ജല അതോറിറ്റിയുടെ തടഞ്ഞുവെച്ച പണം: 450 കോടിയിലേറെ വെട്ടിക്കുറക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: ജല അതോറിറ്റിയുടെ ട്രഷറി അക്കൗണ്ടിൽനിന്ന് സർക്കാർ തിരിച്ചുപിടിച്ച 770 കോടിയിൽ 450 കോടിയിലേറെ രൂപ പൂർണമായും മടക്കിനൽകാതിരിക്കാൻ നീക്കം. അതോറിറ്റിയുടെ വൈദ്യുതി ചാർജിനത്തിൽ കെ.എസ്.ഇ.ബിക്ക് സർക്കാർ നൽകിയ തുകയുടെ പേരിലാണിത്.
മുഴുവൻ തുകയും നൽകാനാകില്ലെന്നും വൈദ്യുതി ചാർജിനത്തിൽ കെ.എസ്.ഇ.ബിക്ക് സർക്കാർ നൽകേണ്ടിവന്ന തുക കുറക്കണമെന്നുമുള്ള നിലപാടിലാണ് ധന വകുപ്പ്. ജല അതോറിറ്റി മാനേജ്മെന്റും ജീവനക്കാരുടെ സംഘടനകളും ഇതിലുള്ള വിയോജിപ്പ് ധനവകുപ്പിനെ അറിയിച്ചിട്ടുണ്ട്. സർക്കാറിന്റെ സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ 770 കോടി പൂർണമായും മടക്കിക്കിട്ടുമോ എന്ന ആശങ്ക ശക്തമാണ്.
പൊതുടാപ്പുകൾ വഴി ജലവിതരണം നടത്തിയതിന് തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭിച്ച തുകയാണ് 770 കോടിയിൽ 719 കോടിയും. സർക്കാർ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും വെള്ളക്കരം കൃത്യമായി നൽകാത്തതുമൂലമുള്ള വലിയ പ്രതിസന്ധി ജല അതോറിറ്റി നേരിടുന്നുണ്ട്.
ഇതിനിടെയാണ് കാത്തിരിപ്പിനൊടുവിൽ ലഭിക്കുന്ന ഇത്തരം കുടിശ്ശിക പണം ചെലവഴിക്കാനാവാത്ത സാഹചര്യം. സാമ്പത്തിക വർഷാവസാനം സർക്കാർ ഇത്തരത്തിൽ ട്രഷറിയിലെ പണം തിരിച്ചെടുക്കാറുണ്ടെങ്കിലും ഏപ്രിൽ ആദ്യവാരം തിരികെ നൽകാറുണ്ട്. ഇത് വൈകിയതോടെയാണ് പണം കിട്ടാത്തതിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് മാനേജിങ് ഡയറക്ടർ കത്ത് നൽകിയത്.
സർക്കാർ നടപടിയിൽ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധത്തിലാണ്. അർഹമായ പണം തിരികെ നൽകണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതടക്കം പ്രശ്നങ്ങൾ ഉയർത്തി വ്യാഴാഴ്ച ജലഭവൻ ധർണ നടത്തുമെന്നും കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ബിജു ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

