ഗ്രീൻ സോൺ കൈവിട്ടു; വയനാട്ടിൽ വീണ്ടും കോവിഡ്
text_fieldsകൽപറ്റ: ഒരു മാസത്തിനുശേഷം വയനാട്ടിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മാനന്തവാടി കുറുക്കന്മൂല പ്രാഥമികാരോഗ്യ കേന്ദ്രം പരിധിയിലെ 52കാരനായ ലോറി ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തെ മാനന്തവാടി കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ഗ്രീൻ സോണിലുണ്ടായിരുന്ന വയനാട് ഓറഞ്ച് സോണിലേക്ക് മാറി. 32 ദിവസത്തിനിടെ ജില്ലയിൽ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഏപ്രിൽ 18ന് ചെന്നൈയിലേക്ക് പോയ ഇദ്ദേഹം 26നാണ് തിരിച്ചെത്തിയത്. ചെന്നൈയിൽ നിന്നെത്തിയതിനാൽ ഹൈ റിസ്ക് വിഭാഗത്തിലായിരുന്നു.
നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിെൻറ സാമ്പിൾ, റാൻഡം ടെസ്റ്റിെൻറ ഭാഗമായി 29ന് ശേഖരിച്ച് പരിശോധനക്ക് അയച്ചു. ശനിയാഴ്ചയാണ് പരിശോധന ഫലം വന്നത്. ലോറിയിലെ സഹായി ഉൾപ്പെടെ ആറുപേരാണ് പ്രൈമറി സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ സഹായിയുടെ ഫലം നെഗറ്റിവാണ്. കുടുംബത്തിലെ അഞ്ചുപേരുടെ ഫലം ലഭിക്കാനുണ്ട്.ജില്ലയില്‍ ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. മൂന്നുപേര്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയിരുന്നു. നിലവിൽ ജില്ലയിൽ 790 പേരാണ് നിരീക്ഷണത്തിലുള്ളത്. ഗ്രീൻ സോണിലായിരുന്നെങ്കിലും ഓറഞ്ച് സോണിലെ ഇളവുകൾതന്നെയാണ് ജില്ലയിൽ അനുവദിച്ചിരുന്നത്.
അതിനാൽതന്നെ പ്രത്യേക നിയന്ത്രണങ്ങളൊന്നും ജില്ലയിൽ നടപ്പാക്കില്ല. അതേസമയം, രോഗം സ്ഥിരീകരിച്ച മേഖല ഹോട്സ്പോട്ട് പട്ടികയിൽ ഇടംപിടിച്ചേക്കും. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധന ഫലം പുറത്തുവരാനുണ്ട്. കോവിഡ്19 രോഗ പ്രതിരോധത്തിെൻറ ഭാഗമായി ശനിയാഴ്ച ജില്ലയില്‍ 49 പേരെ കൂടി നിരീക്ഷണത്തിലാക്കി. 97 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളത് 790 പേരാണ്. ആശുപത്രിയില്‍ 10 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍നിന്നു ഇതുവരെ പരിശോധനക്ക് അയച്ചത് 432 സാമ്പിളുകളാണ്. 13 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 14 ചെക്പോസ്റ്റുകളിലെ 1,848 വാഹനങ്ങളിലായി എത്തിയ 3,044 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കി. ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ജില്ലയിൽ 43 കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തു. മുഖാവരണം ധരിക്കാത്തതിന് 18 പേർക്കെതിരെയും കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
