ശബരിമല: വിലപ്പെട്ട വസ്തുക്കൾ അന്യാധീനപ്പെടുമെന്ന മുന്നറിയിപ്പ് അവഗണിച്ചു
text_fieldsപത്തനംതിട്ട: ശബരിമലയിലെ വിലപ്പെട്ട വസ്തുക്കൾ അന്യാധീനപ്പെടാൻ സാഹചര്യമുണ്ടെന്ന് കാട്ടി 2019ൽ തിരുവാഭരണം കമീഷണര് കത്ത് നൽകിയിട്ടും ദേവസ്വം ബോർഡ് അനങ്ങിയില്ലെന്ന് രേഖകൾ. അന്നത്തെ തിരുവാഭരണം കമീഷണർ ആർ.ജി. രാധാകൃഷ്ണൻ 2019 സെപ്റ്റംബർ രണ്ടിന് ബോർഡിന് നൽകിയ കത്താണ് പുറത്തുവന്നത്. ഇതിൽ നടപടി സ്വീകരിക്കാതിരുന്നതാണ് സ്വർണക്കൊള്ളയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.
അമൂല്യമായതും പൗരാണിക പ്രാധാന്യമുള്ളതുമായ ആഭരണങ്ങൾ, പാത്രങ്ങൾ, വിഗ്രഹങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി പ്രത്യേക സംവിധാനം വേണമെന്ന് ആവശ്യപ്പെടുന്ന കത്തിൽ സ്വത്തുക്കൾ കൈമോശപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്കിയിരുന്നു. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനായിരുന്നു രാധാകൃഷ്ണൻ കത്ത് നൽകിയത്. പരിശോധനകൾക്ക് ബോർഡ് അനുമതി നൽകിയാൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കത്തിൽ തുടർ നടപടിയുണ്ടായില്ല.
ദ്വാരപാലക ശിൽപ പാളികളിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് ചെന്നൈ സ്മാർട്ട് ക്രിയേഷനിലെത്തി പരിശോധന നടത്തിയശേഷമാണ് തിരുവാഭരണം കമീഷണർ ബോർഡിന് മുന്നറിയിപ്പ് നൽകിയത്. വിലപിടിപ്പുള്ള ഉരുപ്പടികൾ സൂക്ഷിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ശ്രദ്ധക്കുറവുണ്ടെന്ന് പറയുന്ന കത്തിൽ, ദേവസ്വം മാന്വൽ പ്രകാരമുള്ള നടപടികളൊന്നും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വർഷങ്ങളായി പാലിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം, മണി, ചന്ദനം, പട്ട്, മറ്റ് ആഭരണങ്ങൾ എന്നിങ്ങനെയുള്ള ഉരുപ്പടികളുടെ രേഖകൾ കൃത്യമായി സൂക്ഷിക്കപ്പെടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

