വയനാട്ടിലേത് കഴിവുകെട്ട ഡി.സി.സി പ്രസിഡൻറ് -കെ.കെ. വിശ്വനാഥൻ
text_fieldsസുൽത്താൻ ബത്തേരി: പാളയത്തിലെ പടയിൽ സഹികെട്ടാണ് രാജിയെന്ന് കെ.പി.സി.സി അംഗവും മുൻ ഡി.സി.സി വൈസ് പ്രസിഡൻറുമായിരുന്ന കോൺഗ്രസ് നേതാവ് കെ.കെ. വിശ്വനാഥൻ മാസ്റ്റർ. വയനാട്ടിലെ കോൺഗ്രസ് മൂന്ന് നേതാക്കന്മാരുടെ കൈവശമാണ്. ജില്ലയിൽ പാർട്ടി ദുർബലമായി.
ഏറ്റവും കഴിവുകെട്ട ഡി.സി.സി പ്രസിഡൻറാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം ആരോപിച്ചു. സുൽത്താൻ ബത്തേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് നെന്മേനിക്കാരനാണ്. മാനന്തവാടിയിൽ മാസങ്ങളോളം ബ്ലോക്ക് പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
കെ.പി.സി.സി ശാസനയെ തുടർന്ന് അടുത്തിടെയാണ് ബ്ലോക്ക് പ്രസിഡൻറ് ഉണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായിട്ടും ഒരു അവലോകനയോഗം വിളിക്കാൻ നേതാക്കന്മാർക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അമ്പലവയൽ ഡിവിഷനിൽനിന്ന് ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പാളയത്തിലെ കാലു വാരലാണ് തോൽവിക്ക് കാരണമെന്ന് അന്ന് തുറന്നടിച്ചു. എന്നാൽ, കോൺഗ്രസ് നേതൃത്വമോ യു.ഡി.എഫോ അത് കാര്യമാക്കിയില്ല. 2015ൽ പനമരം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോഴും അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി.

