ഒടുവിൽ അവധിക്കാല അധ്യാപക പരിശീലനത്തിന് വഴിതെളിഞ്ഞു
text_fieldsതൊടുപുഴ: കേന്ദ്ര ഫണ്ടിലെ പ്രതിസന്ധിയും സംസ്ഥാനത്തെ ഭരണമാറ്റവും മൂലം അനിശ്ചിതത്വത്തിലായ അവധിക്കാല അധ്യാപക പരിശീലനത്തിന് വഴിതെളിഞ്ഞു. ഇതിന്റെ ഭാഗമായി പരിശീലനത്തിന് മുന്നോടിയായുളള മൊഡ്യൂൾ നിർമാണം വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ വിവിധ ഡയറ്റുകളിൽ നടക്കും. സംസ്ഥാന തല എസ്.ആർ.ജി പരിശീലനം 18 ന് രാവിലെ 10 മുതൽ 1 വരെ ഒൺലൈനായാണ് നടക്കുന്നത്. ഇതോടൊപ്പം ഡി.ആർ.ജി ആസൂത്രണവും ഇത്തവണ ഒൺലൈനാണ്. ഇത് 18 ന് ഉച്ചക്ക് 2 മുതൽ 4 വരെയാണ്. അധ്യാപകർക്കുളള ജില്ല തല പരിശീലനം 19,20 തീയതികളിൽ എസ്.എസ്.കെയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടക്കും. അധ്യാപക ശാക്തീകരണത്തിന്റെ ആസൂത്രണ പരിപാടി 21ന് ഒൺലൈനായും ഒന്നാംഘട്ട പരിശീലനം 22,23 തീയതികളിലും രണ്ടാം ഘട്ടം 25,26 തീയതികളിലും ഉപജില്ല തലങ്ങളിൽ നടക്കും.പി.എം.ശ്രീയിൽ ഒപ്പിടാത്തതിനെ തുടർന്ന് കേന്ദ്ര ഫണ്ടിലെ പ്രതിസന്ധിമൂലമാണ് ഇത്തവണത്തെ അവധിക്കാല അധ്യാപക പരിശീലനം പ്രതിസന്ധിയിലായത്.
ഇതോടൊപ്പം സംസ്ഥാനത്തെ ഭരണ മാറ്റം മൂലം നിലവിൽ വിദ്യാഭ്യസ വകുപ്പിലെ വിവിധ പദ്ധതികളുടെ ചുമതലക്കാരായിരുന്ന ഇടത് അനുകൂല അധ്യപകരും സംഘടന നേതാക്കളും കളമൊഴിഞ്ഞതും പരിശീലന നടത്തിപ്പിൽ പ്രതിസന്ധി രൂക്ഷമാക്കി. സാധാരണ ഗതിയിൽ ഏപ്രിൽ അവസാന തലത്തിൽ സംസ്ഥാന തലത്തിൽ എസ്.ആർ.ജി പരിശീലനവും തുടർന്ന് ജില്ല-ഉപജില്ലതലങ്ങളിലും അധ്യാപക പരിശീലനങ്ങൾ ഓഫ് ലൈനായാണ് നടന്നിരുന്നത്. എന്നാൽ ഇത്തവണ സമയക്കുറവും സാമ്പത്തിക പ്രതിസന്ധിയും മൂലം എസ്.ആർ.ജി പരിശീലനം അടക്കം പലപരിപാടികളും ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്. ഇതേസമയം സാമ്പത്തീക പ്രതിസന്ധിയെ തുടർന്ന് അധ്യാപക പരിശീലന പദ്ധതിയുടെ അടക്കം നടത്തിപ്പുകാരായ എസ്.എസ്.കെയിലെ ആറായിരത്തോളം ജീവനക്കാരുടെ ഏപ്രിലിലെ ശമ്പളം മുടങ്ങിയിട്ടുമുണ്ട്. പി.എം ശ്രീയിലൊപ്പിടാതെ ഫണ്ട് നൽകില്ലെന്ന നിലപാട് കേന്ദ്രം വീണ്ടും അറിയിച്ച സാഹചര്യത്തിൽ ഇത് സംബന്ധിച്ച പുതിയ സർക്കാറിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിലപാട് നിർണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

