങളുടെ കുറച്ച് പൂക്കൾ. തമ്മിൽ കാണാത്ത നമ്മൾക്ക് പരസ്പരമറിയാൻ കിനാവിൽ വരണം.. പിന്നെ നാഥന്റെ സ്വർഗത്തിലും. പടച്ചോൻ നമ്മളെ സ്വീകരിക്കട്ടെ...’’-ദുരന്ത ഭൂമിയിൽ തുടർച്ചയായി 18 ദിവസം സന്നദ്ധപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറത്തെ സി.എച്ച്. അബ്ബാസ് ഫേസ്ബുക്കിൽ കുറിച്ച വികാരനിർഭരമായ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്.
ദുരന്തം സംഭവിച്ച ദിവസം രാവിലെ സഹപ്രവർത്തകരോടൊപ്പം ചുരം കയറിയതാണ് യൂത്ത് ലീഗ് മലപ്പുറം ജില്ല വൈറ്റ് ഗാർഡ് ക്യാപ്റ്റൻ അബ്ബാസ്. കൂടെയുള്ള സഹപ്രവർത്തകരെല്ലാം ഇടക്ക് നാട്ടിൽ വന്നുപോയെങ്കിലും 18 ദിവസം കഴിഞ്ഞാണ് അബ്ബാസ് നാട്ടിലേക്ക് തിരിച്ചത്. പുത്തുമലയിലെ ആറടി മണ്ണിൽ അനേകം പേർക്ക് അന്ത്യവിശ്രമത്തിന് ഇടമൊരുക്കിയ അബ്ബാസ് ദുരന്തമുഖത്തുനിന്ന് ലഭിച്ച അവസാന മൃതദേഹവും മറമാടിയാണ് വെള്ളിയാഴ്ച അർധരാത്രി നാട്ടിലെത്തിയത്.
നിരന്നുകിടക്കുന്ന ആ മൺകൂനകൾക്കു മുകളിൽ അവസാനമായി ഒരു പിടി പൂക്കളർപ്പിക്കുന്ന തന്റെ ഫോട്ടോക്കൊപ്പം അബ്ബാസ് പോസ്റ്റ് ചെയ്ത എഴുത്ത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്.
‘‘ചായ മക്കാനികളിലും ബാർബർ ഷോപ്പുകളിലും ഓട്ടോറിക്ഷകളിലും സ്റ്റേഷനറി കടകളിലും സന്നദ്ധപ്രവർത്തകർക്ക് സൗജന്യമനുവദിച്ച് ആ നാട് തങ്ങളെ സ്വീകരിച്ചു. പ്രിയപ്പെട്ടവർക്കുവേണ്ടി സമർപ്പിച്ച 18 രാപ്പകലുകളിൽ തനിക്കും സഹപ്രവർത്തകർക്കും വയനാടിന് പുറത്തേക്ക് ഒരു ചിന്തയില്ലാത്ത ദിവസങ്ങളായിരുന്നു.’’ഒരു നാടിന്റെ പ്രാർഥനയും സ്നേഹവും മുഴുവനും കൊണ്ടാണ് പോകുന്നതെന്നും അബ്ബാസ് കുറിച്ചു.
മക്കരപ്പറമ്പ്-കാച്ചിനിക്കാട് സ്വദേശിയായ സി.എച്ച്. അബ്ബാസ് നിർമാണത്തൊഴിലാളിയാണ്. നുസ്റത്ത് ഫർസാനയാണ് ഭാര്യ. സ്വാലിഹ് അബ്ദുല്ല, മുഷ്താഖ് ഹംസ, ഐസ നസീമ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

