ബോർഡ് യോഗം ചേരുന്നില്ല; പ്രതിഷേധവുമായി ജല അതോറിറ്റി ഡയറക്ടർമാർ
text_fieldsതിരുവനന്തപുരം: മാസത്തിൽ ഒരിക്കലെങ്കിലും ചേരേണ്ട ഡയറക്ടർ ബോർഡ് യോഗം ആറുമാസമായിട്ടും വിളിക്കാത്തതിനെതിരെ ജല അതോറിറ്റി ഡയറക്ടർമാർ ജലവിഭവ വകുപ്പ് മന്ത്രിക്കും എം.ഡിക്കും കത്ത് നൽകി. സർക്കാർ പ്രതിനിധികളും സ്വതന്ത്ര ഡയറക്ടർമാരുമടങ്ങുന്നതാണ് ഡയറക്ടർ ബോർഡ്.
സ്വതന്ത്ര ഡയറക്ടർമാരാണ് ജല അതോറിറ്റി മാനേജ്മെന്റ് സമീപനത്തിനെതിരെ പ്രതിഷേധം അറിയിച്ചത്. സാമ്പത്തിക ഞെരുക്കവും വികസന പദ്ധതികൾ നടപ്പാക്കാനാകാത്തതുമടക്കം ഗൗരവമുള്ള വിവിധ വിഷയങ്ങൾ സ്ഥാപനം നേരിടുമ്പോൾ നിർണായക തീരുമാനമെടുക്കേണ്ടത് ഡയറക്ടർ ബോർഡാണ്. എന്നിട്ടും ആറുമാസമായി ബോർഡ് ചേരാത്തതിന്റെ കാരണം വ്യക്തമാക്കാൻ ബന്ധപ്പെട്ടവർ തയാറല്ലെന്ന് ഡയറക്ടർമാർ പറയുന്നു.
സർക്കാറിൽനിന്നുള്ള നോൺ പ്ലാൻ ഗ്രാന്റ്, ബി.പി.എൽ ആനുകൂല്യങ്ങൾക്കുള്ള ധനസഹായം എന്നിവ ലഭിക്കാത്ത സാഹചര്യമാണ്. തദ്ദേശ സ്ഥാപനങ്ങളിലെ പൊതുടാപ്പുകളിൽ ജലം വിതരണം ചെയ്തതിന് അനുവദിച്ച തുകയും ജല അതോറിറ്റിയുടെ അക്കൗണ്ടിലേക്ക് നൽകാതെ ധനവകുപ്പ് വകമാറ്റിയിരുന്നു. ഡയറക്ടർ ബോർഡ് ചേരാത്തതിനാൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്ത് കർശന ഇടപെടൽ നടത്താനാവുന്നില്ല. ഡയറക്ടർ ബോർഡിൽ ചർച്ച ചെയ്ത് പാസാക്കേണ്ട പ്രധാന വിഷയങ്ങൾ പോലും ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ തീരുമാനിക്കുകയാണ്. പല തീരുമാനങ്ങളും സുതാര്യമല്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

