ഉപതെരഞ്ഞെടുപ്പ് ഉദ്വേഗത്തിൽ വയനാട്
text_fieldsതിരുവനന്തപുരം: അപകീർത്തി കേസിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ എം.പി സ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധിയെ ലോക്സഭ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയതോടെ കേരള രാഷ്ട്രീയം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമോയെന്ന ഉദ്വേഗത്തിൽ. കീഴ്കോടതി വിധി ഏതെങ്കിലും മേൽകോടതി സ്റ്റേ ചെയ്തില്ലെങ്കിൽ രാഹുൽ പ്രതിനിധീകരിക്കുന്ന വയനാട് സീറ്റിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. അങ്ങനെവന്നാൽ, ബി.ജെ.പിക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യമെന്ന ആവശ്യം ശക്തമാകുന്നതിനിടെ സംസ്ഥാനത്തെ ഇരുമുന്നണികൾക്കും ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ വെല്ലുവിളിയാകും.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി വയനാട്ടിൽ സ്ഥാനാർഥിയായ രാഹുൽ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ദേശീയതലത്തിൽ വിവാദമുയർത്തിയെങ്കിലും കേരളത്തിൽ യു.ഡി.എഫിന് വലിയ നേട്ടമായി. സി.പി.ഐ സ്ഥാനാർഥി മത്സരിക്കുന്ന സീറ്റിലായിരുന്നു രാഹുലിന്റെ അങ്കം.
ബി.ജെ.പിക്കെതിരെ ദേശീയതലത്തിൽ കൈകോർക്കുന്ന കക്ഷികളിൽ ഒന്നിന്റെ ദേശീയനേതാവ് ഇടത് സ്ഥാനാർഥിയോട് ഏറ്റുമുട്ടിയത് വിവാദമായി. ഉപതെരഞ്ഞെടുപ്പുണ്ടായാൽ രാഹുൽ പ്രതിനിധീകരിച്ച സീറ്റിൽ സമാന ഏറ്റുമുട്ടൽ സാഹചര്യം വീണ്ടുമുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് യാഥാർഥ്യമായാൽ രാഹുൽ പ്രതിനിധീകരിച്ച മണ്ഡലമെന്ന നിലയിൽ വയനാട്ടിലെ മത്സരം ദേശീയതലത്തിൽ പ്രാധാന്യം നേടും. യു.ഡി.എഫിന് വളക്കൂറുള്ള ഇവിടെ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കുമെന്നതിൽ തർക്കമില്ല. എന്നാൽ, രാഹുലിന്റെ പകരക്കാരനെ വേഗത്തിൽ തീരുമാനിക്കാൻ കോൺഗ്രസിന് കഴിയണമെന്നില്ല.
രാഹുലിന്റെ എം.പി സ്ഥാനം നിലനിർത്താൻ അവസാനനിമിഷംവരെ പോരാടിയശേഷമേ അവർക്ക് തെരഞ്ഞെടുപ്പിനെപ്പറ്റി ചിന്തിക്കാനാകൂ. ഉപതെരഞ്ഞെടുപ്പ് അംഗീകരിക്കേണ്ടിവന്നാൽ രാഹുലിന് പകരക്കാരനായി ദേശീയതലത്തിൽനിന്ന് മറ്റൊരാളെ സ്ഥാനാർഥിയാക്കാനുള്ള സാധ്യതകൂടി കണക്കിലെടുത്തേ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് നീങ്ങാനാകൂ.
അതേസമയം, ഇടതുമുന്നണിക്കും സ്ഥാനാർഥി നിർണയം കീറമുട്ടിയാകും. സംസ്ഥാനത്ത് മുഖ്യ എതിരാളികളെങ്കിലും കോൺഗ്രസും ഇടതുകക്ഷികളും ദേശീയതലത്തിൽ സഹകരിച്ചാണ് നീങ്ങുന്നത്. കോൺഗ്രസുമായുള്ള സഹകരണത്തിന്റെ കാര്യത്തിൽ സി.പി.എമ്മിനെക്കാൾ സി.പി.ഐ ഒരുചുവട് മുന്നിലാണ്. അയോഗ്യനാക്കിയ നടപടിയെ ഒറ്റക്കെട്ടായി എതിർത്തശേഷം കോൺഗ്രസും ഇടത് പാർട്ടിയും പരസ്പരം മത്സരിക്കുന്നതിലെ വൈരുധ്യം അവർക്ക് കണക്കിലെടുക്കേണ്ടിവരും. കോൺഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായാൽ അത് ഇടതുമുന്നണിക്ക് രാഷ്ട്രീയമായി ഗുണകരവുമാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

