കൊച്ചിയിൽ ജലസംഭരണി തകർന്നു; വീടുകളിൽ വെള്ളം കയറി, കുടിവെള്ളം മുടങ്ങി
text_fieldsകൊച്ചി: കൊച്ചിയിൽ ജലസംഭരണി തകർന്ന് വീടുകളിൽ വെള്ളം കയറി. തിങ്കളാഴ്ച പുലർച്ചെയോടെയാണ് തമ്മനത്തെ ജലസംഭരണി തകർന്നത്. 1.35 കോടി ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയാണ് തകർന്നത്. തകരുന്ന സമയത്ത് ജലസംഭരണിയിൽ 80 ശതമാനത്തോളം വെള്ളമുണ്ടായിരുന്നുവെന്നാണ് വിവരം.
സംഭവത്തെ തുടർന്ന് ടാങ്കിനടുത്തുള്ള 10 വീടുകളിൽ വെള്ളം കയറി. വാഹനങ്ങൾ ഒലിച്ച് പോവുകയും ചെയ്തിട്ടുണ്ട്. വെളളംകയറിയ വീടുകളിൽ വലിയ രീതിയിൽ ചെളിയും അടിഞ്ഞുകൂടിയിട്ടുണ്ട്. വീടുകളിലെ ഗൃഹോപകരണങ്ങൾ ഉൾപ്പടെ തകരാറിലിട്ടുണ്ട്.
രണ്ട് ക്യാബിനുള്ള ജലസംഭരണിയാണ് തമ്മനത്തേത്. ഇതിൽ ഒരു കാബിനിന്റെ ഭിത്തിയാണ് തകർന്നത്. കൊച്ചി കോർപറേഷനിലെ 45ാം ഡിവിഷനിലെ ജലസംഭരണിയാണ് തകർന്നത്. ജലസംഭരണി തകർന്നതിനെ തുടർന്ന് കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും. നിലവിലുള്ള ടാങ്കിൽ അറ്റകൂറ്റപ്പണികൾ നടത്തി പ്രശ്നം പരിഹരിക്കാനാണ് വാട്ടർ അതോറിറ്റി ശ്രമിക്കുന്നത്.
അതേസമയം, ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് എറണാകുളത്ത് എത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് ആളുകൾക്കുണ്ടായ നഷ്ടം വിലയിരുത്തി നഷ്ടപരിഹാരം നിശ്ചയിക്കുമെന്ന് ജില്ലാ കല്കടർ അറിയിച്ചു. അപകടത്തിൽ ആർക്കും ജീവൻ നഷ്ടമാവാത്തത് ആശ്വാസകരമാണെന്നും ജില്ലാ കലക്ടർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

