വയനാട് ഫണ്ട്: തോമസ് ഐസക്കിനെയും എം. സ്വരാജിനെയും സംവാദത്തിന് വെല്ലുവിളിച്ച് രാജു പി. നായർ
text_fieldsകൊച്ചി: വയനാട് ഫണ്ടിൽ തിരിമറി നടത്തിയെന്ന കോൺഗ്രസ്, സി.പി.എം ആരോപണ പ്രത്യാരോപണങ്ങൾ കടുക്കുന്നു. ഫണ്ട് വെട്ടിച്ചതായി ഇരുവിഭാഗവും പരസ്പരം പഴിചാരിയതോടെ നിയമസഭ തെരഞ്ഞെടുപ്പിൽ ചൂടുള്ള പ്രചാരണ വിഷയമായി വയനാട് ഫണ്ട് വിവാദം കൊഴുക്കുകയാണ്.
അതിനിടെ, വിവാദം സംബന്ധിച്ച് പരസ്യ സംവാദത്തിന് സി.പി.എം നേതാക്കളായ തോമസ് ഐസക്കിനെയും എം. സ്വരാജിനെയും വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാജു പി. നായർ രംഗത്തെത്തി. രണ്ട് പേർക്കും സൗകര്യമുള്ള സമയം തീരുമാനിക്കണമെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
‘ബഹുമാനപ്പെട്ട ഡോ. തോമസ് ഐസക് സർ, അങ്ങയുടെ ഫേസ്‌ബുക്കിൽ അങ്ങു ഞാൻ ഉന്നയിച്ച ആരോപണത്തെ കൂടി ചേർത്ത് കൊണ്ട് വയനാട് ദുരിതാശ്വാസ വിവാദം സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്തിയത് ശ്രദ്ധയിൽ പെട്ടു. ഞാൻ ഈ വിഷയത്തിൽ ഉന്നയിച്ച 7 ചോദ്യങ്ങൾ അടങ്ങിയ ഫേസ്‌ബുക്ക് പോസ്റ്റ് കമന്റിൽ ചേർക്കുന്നു. അങ്ങേയ്ക്ക് അതിൽ പോയിന്റ് ബൈ പോയിന്റ് ഉത്തരം തരാൻ കഴിയുമോ? സത്യത്തിന് മുന്നിൽ അങ്ങയുടെ സീനിയൊറിറ്റി ഒരു ദുരഭിമാനമായി അങ്ങേയ്ക്ക് തോന്നില്ലെങ്കിൽ ഞാൻ പരസ്യ സംവാദത്തിനും തയ്യാറാണ്. അങ്ങ് എന്റെ പേര് ഉപയോഗിച്ചതിന്റെ സ്വാതന്ത്ര്യത്തിലാണ് ഈ നിർദ്ദേശം. അങ്ങേയ്ക്ക് എന്നേ പോലെ ഒരു ജൂനിയറിനോട് സംവദിക്കാൻ അഭിമാനപ്രശ്നം ഉണ്ടെങ്കിൽ, ഈ ആരോപണം കഴിഞ്ഞ ദിവസം ഉന്നയിച്ച എം. സ്വരാജുമായും സംവാദത്തിന് ഞാൻ തയ്യാറാണ്. തയ്യാറാണെങ്കിൽ രണ്ട് പേർക്കും സൗകര്യമുള്ള സമയം തീരുമാനിക്കാം’ -രാജു പി. നായർ വ്യക്തമാക്കി.
വയനാട് പുനരധിവസവുമായി ബന്ധപ്പെട്ട് സർക്കാരിനോടും സി.പി.എമ്മിനോടും ഏഴ് ചോദ്യങ്ങൾ ഇന്നലെ രാജു പി. നായർ ഉന്നയിച്ചിരുന്നു. CMDRF ൽ കൂടി അല്ലാതെ വയനാട് ടൗൺഷിപ്പിന്റെ പേരിൽ പ്രോജെക്ട് ഇമ്പ്ലിമെന്റേഷൻ യുണിറ്റിലൂടെ എത്ര കോടി പിരിച്ചു? ടൗൺഷിപ്പിനായി ഊരാളുങ്കൽ സോസൈറ്റിക്ക് എത്ര രൂപയുടെ കരാറാണ് ടെണ്ടർ പോലുമില്ലാതെ നൽകിയത്? കരാർ പ്രകാരം എന്തൊക്കെ പ്രവർത്തികളാണ് അവിടെ ചെയ്യുന്നത്? (മാധ്യമങ്ങൾ പോലും അവിടെ 299 കോടി ഭീകരമായ കൊള്ളയാണെന്ന് സമ്മതിക്കുന്നുണ്ട്). കരാർ രേഖ പുറത്ത് വിടാൻ തയ്യാറുണ്ടോ? ഇത് വരെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രം സംഭാവന ചെയ്യാൻ പറഞ്ഞതിന് ശേഷം CPM കേന്ദ്ര കമ്മിറ്റി ഡൽഹിയിൽ പ്രത്യേക ഫണ്ടിലൂടെ എത്ര കോടി പിരിച്ചു? ദുരിതാശ്വാസ നിധിക്ക് വേണ്ടി പാർട്ടിയുടെ അക്കൗണ്ടിൽ എന്ത് കൊണ്ട് പണം പിരിച്ചു? ഞാൻ ആരോപണം ഉന്നയിച്ച് അര മണിക്കൂറിനുള്ളിൽ കൊടുത്തതിന്റെ രേഖ പുറത്തു വിട്ട എം. എ. ബേബി, പണം പിരിച്ച കണക്ക് പുറത്തു പറയാൻ എന്ത് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും മടിക്കുന്നു? കൊടുത്തതല്ല, പിരിച്ചത് എത്ര എന്നാണ് ചോദ്യം. DYFI എന്ത് കൊണ്ട് ദുരിതാശ്വാസ നിധിയിൽ പണം നൽകാതെ PIU വിൽ നൽകി? എങ്ങനെ ആണ് DYFI യുടെ പണം CSR ആയി രേഖപ്പെടുത്തപ്പെട്ടത്? DYFI ക്ക് വേണ്ടി ആ 20 കോടി നൽകിയത് ഊരാളുങ്കൽ സോസൈറ്റി ആണോ? എന്ത് കൊണ്ട് രണ്ട് വർഷത്തോട് അടുക്കുമ്പോഴും ഒരാൾക്ക് പോലും താമസയോഗ്യമായ വീട് ഉണ്ടാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു? എന്നീ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരാണ് സി.പി.എമ്മെന്നും അവർ നടത്തിയ ആസൂത്രിതമായ കൊള്ള മറച്ചു വയ്ക്കുന്നതിന് വേണ്ടി ആ കുറ്റം കോൺഗ്രസിൽ ആരോപിച്ച് രക്ഷപ്പെടാനാണ് നോക്കുന്നതെന്നും രാജു പി. നായർ ആരോപിച്ചു.
അതേസമയം, രാജു പി നായർ നൽകിയത് വലിയ സേവനമാണെന്ന് തോമസ് ഐസക് പരിഹസിച്ചു. ‘വയനാട് ദുരന്തത്തിന്റെ പേരിൽ സിപിഐ(എം) പിരിച്ചതിന്റെ കണക്ക് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ചാനൽ ചർച്ചയിൽ അദ്ദേഹത്തിന്റെ രംഗപ്രവേശം. സിപിഐ(എം) ന് ഉത്തരമുണ്ടാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. ചോദ്യം ഉന്നയിച്ച് അരമണിക്കൂറിനുള്ളിൽ പാർട്ടി കേന്ദ്ര കമ്മിറ്റി ദുരിതാശ്വാസത്തിനു വേണ്ടി ലഭിച്ച 92.99 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് കൈമാറിയതിന്റെ രേഖകൾ പൊതുമണ്ഡലത്തിൽ ലഭ്യമാക്കി. കേരളത്തിൽ സിപിഐ(എം) ജനങ്ങളിൽ നിന്ന് ദുരന്തഫണ്ട് ശേഖരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിനു പ്രചാരണം നടത്തുകയാണ് ചെയ്തത്. ഡിവൈഎഫ്ഐ ആക്രിവിറ്റും, ചലഞ്ചുകൾ നടത്തിയും കൂലിവേല ചെയ്തും 20 കോടി രൂപ സമാഹരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിന്റെ രസീതുകളും പുറത്തുവിട്ടു’ -അദ്ദേഹം പറഞ്ഞു.
തോമസ് ഐസകിന്റെ കുറിപ്പിൽനിന്ന്:
‘കോൺഗ്രസ് എത്രയാണ് പിരിച്ചത്? ഈ ചോദ്യത്തിനുള്ള ഉത്തരത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കെപിസിസി പ്രസിഡന്റിന് കഴിയാത്ത അവസ്ഥയായി. അദ്ദേഹം പറഞ്ഞ കണക്കുകൾ ഇതാണ്: ആകെ സമാഹരിച്ച തുക 5.38 കോടി രൂപ. ചെലവ് ഇങ്ങനെ - പണം പിരിക്കാനുള്ള ആപ്പിനു വേണ്ടി 9.30 ലക്ഷം രൂപ, ഭൂമി വാങ്ങിയതിന് രജിസ്ട്രേഷൻ ഫീസ് അടക്കം 6.18 കോടി രൂപ. ഇനി വീട് പണിയാനുള്ള പണം കോൺഗ്രസിന്റെ കൈയിൽ ഇല്ല. ആകെ പിരിച്ച തുക സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയാൻ മണിക്കൂർ പോലും വേണ്ടിവന്നില്ല. സാമൂഹ്യ മാധ്യമങ്ങളിൽ വൻതുകകൾ കെപിസിസിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പിരിച്ചതിന്റെയും സംഭാവനകൾ നൽകിയതിന്റെയും വിവരങ്ങൾ പുറത്തുവന്നു. ഏറ്റവും സുപ്രധാനം പണം പിരിക്കാനുള്ള ആപ്പിന്റെ ഒരു സ്ക്രീൻഷോട്ടാണ്. അതുവഴി മാത്രം 54 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്. കുറേനാൾ മുമ്പ് ആപ്പ് പൊതുമണ്ഡലത്തിൽ നിന്ന് അപ്രത്യക്ഷമായി. 54 കോടി രൂപ ഒരു മിനിമം തുകയായി കണക്കാക്കിയാൽ മതിയാകും. അതിനുശേഷം ആപ്പ് വഴി പിരിച്ച തുക എത്രയെന്ന് നമുക്ക് അറിയില്ല. ആപ്പ് വഴി അല്ലാതെ പിരിച്ച തുക എത്രയെന്നും അറിയില്ല.
കോൺഗ്രസ് നടത്തിയ വലിയൊരു തീവെട്ടിക്കൊള്ളയുടെ പിന്നാമ്പുറമാണ് നമ്മുടെ കൺമുന്നിൽ അനാവരണം ചെയ്തുകൊണ്ടിരിക്കുന്നത്. ശരിക്കും ശവംതൂക്കികൾ!
100 വീട് പണിതുകൊടുക്കുമെന്നായിരുന്നു വാഗ്ദാനം. കോൺഗ്രസിനെ വിശ്വസിച്ച് സർക്കാർ വീട് വേണ്ടായെന്ന് പ്രസ്താവന നൽകി, ഒട്ടനേകം കുടുംബങ്ങൾ സർക്കാരിൽ നിന്ന് 15 ലക്ഷം രൂപ കൈപ്പറ്റി. അവർ ഇന്ന് വഴിയാധാരമാണ്.
വീട് പണിയുന്നതിനുള്ള കാലതാമസത്തിനു കാരണം കോൺഗ്രസ് പറഞ്ഞത് സർക്കാർ ഭൂമി നൽകിയില്ലാ എന്നുള്ളതായിരുന്നു. എന്നാൽ സർക്കാരിനോട് ഭൂമി ചോദിക്കുകയോ, അത് നൽകാമെന്ന് സർക്കാർ ഒരിക്കലും പറയുകയോ ചെയ്തിട്ടില്ലായെന്നതും വ്യക്തമായി.
വിവാദം കനത്തപ്പോൾ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കൊണ്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് കല്ലിടുകയും ചെയ്തു. കല്ലിട്ടല്ലാതെ നൂറ് ദിവസം കഴിഞ്ഞിട്ടും കല്ലിന്മേൽ മറ്റൊരു കല്ല് വയ്ക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. ഇതിനിടയിൽ വീടിന്റെ നിർമ്മാണം തുടങ്ങിയെന്ന് പ്രതിപക്ഷനേതാവ് അവകാശപ്പെട്ടു. മാധ്യമങ്ങൾ ഈ കളവ് തുറന്നു കാണിച്ചു. ഡിവൈഎഫ്ഐ കുടിൽകെട്ടി സമരം ചെയ്തു. അവസാനം ഇപ്പോൾ കെപിസിസി പ്രസിഡന്റ് സത്യം തുറന്നു പറഞ്ഞു. വീട് പണിയാനുള്ള പണം കൈയിൽ ഇല്ല.
പണം കൈയിൽ ഇല്ലാതെ എന്തിന് തറക്കല്ലിട്ടു? ഏത് ശവംതൂക്കിയാണ് പിരിച്ച പണം അടിച്ചുമാറ്റിയത്? എപ്പോഴാണ് ഈ തട്ടിപ്പ് നടന്നത്? ദുരിതാശ്വാസ ഫണ്ട് ആപ്പ് അപ്രത്യക്ഷമായതും പണം തട്ടിച്ചതും ഒരേ സമയത്ത് ആയിരിക്കണം. ഈ തിരിമറി നടത്തിയ ശേഷമെല്ലാം പ്രതിപക്ഷനേതാവ് അവകാശപ്പെട്ടത് അദ്ദേഹത്തിന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിൽ പണം ഉണ്ടെന്നാണ്. അങ്ങനെയൊരു അക്കൗണ്ടേ ഇല്ലായെന്ന് അവരുടെ നാമനിർദേശ പത്രിക വന്നപ്പോൾ എല്ലാവർക്കും ബോധ്യമായി. കോൺഗ്രസിന്റെ ഉന്നത നേതാക്കളടക്കം പങ്കാളികളായിട്ടുള്ള പകൽക്കൊള്ളയാണ് ഇതെന്നു വ്യക്തം.
തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് സത്യസന്ധമായി കേരളത്തിലെ ജനങ്ങളോട് സത്യം തുറന്നുപറയാൻ തയ്യാറാകണം. ആപ്പ് വഴി എത്ര കോടി രൂപ പിരിച്ചു? (54 കോടി രൂപയുടെ സ്ക്രീൻഷോട്ട് പൊതുമണ്ഡലത്തിൽ ലഭ്യമാണ്. അത് വ്യാജമാണെങ്കിൽ നിയമനടപടി സ്വീകരിക്കണം.) ആപ്പ് വഴി അല്ലാതെ പണം സമാഹരിച്ചതിന്റെ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ ലഭ്യമാണ്. ഇപ്രകാരം എത്ര കോടി രൂപ പിരിച്ചു?
ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി ഇന്ന് കേരളത്തിനുണ്ട്. ദുരന്തഫണ്ട് പോലും അടിച്ചുമാറ്റുന്ന ശവംതൂക്കികൾ അധികാരത്തിൽവന്നാൽ ഈ സംസ്ഥാനം അഴിമതിയിൽ മുങ്ങിക്കുളിക്കും.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

