ജലദുരന്തം
text_fieldsജോൺസൺ, അലോഷ്യസ്, ജിസ് മോൾ, സെബിൻ, അനില, ഷൺമുഖം, തിരുപ്പതി
നെടുങ്കണ്ടം/വെള്ളൂർ/പാലക്കാട്: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി ആറു വിദ്യാർഥികളടക്കം ഏഴു പേർക്ക് വെള്ളത്തിൽ മുങ്ങി ദാരുണാന്ത്യം. കോട്ടയം വെള്ളൂരിൽ ബന്ധുക്കളായ മൂന്നുപേരും പാലക്കാട് വാളയാർ ഡാമിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേരും ഇടുക്കി നെടുങ്കണ്ടത്ത് രണ്ടു പേരുമാണ് മരിച്ചത്.
വെള്ളൂരിൽ മൂവാറ്റുപുഴയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കളായ ഒമ്പതംഗ സംഘത്തിലെ തൃപ്പൂണിത്തുറ അരയൻകാവ് തോട്ടറ മുണ്ടക്കൽ ജോൺസൺ (56), സഹോദരൻ ജോബിയുടെ മകളും യു.കെയിൽ വിദ്യാർഥിനിയുമായ ജിസ് മോൾ (16), ജോൺസന്റെ സഹോദരി സുനിയുടെ മകൻ അലോഷ്യസ് (16) എന്നിവരാണ് മരിച്ചത്. ആറുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ 11.20 നായിരുന്നു സംഭവം.
ജിസ്മോളും അനിയത്തി ജുവലും ഒഴുക്കിൽപെട്ടതുകണ്ട ജോൺസൻ വെള്ളത്തിൽ ചാടുകയായിരുന്നു. ജുവലിനെ രക്ഷിച്ചെങ്കിലും ജിസ് മോൾ മുങ്ങിത്താണു. ഇതിനിടെ അലോഷ്യസും ഒഴുകിപ്പോയി. ജോൺസന് നീന്തൽ അറിയാമായിരുന്നെങ്കിലും ചുഴിയിൽ അകപ്പെടുകയായിരുന്നു. പിതാവിന്റെയും മാതാവിന്റെയും കൺമുന്നിലായിരുന്നു ജിസ്മോൾ മുങ്ങിത്താഴ്ന്നത്. യു.കെയിലായിരുന്ന ജോബിയും കുടുംബവും ബന്ധുവിന്റെ മരണത്തോടനുബന്ധിച്ചാണ് 10 ദിവസം മുമ്പ് അരയൻകാവിലെ വീട്ടിലെത്തിയത്.
വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ കോയമ്പത്തൂർ ധനലക്ഷ്മി ശ്രീനിവാസൻ കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥികളായ ആർ. തിരുപ്പതി (20), ജെ. ഷൺമുഖം (18) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം അപകടത്തിൽപെട്ട തൂത്തുക്കുടി സ്വദേശി വിഷ്ണുകുമാറിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചക്ക് 12ഓടെയാണ് അപകടം. തമിഴ്നാട് അതിർത്തിയായ നവക്കര മാവുത്താംപട്ടി വഴിയാണ് വിദ്യാർഥികൾ സംഘമായി ഡാമിലെത്തിയത്. മടങ്ങുംവഴി കുളിക്കാനിറങ്ങുന്നതിനിടെ മണലെടുത്ത കുഴിയിൽ മുങ്ങിത്താഴുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിനു സമീപമുള്ള ജലാശയത്തിലാണ് രണ്ടു വിദ്യാർഥികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സജി തോമസിന്റെ മകൻ സെബിൻ (19), പാമ്പാടുംപാറ ആദിയാർപുരം കുന്നത്തുമല രവീന്ദ്രന്റെ മകൾ അനില (16) എന്നിവരാണ് മരിച്ചത്. അനില കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയും സെബിൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയുമാണ്. ശനിയാഴ്ച ഉച്ചക്കുശേഷമാണ് ഇരുവരും തൂവൽ വെള്ളച്ചാട്ടം കാണാൻ പോയത്. പെൺകുട്ടി തിരികെ എത്താതിരുന്നതിനാൽ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചിരുന്നു. വെള്ളച്ചാട്ടത്തിന് സമീപം ബൈക്ക് കണ്ടെത്തിയ വിവരം നാട്ടുകാർ പൊലീസിൽ അറിയിച്ചു. പരിശോധനയിൽ ചെരിപ്പുകൾ കണ്ടെത്തുകയും അർധരാത്രിയോടെ മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

