കൈകോർത്ത് വയനാട്: ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് തേരോട്ടം
text_fieldsനിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഉഷ വിജയനുമായി യു.ഡി.എഫ് മാനന്തവാടിയിൽ നടത്തിയ ആഹ്ലാദപ്രകടനം
കൽപറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് സമ്പൂർണ പരാജയം നൽകിയ വയനാട്ടിൽ യു.ഡി.എഫ് തേരോട്ടം. കൽപറ്റയിലും അഡ്വ. ടി. സിദ്ദീഖ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ മാനന്തവാടി നിയോജക മണ്ഡലത്തിൽ രണ്ടുതവണ വിജയിച്ച മന്ത്രി ഒ.ആർ. കേളുവിനെ പരാജയപ്പെടുത്തിയാണ് ഉഷ വിജയൻ വിജയത്തേരിലേറിയത്. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ നാലാം തവണയും മത്സരിച്ച ഐ.സി. ബാലകൃഷ്ണൻ ഭൂരിപക്ഷം വർധിപ്പിച്ചു. കൽപറ്റ മണ്ഡലത്തിൽ ആകെയുള്ള 2,13,137 വോട്ടർമാരിൽ 1,72,304 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇതിൽ 1,69,958 വോട്ടുകൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലും 2346 വോട്ടുകൾ പോസ്റ്റൽ ബാലറ്റുകളിലുമാണ് രേഖപ്പെടുത്തിയത്. കോൺഗ്രസ് സ്ഥാനാർഥി അഡ്വ. ടി. സിദ്ദീഖിന് 97,379 വോട്ടുകൾ ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയ രാഷ്ട്രീയ ജനതാദൾ സ്ഥാനാർഥി പി.കെ. അനിൽകുമാറിന് 52,348 വോട്ടുകളാണ് ലഭിച്ചത്. ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥി പ്രശാന്ത് മലവയൽ 19,175 വോട്ടുകൾ നേടി. 1137 പേർ നോട്ട തെരഞ്ഞെടുത്തു. 45,031 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അഡ്വ. ടി. സിദ്ദീഖ് വിജയിച്ചത്.
കൽപറ്റയിൽ വിജയിച്ച ടി. സിദ്ദീഖിനെ വോട്ടെണ്ണൽ കേന്ദ്രമായ കൽപറ്റ എസ്.കെ.എം.ജെ സ്കൂളിൽനിന്ന് യു.ഡി.എഫ് പ്രവർത്തകർ തോളിലേറ്റി കൊണ്ടുപോകുന്നു
മാനന്തവാടി മണ്ഡലത്തിൽ ആകെയുള്ള 2,05,676 വോട്ടർമാരിൽ 1,63,988 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവരിൽ 1,61,198 പേർ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലും 2790 പേർ പോസ്റ്റൽ ബാലറ്റുകളിലും വോട്ട് ചെയ്തു. കോൺഗ്രസ് സ്ഥാനാർഥി ഉഷ വിജയന് 77,425 വോട്ടും രണ്ടാം സ്ഥാനത്തെത്തിയ സി.പി.എമ്മിലെ ഒ.ആർ. കേളുവിന് 66,882 വോട്ടുകളും ലഭിച്ചു. ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥി പി. ശ്യാംരാജ് 19,681 വോട്ടുകൾ നേടി. 1018 പേർ നോട്ട തെരഞ്ഞെടുത്തു. 10,543 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉഷ വിജയൻ വിജയിച്ചത്.
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ആകെയുള്ള 2,25,780 വോട്ടർമാരിൽ 1,75,496 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇവരിൽ 1,72,557 പേർ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലും 2939 പേർ പോസ്റ്റൽ ബാലറ്റുകളിലും വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് സ്ഥാനാർഥിയായ ഐ.സി. ബാലകൃഷ്ണന് 78,936 വോട്ടുകൾ ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയ സി.പി.എം സ്ഥാനാർഥി എം.എസ്. വിശ്വനാഥന് 62,339 വോട്ടുകളാണ് ലഭിച്ചത്. ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥി എ.എസ്. കവിത 31,308 വോട്ടുകൾ നേടി. 1442 പേർ നോട്ട തെരഞ്ഞെടുത്തു. 16,597 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഐ.സി. ബാലകൃഷ്ണൻ വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

