Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അണക്കെട്ടുകളിൽ ജലനിരപ്പ് ഏറ്റവും താഴ്ന്ന നിലയിൽ; സംഭരണ ശേഷിയുടെ 29.22 ശതമാനം വെള്ളം മാത്രം

text_fields
bookmark_border
Dam Water Level
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് അഞ്ചുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. ഈ വർഷത്തെ അമിതമായ വൈദ്യുതി ഉൽപാദനമാണ് താഴ്ന്ന ജലനിരപ്പിന് കാരണമായത്. ജൂൺ ഒന്നു മുതൽ മഴ എത്തുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ഇ.ബി. അതോടെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നുതുടങ്ങുകയും വൈദ്യുതി ഉപയോഗം ഗണ്യമായി കുറയുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. അതുവരെ പിടിച്ചുനിൽക്കാനാണ് ശ്രമം നടത്തുന്നത്.

നിലവിൽ എല്ലാ അണക്കെട്ടുകളിലുമായി മൊത്തം സംഭരണ ശേഷിയുടെ 29.22 ശതമാനം വെള്ളമാണ് വ്യാഴാഴ്ചയുള്ളത്. 1209.870 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമാണിത്. കഴിഞ്ഞ വർഷം ഇതേസമയം 1588.790 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാനുള്ള വെള്ളം ഉണ്ടായിരുന്നു. ഇതിലും താഴെ ജലനിരപ്പ് രേഖപ്പെടുത്തിയത് 2016ൽ മാത്രമാണ് (819.184 ദശലക്ഷം യൂനിറ്റ്). നിലവിൽ 1209.870 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമുണ്ടെങ്കിലും 650 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാനുള്ള വെള്ളം കരുതൽ ശേഖരമായി മാറ്റിവക്കേണ്ടതുണ്ട്. അവശേഷിക്കുന്നതുകൊണ്ട് 560 ദശലക്ഷം യൂനിറ്റാണ് ഉൽപാദിപ്പിക്കാനാവുക. മഴ എത്താൻ വൈകിയാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും.

ഏറ്റവും വലിയ അണക്കെട്ടുകളായ ഇടുക്കിയിൽ 30.90 ശതമാനവും കക്കിയിൽ 27.02 ശതമാനവും ഇടമലയാറിൽ 28.17 ശതമാനവും വെള്ളമാണുള്ളത്. സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപയോഗത്തിന്‍റെ 25 ശതമാനത്തോളം മാത്രമാണ് സംസ്ഥാനത്ത് ഉൽപാദിപ്പിക്കാൻ കഴിയുന്നത്. മഴക്കാലമായ ജൂൺ, ജൂലൈ മാസങ്ങളിൽ അണക്കെട്ടുകളിൽ സംഭരിക്കുന്ന വെള്ളം വൈദ്യുതിയുടെ ആവശ്യം അനുസരിച്ച് അൽപാൽപമായി ഉപയോഗിച്ചും പുറത്തുനിന്ന് വിലകുറഞ്ഞ വൈദ്യുതി ലഭിക്കുന്ന അവസരങ്ങളിൽ ഉപയോഗപ്പെടുത്തി ഉൽപാദനം നിയന്ത്രിച്ചുമൊക്കെയാണ് സംസ്ഥാനം കാര്യമായ വൈദ്യുതി പ്രതിസന്ധിയില്ലാതെ ഇത്രനാൾ പിടിച്ചുനിന്നത്.

കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിൽ ആവശ്യമായതിന്‍റെ 50 ശതമാനത്തിലേറെ വൈദ്യുതിയും ഇവിടുത്തെ വെള്ളം ഉപയോഗിച്ച് ഉൽപാദിപ്പിച്ചു. ഇത്രത്തോളം ഉൽപാദനം നടന്നതാണ് ഇപ്പോൾ ജലനിരപ്പ് അഞ്ചുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്താൻ കാരണമായത്. ബുധനാഴ്ച സംസ്ഥാനത്ത് 112.71 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. അതിൽ 27.74 ദശലക്ഷം യൂനിറ്റ് മാത്രമാണ് സംസ്ഥാനത്ത് ഉൽപാദിപ്പിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Water levels in dams at lowest level
Next Story