‘രാവിലെ തന്നെ എന്താ ചെളിവെള്ളത്തിൽ കളിക്കുന്നേ...’ -പിണറായിയെ ട്രോളി ജിന്റോ ജോണും ടീനയും
text_fieldsകൊച്ചി: പി.എം. ശ്രീ വിഷയത്തിൽ എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ ജലപീരങ്കിയിൽനിന്ന് ചെളിവെള്ളം ചീറ്റിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോണും ഭാര്യ ടീന ജിന്റോയും.
ബക്കറ്റിൽ കലക്കിയ ചെളിവെള്ളം കുപ്പിയിൽ നിറക്കുന്ന ജിന്റോ ജോണിനോണ് ‘രാവിലെ തന്നെ എന്താ ചെളിവെള്ളത്തിൽ കളിക്കുന്നേ?’ എന്ന് ടീന ചോദിക്കുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ഇതിന് പിണറായിയുടെ മറുപടി എന്ന തരത്തിലാണ് ജിന്റോ ട്രോളുന്നത്.
‘ഇതേ ഇന്നലെ നമ്മുടെ സമരം ചെയ്യാൻ പോയ സഖാക്കളുടെ ദേഹത്തേക്ക് ഒഴിച്ച വെള്ളമാണ്. ഇതൊന്ന് സഭയിൽ കാണിക്കണമല്ലോ. പാവപ്പെട്ട കുട്ടി സഖാക്കളുടെ മുഖത്തേക്ക് ചേർ നിറഞ്ഞ വെള്ളമാണോ ഒഴിക്കണേ? ഞങ്ങൾ കഴിഞ്ഞ പത്തു കൊല്ലം സമരക്കാർക്ക് നേരെ പനിനീരാ തളിച്ചുകൊണ്ടിരുന്നത്. മിനറൽ വാട്ടറിൽ പനിനീര് മിക്സ് ചെയ്തു തളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കൂടാതെ വണ്ടിക്ക് മുന്നിൽ ചാടുന്ന ചെറുപ്പക്കാരുടെ ജീവൻ രക്ഷിക്കാൻ രക്ഷാപ്രവർത്തനം നടത്തി. ഞങ്ങൾ ചെടിച്ചട്ടി കൊണ്ടും ഹെൽമറ്റ് കൊണ്ടും കമ്പിവടി കൊണ്ടും പട്ടിക കൊണ്ടും ഒക്കെ രക്ഷാപ്രവർത്തനം നടത്തി അവരെ രക്ഷിക്കുകയും പനിനീര് തളിച്ച് ശുദ്ധമാക്കുകയും ചെയ്തത് കഴിഞ്ഞ 10 വർഷക്കാലത്തെ ഞങ്ങളുടെ ഭരണത്തിലാണ്. അങ്ങനെയാണോ ഇപ്പോൾ? പാവപ്പെട്ട സഖാക്കന്മാർ സമരത്തിന് ചെല്ലുമ്പോൾ ചൊറിയുന്ന ചേറുകലർന്ന വെള്ളമൊഴിച്ചാൽ എങ്ങനെ ജനാധിപത്യ കേരളത്തിന് ക്ഷമിക്കാനാകും?’ -എന്നായിരുന്നു ജിന്റോയുടെ പരിഹാസം കലർന്ന മറുപടി.
‘നാട്ടുകാർ എന്തു പറയുന്നു എന്നുള്ളത് എന്റെ ഒരു പ്രശ്നമല്ല. പക്ഷെ ഞങ്ങൾ രാഷ്ട്രീയമായി ഈ ജനാധിപത്യ വിരുദ്ധ പ്രക്രിയയെ അപലപിക്കുകയാണ്. ചെറുപ്പക്കാർ സമരം ചെയ്യുമ്പോൾ ചെളിവെള്ളം കോരിയൊഴിച്ച് അവരുടെ ദേഹം അശുദ്ധമാക്കി അവരെ ചൊറിയാൻ വിട്ടുകൂട. കഴിഞ്ഞ പത്തു കൊല്ലമായിട്ട് ഞങ്ങൾ മഴയും വെയിലും കൊള്ളിക്കാതെ കാത്തുസൂക്ഷിച്ച, പുറത്തിറക്കാതെ വളർത്തിയ ഞങ്ങളുടെ കുട്ടി സഖാക്കന്മാർക്ക്
ഈ ചെളിവെള്ളം വീണ് ദേഹാസ്വാസ്ഥ്യം ഉണ്ടായാൽ, ചൊറിച്ചിൽ വന്നാൽ, അത് എനിക്ക് കൂടി ചൊറിയും. കാരണം ആപ്പീസുകൾ അടിച്ചു പൊളിക്കാനും കാർ തല്ലിപ്പൊളിക്കാനും കൊല്ലാക്കൊല ചെയ്യാനും മുട്ട എറിയാനും ഇഷ്ടിക എറിയാനും ആളെ കിട്ടാത്ത ഒരു കാലമാണ്. അപ്പോൾ ചെറുപ്പക്കാരുടെ ദേഹത്ത് ചെളിവെള്ളം എറിഞ്ഞാൽ ഞാൻ സഹിക്കൂല. എൻറെ പത്ത് വർഷക്കാലം പനിനീര് തളിച്ച് രക്ഷാപ്രവർത്തനം നടത്തിയാണ് ഞാൻ പൊലീസിനെ കൊണ്ടുനടന്നത്...’ -പിണറായിയെ പരിഹസിച്ച് ജിന്റോ പറഞ്ഞു.
‘പിണറായി കാലത്ത് ഞങ്ങളെ നനയിച്ചത് പനിനീരിലല്ല’
തല്ലിയും തുണികീറിയും പിണറായി കാലത്ത് ഞങ്ങളെ നനയിച്ചത് പനിനീരിലല്ല എന്ന് പുത്തൻക്കൂറ്റ് സഖാക്കളും ഒന്നറിയണമെന്നും ജിന്റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചു. ‘പൊലീസിന്റെ തല്ലുകൊണ്ട് വന്ന നീണ്ട വർഷങ്ങൾ മറക്കാവുന്നതല്ല. സമരങ്ങളും ലാത്തിച്ചാർജ്ജും ജയിലും ജലാപീരങ്കിയും ടിയർഗ്യാസ് ഷെല്ലും ഒക്കെയായി കാലം കുറേ നടന്നതല്ലേ. അതിൽ കഴിഞ്ഞ പത്ത് വർഷങ്ങൾ വിശേഷാൽ സംഭവ ബഹുലവുമാണ്. അന്നത്തെ മുഖ്യന്റെ ചെളിവെള്ളം കൊണ്ടുള്ള ഇന്നത്തെ ഇൻസ്റ്റല്ലേഷൻ ആർട്ട് നിയമസഭയിൽ അരങ്ങേറിയത് എന്തുകൊണ്ടും കാലത്തിന്റെ കാവ്യനീതിയാണ്. തല്ലിയും തുണികീറിയും പിണറായി കാലത്ത് ഞങ്ങളെ നനയിച്ചത് പനിനീരിലല്ല എന്ന് പുത്തൻക്കൂറ്റ് സഖാക്കളും ഒന്നറിയണം. പത്തുവർഷങ്ങൾ സമരമില്ലാതെ സൈബർ പോരാളികൾ മാത്രമായത് കൊണ്ടുള്ള പരിചയക്കുറവാണ് ഈ കുട്ടിസഖാക്കൾക്ക്.
മനുഷ്യർക്ക് കുടിക്കാൻ നേരാംവണ്ണം വെള്ളമില്ലാത്ത നാട്ടിൽ ചേറ് പറ്റിയ തുണിയലക്കാനും ചൊറിയാനും സമയമുള്ളവർ മാത്രം സമരത്തിന് ഇറങ്ങിയാൽ മതി. പിണറായി കാലത്ത് ചുമ്മാതിരുന്ന് ദുർമേദസ് വന്നതിന്റെ സുഖം തെരുവിൽ ഉണ്ടാകില്ല. മുദ്രാവാക്യം മറന്ന്, ഒന്ന് മുരടനക്കുക പോലും ചെയ്യാതെ വെറുതെയിരുന്ന് വാതം പിടിച്ചവർ ഇനിയൊന്ന് ദേഹമനക്കുന്നത് രക്തയോട്ടത്തിന് നല്ലതാണ്.
ചെറുപ്പക്കാരുടെ തലതല്ലി കൊല്ലാൻ നോക്കുന്നതിനെ രക്ഷാപ്രവർത്തനം എന്ന് പറഞ്ഞ് ഇളിച്ചുകാണിച്ച മനുഷ്യമൃഗങ്ങളുടെ കലങ്ങിയ കുപ്പിവെള്ളം കൊണ്ടുള്ള നാടകത്തിന് പറ്റിയ വേദി എകെജി സെന്ററിന്റെ മുറ്റമാണ്. മുദ്രാവാക്യം കേട്ട് കഴുത്തുളുക്കുന്നവരെ സമരത്തിൽ കൊണ്ടുവരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ അല്ലേ... അല്ലേലും മകളുടെ മാസപ്പടി കേസിനെ മുട്ടയും ഇഷ്ടികയും കൊണ്ട് പ്രതിരോധിച്ചതിന്റെ കാരണഭൂതന് കലക്കവെള്ളം കണ്ടപ്പോൾ കണ്ണ് നിറഞ്ഞത്രേ!!
പുതിയ ബ്രാൻഡ് കുപ്പിവെള്ളം എത്തിയിട്ടുണ്ട്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന്റെ ഭാഗമായി വികസിപ്പിച്ചെടുത്തത് ആണ്. ഇതിന്റെ നിർമ്മാണം, പ്രചരണം, വില്പന തുടങ്ങിയ പലഘട്ടങ്ങൾ കാണാം ചിത്രത്തിൽ... ആദ്യ വില്പനയുടെ ഉത്ഘാടനം നിർവ്വഹിച്ച് ബഹു. മുൻമുഖ്യൻ സംസാരിക്കുന്നു! നമ്മുടെ നാട് എത്ര വളർന്നിരിക്കുന്നു!!’ - ജിന്റോ ജോൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

