വായ്പ ബാധ്യതകളിൽ ആശ്വാസം പ്രതീക്ഷിച്ച് വയനാട്
text_fieldsതിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതരുടെ വായ്പാ ബാധ്യതകളിൽ ഇളവുകൾ പ്രഖ്യാപിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാന തല ബാങ്കേഴ്സ് സമിതി (എസ്.എൽ.ബി.സി) തിങ്കളാഴ്ച യോഗം ചേരും. ദുരന്തത്തിൽ ഇരയായി എല്ലാം നഷ്ടപ്പെട്ടവർക്ക് ഇളവുകൾ അനുവദിക്കണമെന്ന് വിവിധ ഭാഗങ്ങളിൽനിന്ന് ആവശ്യമുയരുന്ന സാഹചര്യത്തിലാണ് യോഗം.
ജില്ല തല ബാങ്കേഴ്സ് സമിതിയുടെ പ്രാഥമിക കണക്കെടുപ്പു പ്രകാരം 22 കോടി രൂപയുടെ വായ്പയാണ് ദുരന്തത്തിനിരയായവർ തിരിച്ചടയ്ക്കാനുള്ളതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇവരിൽ ആരെയും വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടു നേരിട്ടോ ഫോണിലൂടെയോ തപാലിലൂടെയോ ശല്യപ്പെടുത്തരുതെന്നു സംസ്ഥാന തല ബാങ്കേഴ്സ് സമിതി ബാങ്കുകൾ നിർദേശം നൽകിയിട്ടുണ്ട്.
വായ്പകൾ പൂർണമായി എഴുതിത്തള്ളണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഇതിന്, വായ്പ എഴുതിത്തള്ളിയാലുള്ള സാമ്പത്തിക ബാധ്യത എത്രയാണെന്ന കണക്കെടുപ്പ് പൂർത്തിയാകേണ്ടതുണ്ട്. അതുകഴിഞ്ഞ് എഴുതിത്തള്ളൽ പ്രഖ്യാപിക്കുന്ന കാര്യം സർക്കാർ പരിഗണിക്കും. അങ്ങനെയെങ്കിൽ വായ്പബാധ്യത സർക്കാർ വഹിക്കേണ്ടിവരും. ഓഖി ദുരന്തത്തിൽപെട്ടവരുടെ വായ്പ സർക്കാർ എഴുതിത്തള്ളിയിരുന്നു.
ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക് രംഗത്തെത്തിയിരുന്നു. ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളുമാണ് എഴുതിത്തള്ളിയത്. തോട്ടം തൊഴിലാളികളുടെ ക്ഷേമം മുൻനിര്‍ത്തിയ പ്രത്യേക വായ്പാ പദ്ധതിയിൽ ഉൾപ്പെട്ടവര്‍ മുതൽ വിനോദ സഞ്ചാര മേഖലയിൽ മുതൽ മുടക്കിയവര്‍ വരെ കേരള ബാങ്ക് ചൂരൽമല ശാഖയിൽ ഗുണഭോക്താക്കളായുണ്ട്.
സാധാരണ പ്രകൃതിദുരന്ത പശ്ചാത്തലങ്ങളിൽ കാർഷിക വായ്പകൾക്കാണ് ആദ്യം മൊറട്ടോറിയം അനുവദിക്കുന്നത്. 50 ശതമാനം വരെ കൃഷി നശിച്ചിട്ടുണ്ടെങ്കിൽ ഒരു വർഷത്തെ മൊറട്ടോറിയവും ഒരു വർഷത്തെ അധിക തിരിച്ചടവു കാലാവധിയും അനുവദിക്കാറുണ്ട്. 50 ശതമാനത്തിനു മേൽ കൃഷിനാശമുണ്ടെങ്കിൽ അഞ്ചുവർഷം വരെ തിരിച്ചടവു കാലാവധി നീട്ടി നൽകാം. അതേസമയം, വയനാട്ടിൽ പൂർണ കൃഷിനാശമാണ് കൃഷി വകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

