റോഡിലെ കുഴിയിൽ വീണ് മരണം: വാട്ടർ അതോറിറ്റി അസി. എൻജിനീയറെ അറസ്റ്റ് ചെയ്തു
text_fieldsകോഴിക്കോട്: റോഡിലെ കുഴിയിൽ ചാടിയ സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ് യാത്രക്കാരി ലോറിക്കടിയിൽപെട്ടു മരിച്ച സംഭവത്തിൽ വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയറും ലോറി ഡ്രൈവറും അറസ്റ്റിൽ. വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ വേങ്ങേരി സ്വദേശി താഴെവെളുത്തേടത്ത് വിനോജ് കുമാർ(47), ലോറി ഡ്രൈവറായ താമരശ്ശേരി കൈതപ്പുഴ സ്വദേശി തുമ്പമലച്ചലിൽ ടി.കെ. ബിജു(51) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ ശിക്ഷ നിയമം 279ാം വകുപ്പ് പ്രകാരം അമിത വേഗതയില്‍ അപകടമാം വിധം വാഹനമോടിക്കൽ, 337 പ്രകാരം വാഹനമോടിച്ച് പരിക്കേൽപിക്കൽ, 304(എ) പ്രകാരം അശ്രദ്ധ പ്രവൃത്തി കാരണം മരണം തുടങ്ങിയ വകുപ്പുകളാണ് ടി.കെ. ബിജുവിനെതിരെ ചുമത്തിയിരിക്കുന്നത്. വിനോജ് കുമാറിന് മേൽ പിന്നീട് വകുപ്പുകൾ ചുമത്തുമെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. കുടിവെള്ള പൈപ്പിനായി എടുത്ത കുഴിയാണ് അപകടകാരണമെന്ന് കണ്ടെത്തിയാണ് നടപടി. ഇരുവരുടെയും മൊഴി രേഖപ്പെടുത്തി ബുധനാഴ്ച വൈകുന്നേരത്തോടെ ജാമ്യത്തിൽവിട്ടു.
മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ രേവതി ഹൗസിൽ കെ.സി. അജിത (43) ആണ് മരിച്ചത്. സ്കൂട്ടറിൽ അജിതക്കൊപ്പം ഉണ്ടായിരുന്ന മകൾ രേവതിയെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെ കോട്ടൂളിക്ക് സമീപം വെച്ചായിരുന്നു അപകടം. കനത്ത മഴയിൽ വെള്ളം നിറഞ്ഞതുകാരണം റോഡിലെ കുഴി അജിതയുടെ ശ്രദ്ധയിൽപെട്ടില്ല. കുഴിയിൽ വീണ സ്കൂട്ടറിൽനിന്ന് സമാനദിശയിൽ വരികയായിരുന്ന മരം കയറ്റിയ ലോറിക്കടിയിലേക്ക് തെറിച്ചുവീണ അജിത സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.
കോഴിക്കോട് കോഓപറേറ്റിവ് ഹോസ്പിറ്റിലെ കൗണ്ടർ സ്റ്റാഫാണ് അജിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
