വാട്ടര്‍മെട്രോ കൊച്ചി വിമാനത്താവളത്തിലേക്ക്; പ്രാരംഭ സാധ്യത പഠനം ആരംഭിച്ചു
text_fieldsകൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ ആലുവയില്‍ നിന്ന് സിയാല്‍ വിമാനത്താവളത്തിലേക്ക് സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച സാധ്യത പഠനം നടത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആരംഭിച്ചു. പ്രാരംഭ പഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മറ്റി പ്രവര്‍ത്തനം തുടങ്ങി.
ഒരു മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും. കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കും പ്രാന്ത പ്രദേശങ്ങളിലേക്കും വാട്ടര്‍മെട്രോ സര്‍വ്വീസ് ആരംഭിക്കണമെന്ന പൊതുജനങ്ങളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. കൊച്ചി മെട്രോയെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന സമാന്തര ഗതാഗത മാര്‍ഗമായി വികസിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആദ്യം ഈ റൂട്ടാണ് പരിഗണിക്കുന്നത്. കൊച്ചി മെട്രോക്കും സിയാലിനും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും ഗതാഗത തടസം മൂലം യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ട് കുറയ്ക്കാനും വാട്ടര്‍ മെട്രോക്ക് കഴിയുമെന്നും പ്രതീക്ഷിക്കുന്നു.
പ്രാരംഭ പഠനത്തിന്റെ ഭാഗമായി ഏതുതരം ബോട്ടാണ് ഇവിടെ സർവീസ് നടത്താന്‍ സാധ്യയുള്ളത് എന്ന് പഠിക്കും. കണക്ടിവിറ്റി ഏതൊക്കെ മാര്‍ഗത്തിലാകണം എന്നതും വിശദ പഠനത്തിന് വധേയമാക്കും. ആലുവ സ്റ്റേഷനുമായും എയര്‍പോര്‍ട്ടുമായും ഏതുതരത്തിലാണ് ബന്ധിപ്പിക്കാനാകുക, അതിന് നിലവില്‍ സാധ്യമായ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്, എയര്‍ വോക്ക് വേയാണോ ഉപകാരപ്രദം തുടങ്ങിയവയും പഠനത്തിന് വിധേയമാക്കും. ഏകദേശം എട്ട് കിലോമീറ്ററാണ് ആലുവയില്‍ നിന്ന് പെരിയാറിലൂടെ വിമാനത്താവളത്തിലേക്കുള്ള ദൂരം. ആലുവയില്‍ നിന്ന് ആരംഭിച്ച് എയര്‍പോര്‍ട്ടില്‍ അവസാനിക്കുന്ന പോയിന്റ് ടു പോയിന്റ് സർവീസാണോ ഇടയ്ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതാണോ അഭികാമ്യം, എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണം തുടങ്ങിയ കാര്യങ്ങളും പ്രാരംഭ സാധ്യത പഠനത്തിന്റെ ഭാഗമായി പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

