വെള്ളം ലഭിക്കാതെ തുക ഈടാക്കി; വാട്ടർ അതോറിറ്റി 10,000 രൂപയും പലിശയും നൽകണമെന്ന് വിധി
text_fieldsതൃശൂർ: വെള്ളം ലഭിക്കാതിരുന്ന കാലഘട്ടത്തിൽ ഈടാക്കിയ തുക തിരികെ നൽകണമെന്നും ഉപഭോക്താവിന് വെള്ളം ലഭിക്കുമെന്ന് അടിയന്തരമായി ഉറപ്പു വരുത്തണമെന്നും നഷ്ടവും ചെലവും നൽകണമെന്നും തൃശൂർ ഉപഭോക്തൃ കോടതി വിധി. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ അന്തിക്കാട് ബ്ലോക്ക് സെക്രട്ടറി ടി.കെ. പീതാംബരൻ ഫയൽ ചെയ്ത ഹരജിയിലാണ് കേരള വാട്ടർ അതോറിറ്റി ചേർപ്പ് പി.എച്ച് സെക്ഷനിലെ അസി. എൻജിനീയർക്കെതിരെയും ഇരിങ്ങാലക്കുടയിലെ എക്സിക്യുട്ടിവ് എൻജിനീയർക്കെതിരെയും തിരുവനന്തപുരത്തെ മാനേജിങ് ഡയറക്ടർക്കെതിരെയും വിധിയായത്.
പെൻഷനേഴ്സ് യൂനിയന്റെ വാട്ടർ കണക്ഷനിൽ കുറച്ചു കാലങ്ങളായി വെള്ളം ലഭിച്ചിരുന്നില്ല. മൂന്ന് ബില്ലുകളിൽ ഒരേ റീഡിങ് തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ഉപഭോഗം രേഖപ്പെടുത്തുന്ന കോളത്തിൽ നാല് യൂനിറ്റ് എന്ന് രേഖപ്പെടുത്തിയിരുന്നു. വെള്ളത്തിന്റെ തുക ഈടാക്കുകയും ചെയ്തു.
തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, മെംബർമാരായ എസ്. ശ്രീജ, ആർ. റാം മോഹൻ എന്നിവരടങ്ങിയ ഉപഭോക്തൃ കോടതി ഹരജിക്കാരനിൽനിന്ന് വെള്ളം നൽകാതെ നിയമവിരുദ്ധമായി ഈടാക്കിയ 1323 രൂപ തിരിച്ചു നൽകണമെന്നും നഷ്ടപരിഹാരമായി 5000 രൂപയും ചെലവിലേക്ക് 5000 രൂപയും നൽകണമെന്നും വിധിക്കുകയായിരുന്നു. ഹരജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

