ഇടുക്കിയിൽ ജലനിരപ്പ് താഴ്ന്നു: വെള്ളത്തിൽ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായി
text_fieldsമൂലമറ്റം: ഇടുക്കി അണക്കെട്ട് നിർമാണം പൂർത്തിയായതോടെ വെള്ളത്തിൽ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായി. അണക്കെട്ടിലെ ജലനിരപ്പ് 14 ശതമാനത്തിൽ എത്തിയതോടെയാണ് 2000ത്തിലധികം കുടുംബങ്ങൾ അധിവസിച്ചിരുന്ന വെള്ളത്തിൽ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായത്. ചെറിയ കടകളും മറ്റും ഉണ്ടായിരുന്ന അക്കാലത്തെ പ്രധാന കേന്ദ്രമായിരുന്നു വൈരമണി.
സമീപ ഗ്രാമപ്രദേശങ്ങളായ കുതിരകുത്തി, മന്ന, കയനാട്ടുപാറ, വേങ്ങാനം, പുരുളി, കടാവർ, മുത്തിക്കണ്ടം, നടയ്ക്കവയൽ ഗ്രാമങ്ങളുടെ വാണിജ്യ കേന്ദ്രമായിരുന്നു വൈരമണി. കുളമാവിൽനിന്നു കട്ടപ്പനക്ക് പോകുന്നവരുടെ ഇടത്താവളവുമായിരുന്നു. 1974ൽ ഇടുക്കി ഡാമിന്റെ റിസർവോയറിൽ വെള്ളം നിറച്ചപ്പോഴാണ് ഗ്രാമം വിസ്മൃതിയിലായത്. അണക്കെട്ടിന്റെ നിർമാണത്തിനായി ഈ കുടുംബങ്ങളെ വണ്ണപ്പുറം, ചാലക്കുടി, മഞ്ഞപ്ര, കോരുത്തോട്, ചേലച്ചുവട് പ്രദേശങ്ങളിലാണ് കുടിയിരുത്തിയത്.
ഒരു കുടുംബത്തിന് മൂന്ന് ഏക്കർ വീതം സ്ഥലമാണ് നൽകിയിരുന്നത്. മൊട്ടക്കുന്നുകൾക്ക് ഇടയിലൂടെയുള്ള ഈ വഴിയുടെ അവശിഷ്ടങ്ങളും ഇപ്പോൾ കാണാം. വൈരമണിയിലെത്താൻ കുളമാവിൽനിന്ന് റിസർവോയറിലൂടെ മുക്കാൽ മണിക്കൂർ വള്ളത്തിൽ സഞ്ചരിക്കണം.
വൈരമണിയുടെ പേരിൽ ഇപ്പോൾ ശേഷിക്കുന്നത് വൈരമണി ഫോറസ്റ്റ് സ്റ്റേഷൻ മാത്രം. കുളമാവ് ഫോറസ്റ്റ് സ്റ്റേഷൻ വൈരമണി ഫോറസ്റ്റ് സ്റ്റേഷനായാണ് രേഖകളിലുള്ളത്. 100 വർഷത്തിലധികം പഴക്കമുള്ള സെന്റ് തോമസ് പള്ളി, വീടുകളുടെയും കടകളുടെയും തറകൾ തുടങ്ങി വൈരമണി ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ജലനിരപ്പ് താഴ്ന്നാൽ പ്രത്യക്ഷമാകും.സെന്റ് തോമസ് പള്ളി പിന്നീട് സെന്റ് മേരീസ് പള്ളി എന്ന പേരിൽ കുളമാവിലേക്കു മാറ്റിസ്ഥാപിച്ചു. വൈരമണിയിൽ അഞ്ചാംക്ലാസ് വരെയുള്ള സർക്കാർ വിദ്യാലയമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

