ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് താഴുന്നു
text_fieldsഇടുക്കി കുളമാവ് ഡാമിൽ ജലനിരപ്പ് താഴ്ന്ന നിലയിൽ
തൊടുപുഴ: വേനൽ കടുത്തതോടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ താഴുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒമ്പത് അടിയോളം ജലത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കടുത്ത വേനലിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വളരെ വേഗം താഴുന്നത് സംസ്ഥാനത്തിന്റെ ഊർജ മേഖലയെ ആശങ്കയിലാക്കുന്നു. വേനൽ മഴ കാര്യമായി ലഭിക്കാത്തതും ജില്ലയിൽ അനുഭവപ്പെടുന്ന കടുത്ത ചൂടും സ്ഥിതിഗതികൾ വഷളാക്കുന്നു.
കഴിഞ്ഞ വർഷം ഇതേ സമയം 2347.56 അടിയായിരുന്നു ജലനിരപ്പ്. എന്നാൽ, ഇന്ന് അത് 2338 അടിയിലേക്ക് താഴ്ന്നു. ഡാമിലേക്കുള്ള പ്രധാന നീരൊഴുക്കുകൾ പലതും ഇതിനകം വറ്റിത്തുടങ്ങി. ഉയർന്ന താപനില കാരണം ജലം വേഗത്തിൽ ബാഷ്പീകരിക്കപ്പെടുന്നതും ജലനിരപ്പ് വേഗത്തിൽ താഴാൻ കാരണമാകുന്നു. ഇത് അണക്കെട്ടിന്റെ സംഭരണ ശേഷിയെ സാരമായി ബാധിച്ചിട്ടുണ്ട്.
മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉൽപാദനത്തെയും ഈ സാഹചര്യം നേരിട്ട് ബാധിക്കാൻ സാധ്യതയുണ്ട്. നിലവിൽ ഉൽപാദനം തുടരുന്നുണ്ടെങ്കിലും, ജലനിരപ്പ് ഇനിയും താഴ്ന്നാൽ വരും മാസങ്ങളിൽ ഉൽപാദനം കുറക്കേണ്ടിവരും.
ഇത് സംസ്ഥാനത്തെ മൊത്തം വൈദ്യുതി വിതരണത്തെ ബാധിച്ചേക്കാം. വേനൽമഴ എത്താൻ വൈകിയാൽ സ്ഥിതി കൂടുതൽ വഷളാകും. വരാനിരിക്കുന്ന മാസങ്ങളിൽ ജലനിരപ്പ് ഇനിയും താഴാനാണ് സാധ്യതയെന്ന് കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കുന്നു. ചുരുക്കത്തിൽ, വേനൽ മഴ കനിഞ്ഞില്ലെങ്കിൽ കേരളം കടുത്ത വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനയാണ് അധികൃതർ നൽകുന്നത്.
സംസ്ഥാനത്ത് വേനൽ മഴയിൽ 36 ശതമാനത്തിന്റെ കുറവ്
സംസ്ഥാനത്ത് വേനൽ മഴയിൽ 36 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. മാർച്ച് ഒന്നു മുതൽ ഏപ്രിൽ 18 വരെയുള്ള കണക്കുകൾ പ്രകാരം 92.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിയിരുന്നതാണ്. എന്നാൽ, ലഭിച്ചത് 59.1 മില്ലിമീറ്റർ മഴ മാത്രമാണ്. കണ്ണൂർ, കാസർകോട്, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴയിൽ ഗണ്യമായ കുറവാണ് ഉള്ളത്. കോഴിക്കോട് ജില്ലയിൽ മാത്രം അധിക മഴ ലഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 62 ശതമാനം മഴക്കുറവുണ്ട്. ആലപ്പുഴ -43, എറണാകുളം -48, ഇടുക്കി -51, കൊല്ലം- 53, കോട്ടയം- 24, മലപ്പുറം- 56, പാലക്കാട് -62, തിരുവനന്തപുരം -43, തൃശൂർ -45, വയനാട്- 50 ശതമാനത്തിന്റെ കുറവുമാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

