ഭൂജലവകുപ്പിന് കടിഞ്ഞാൺ; ഡയറക്ടർക്കടക്കം പെരുമാറ്റച്ചട്ടം
text_fieldsകൊച്ചി: സംസ്ഥാന ഭൂജല വകുപ്പിെൻറ പ്രവർത്തനങ്ങൾക്ക് സർക്കാറിെൻറ കടിഞ്ഞാൺ. ദൈനംദിന പ്രവർത്തനങ്ങൾ സംബന്ധിച്ചും വകുപ്പ് തലവനെതിരെയും വിവിധ കോണുകളിൽനിന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. അഴിമതി തടയാനും പ്രവർത്തനങ്ങൾ സുതാര്യമാക്കാനും ഡയറക്ടറടക്കമുള്ള ജീവനക്കാർക്ക് കർശന മാർഗനിർദേശം നൽകി. നടപടിക്രമങ്ങൾ ഒാൺലൈനാക്കാനും നിർദേശമുണ്ട്.
ഭൂജല വകുപ്പ് ജീവനക്കാർ കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തുന്നതായും അപേക്ഷകളിൽ നടപടി സുതാര്യമല്ലെന്നുമായിരുന്നു പ്രധാന പരാതി. ഇതു പരിഹരിക്കാനാണ് മന്ത്രി മാത്യു ടി. തോമസിെൻറ നിർദേശപ്രകാരം മാർഗനിർദേശം പുറപ്പെടുവിച്ചത്. യോഗങ്ങൾ, തെളിവെടുപ്പ്, ഫീൽഡ്-ഒാഫിസ് ഡ്യൂട്ടികൾ, ടൂർ എന്നിവയടക്കം ഡയറക്ടറുടെ ഒാരോ ദിവസത്തെയും ചുമതലകൾ സംബന്ധിച്ച വ്യക്തമായ പ്രതിമാസ റിപ്പോർട്ട്, തീയതിയും സമയവും സഹിതം അടുത്തമാസം അഞ്ചിനകം സർക്കാറിന് സമർപ്പിക്കണം. ഡയറക്ടറുടെ ഒാരോ ദിവസത്തെയും പ്രവർത്തനങ്ങൾ അതതു ദിവസം രാവിലെ ഒാഫിസിന് പുറത്ത് നോട്ടീസ് ബോർഡിൽ പൊതുജനങ്ങൾ കാണത്തക്കവിധം പ്രദർശിപ്പിക്കണം. ഡയറക്ടറുടെയും ജീവനക്കാരുടെയും ദൈനംദിന ചുമതലകളുടെ വിവരങ്ങൾ ഭൂജല വകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.
ജീവനക്കാരുടെ ഫീൽഡ് ഡ്യൂട്ടി വിവരങ്ങൾ സ്ഥലവും തീയതിയും സമയവും സഹിതം ദിവസവും ഒാഫിസിന് പുറത്ത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും വെബ്സൈറ്റിൽ ചേർക്കുകയും വേണം. ജീവനക്കാർ തങ്ങളുടെ പ്രവർത്തനങ്ങളുടെ വിശദ പ്രതിമാസ റിപ്പോർട്ട് തൊട്ടടുത്ത മാസം അഞ്ചിനകം ഡയറക്ടർക്ക് സമർപ്പിക്കണം. ഡയറക്ടർ ഇതു ഫയലാക്കി സൂക്ഷിക്കുകയും പരാതി ലഭിക്കുന്ന പക്ഷം അനുബന്ധ റിപ്പോർട്ട് സഹിതം സർക്കാറിന് സമർപ്പിക്കുകയും വേണം. അപേക്ഷ സ്വീകരിക്കുന്നതു മുതൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതുവരെയുള്ള നടപടി ഒാൺലൈനാക്കണം. അപേക്ഷകളിലെ തുടർനടപടി വിവരം അപ്പപ്പോൾ വെബ്സൈറ്റിൽ നൽകുകയും അപേക്ഷകർക്ക് മൊബൈൽ സന്ദേശമായി ലഭ്യമാക്കുകയും വേണം. നിർദേശങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് ഭൂജല ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
