വയനാട് ദുരന്തം: പിരിച്ച പണം കോൺഗ്രസ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നു -എം. സ്വരാജ്
text_fieldsകൊച്ചി: വയനാട് ദുരന്ത ഇരകളുടെ മൃതദേഹങ്ങൾ കാണിച്ച് പിരിച്ചെടുത്ത പണം കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദുരന്തത്തെ അവസരമാക്കി പണം പിരിച്ച് അത് മോഷ്ടിക്കുകയായിരുന്നു. മോഷ്ടാക്കളുടെ ധാർമികത പോലും തൊട്ടുതീണ്ടിയില്ലാത്ത കേരള രാഷ്ട്രീയത്തിലെ ശവംതൂക്കാണ് കോൺഗ്രസ്. വയനാട് ദുരന്തത്തെ മറയാക്കി എത്ര തുക പിരിച്ചെന്നും അത് ഏത് അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും കോൺഗ്രസ് പറയണം. വയനാട് ദുരന്തബാധിതർക്കായുള്ള വീടിന്റെ നിർമാണം തുടങ്ങിയെന്നാണ് വി.ഡി. സതീശൻ പറഞ്ഞത്. എന്നാൽ, ഒരുപണിയും ആരംഭിച്ചിട്ടില്ലെന്നും കെട്ടിട നിർമാണത്തിന് തദ്ദേശ സ്ഥാപനത്തിൽ അപേക്ഷ പോലും നൽകിയിട്ടില്ലെന്നും വ്യക്തമായി. സർക്കാറിനോട് കോൺഗ്രസ് ഭൂമി ആവശ്യപ്പെട്ടിട്ടില്ല. ഭൂമി കൊടുക്കുമെന്ന് സർക്കാറും പറഞ്ഞിട്ടില്ല. ഇല്ലാത്ത കാര്യങ്ങളാണ് ന്യായങ്ങളായി ഉന്നയിക്കുകയാണ്.
കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടന്നപ്പോൾ കോൺഗ്രസ് നേതാവ് കെ.വി. തോമസിനെ സെമിനാറിലേക്ക് ക്ഷണിച്ചപ്പോൾ മൂന്നാം ലോകയുദ്ധമുണ്ടായപോലെ കോൺഗ്രസ് പ്രതികരിച്ചു.
സി.പി.എമ്മിന്റെ സെമിനാറിൽ പങ്കെടുക്കാൻ പാടില്ലെന്ന് നിലപാടെടുക്കുന്നവർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ന്യായം എന്താണ്. ഏത് നിറത്തിലുള്ള വർഗീയവാദികളുടെയും വോട്ട് വേണ്ടെന്നാണ് സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും നയം. മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാർഥി പിൻവാങ്ങിയത് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ സമ്മർദത്തിലാണെന്നും സ്വരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

