മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 135 അടിയിലെത്തി; നാളെ തുറന്നേക്കുമെന്ന് തമിഴ്നാട്, അവസാനം തുറന്നത് 2022ൽ, പെരിയാർ തീരത്ത് ജാഗ്രത നിർദേശം
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 135 അടിയാണ് ജലനിരപ്പ്. 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടർ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാൻ സാധ്യത ഉണ്ടെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട ജാഗ്രതാ നിർദേശം ഇടുക്കി ജില്ല ഭരണകൂടത്തിന് തമിഴ്നാട് നൽകിയിട്ടുണ്ട്.
പെരിയാർ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം എന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. 2022 ആഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. ഇടുക്കിയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറവുണ്ടെങ്കിലും ഇടവിട്ട് മഴ തുടരുകയാണ്.
നിലവിലെ റൂൾകർവ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് ജൂൺ 30 വരെ സംഭരിക്കാനാകുക. സെക്കൻഡിൽ 6100 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നു. 135 അടിയിൽ താഴെയാണ് ജലനിരപ്പെന്നതിനാൽ തമിഴ്നാടിന് പരമാവധി 2000 ഘനയടിവരെ വെള്ളം വൈഗയിലേക്ക് കൊണ്ടുപോകാം. നിലവിൽ 1860 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.
അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് 2368.06 അടിയായി ഉയർന്നിട്ടുണ്ട്. പാലക്കാട് മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് തുറക്കും. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രാവിലെ 10 മണിക്കാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുക . നിലവിൽ 111 . 24 മീറ്ററാണ് മലമ്പുഴ ഡാമിൻ്റെ ജലനിരപ്പ് . 115.06 മീറ്റർ വരെ ജലം സംഭരിക്കാൻ കഴിയും. കഞ്ഞീരപ്പുഴ , മംഗലം ഡാം , മീങ്കര ഡാം ,ശിരുവാണി ഡാം എന്നിവയുടെ ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്.
സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. ഇന്ന് അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് 9 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെയും നിലമ്പൂർ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

