Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപകർച്ചവ്യാധിയെചൊല്ലി...

പകർച്ചവ്യാധിയെചൊല്ലി വാക്പോര്; സഭ വിട്ട് പ്രതിപക്ഷം

text_fields
bookmark_border
പകർച്ചവ്യാധിയെചൊല്ലി വാക്പോര്; സഭ വിട്ട് പ്രതിപക്ഷം
cancel

തിരുവനന്തപുരം: രോഗപ്രതിരോധത്തിൽ ഏകോപനമില്ലാത്തതിനാൽ പകർച്ചവ്യാധികൾ വ്യാപിക്കുകയാണെന്നും ഇക്കാര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നുമുള്ള അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് നിയമസഭയിൽ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്. അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടീസ് അവതരണവും ആരോഗ്യമന്ത്രിയുടെ മറുപടിയും സഭയിൽ വാക്പോരിനും ഇടയാക്കി.

പകർച്ചവ്യാധികൾ പകരുന്നത് ആര് ഭരിക്കുന്നുവെന്ന് നോക്കിയില്ലെന്നും ‘എരണം കെട്ടവർ നാട് ഭരിച്ചാൽ നാടുമുടിയും’ എന്ന് നിലവിലെ ആരോഗ്യമന്ത്രി മുമ്പ് എം.പിയായിരിക്കെ പറഞ്ഞതുപോലെ പ്രതിപക്ഷം പറയാൻ തയാറാവില്ലെന്നും നോട്ടീസ് അവതരിപ്പിച്ച് പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആരോഗ്യവകുപ്പ് നേരിടുന്ന പ്രശ്നം കഴിഞ്ഞ 10 വർഷക്കാലത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലുമായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ തിരിച്ചടിച്ചു. രോഗപ്രതിരോധത്തിന് ഒന്നും ചെയ്യാതെ എല്ലാ പകർച്ചവ്യാധികളെയും തുറന്നുവിട്ടു. കുടത്തിൽനിന്ന് പോയ ഭൂതത്തെ തിരിച്ചുകയറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. അപ്പോഴാണ് എല്ലാം നശിച്ചുപോയെന്ന് ആരോപിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ തലപ്പത്ത് കസേരകളിയാണ് നടക്കുന്നതെന്നും ഇത്തരമൊരു കാഴ്ച ഏതെങ്കിലും കാലത്തുണ്ടായിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാക്കൗട്ട് പ്രസംഗത്തിൽ ചോദിച്ചു. സർക്കാർ എന്നത് മന്ത്രിമാർ മാത്രമുള്ള ഭരണമല്ല, ഉദ്യോഗസ്ഥർക്കും അതിൽ പങ്കുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാൻ കഴിയണം. എന്നാൽ ആ നില നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പിണറായി കുറ്റപ്പെടുത്തി.

ചില ഉദ്യോഗസ്ഥർ ഭരണം മാറിയതറിയാതെ കഴിഞ്ഞ സർക്കാറിനോട് കൂറു കാണിക്കുന്ന പ്രവർത്തനം നടത്തിയപ്പോൾ അവരെയൊന്ന് കസേര മാറ്റി ഇരുത്തുകയേ ചെയ്തിട്ടുള്ളൂവെന്ന് ആരോഗ്യമന്ത്രന്‍ വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിടുകയായിരുന്നു.

ഉത്തരവാദിത്വങ്ങളിൽനിന്ന് സർക്കാർ ഒളിച്ചോടുന്നു -പ്രതിപക്ഷം

ആരോഗ്യ മേഖലയിലെ കേരള മോഡൽ യു.ഡി.എഫ് സർക്കാർ കൈവിടുകയാണെന്നും ഇത് അനുവദിക്കില്ലെന്നും പി.എ. മുഹമ്മദ് റിയാസ്. ജൂൺ ഒന്നു മുതൽ 19 വരെ 87 പേരാണ് പകർച്ചവ്യാധി ബാധിച്ചു മരിച്ചത്. ഷിഗെല്ല - ഏഴ്, ഇൻഫ്ലുവൻസ - 13, വയറിളക്കം - അഞ്ച്, മസ്തിഷ്കജ്വരം - നാല്, ഡെങ്കിപ്പനി - 11, എലിപ്പനി - 13, അമീബിക് മസ്തിഷ്കജ്വരം - മൂന്ന്, പനി - രണ്ട് എന്നിങ്ങനെയാണ് ഇക്കാലയളവിലെ മരണങ്ങൾ. മാത്രമല്ല, രണ്ടു പേവിഷബാധ മരണങ്ങളും റിപ്പോർട്ട് ചെയ്തു.

പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോൾ സർക്കാർ ഉത്തരവാദിത്വങ്ങളിൽനിന്നും ഒളിച്ചോടുകയാണ്. നിപ റിപ്പോർട്ട് ചെയ്ത കോഴിക്കോട് അടക്കം മലബാറിലെ നാല് ജില്ലകളിൽ ഡി.എം.ഒമാരില്ല. മഴക്കാലപൂർവ ശുചീകരണമടക്കം കൃത്യമായി നടപ്പാക്കിയിരുന്നെങ്കിൽ ഇന്നത്തെ സ്ഥിതിയുണ്ടാകുമായിരുന്നില്ല. തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യവകുപ്പും പരസ്പരം പഴിചാരുകയാണ്. നിപ റിപ്പോർട്ട് ചെയ്ത് അഞ്ചാം ദിവസമാണ് മരുന്നെത്തിച്ചത്. നിപ പ്രതിരോധ യോഗങ്ങളിൽ ജനപ്രതിനിധികളെ തടയുന്നതിന് പിന്നിൽ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.

മുമ്പ് നിപ റിപ്പോർട്ട് ചെയ്തപ്പോൾ ആരോഗ്യ മന്ത്രി തൊട്ടടുത്ത സമയംതന്നെ പ്രദേശത്തെത്തി പ്രവർത്തനങ്ങളുടെ ഏകോപനം നടത്തിയിരുന്നു. ഇപ്പോഴത്തെ മന്ത്രി അവിടെയെത്താൻ എത്ര ദിവസമെടുത്തുവെന്ന് പിണറായി വിജയൻ ചോദിച്ചു.

പ്രതിപക്ഷം പറയുന്ന ഭീകരാന്തരീക്ഷമില്ല -ആരോഗ്യ മന്ത്രി

പ്രതിപക്ഷം പറയുന്നതുപോലുള്ള ഭീകരാന്തരീക്ഷം ആരോഗ്യവകുപ്പിലോ കേരളത്തിലോ ഇല്ലെന്ന് മന്ത്രി കെ. മുരളീധരൻ. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിലെല്ലാം ഉടൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സർക്കാറിന്റെ കാലത്ത് ആകെ ഒരു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

2019 ജൂണിൽ അന്നത്തെ ആരോഗ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി, നിപ മൂലം ആ വർഷം 16 പേർ മരിച്ചെന്നാണ്. സാഹചര്യം ഇങ്ങനെയായിരിക്കെ, കേവലം ഒരാൾക്ക് രോഗം പിടിപെട്ടപ്പോഴാണ് കേരളമാകെ രോഗം ബാധിച്ചെന്ന പ്രചാരണം. റിയാസ് ചൂണ്ടിക്കാട്ടിയ നിപ മരുന്ന് കഴിഞ്ഞ അഞ്ച് വർഷക്കാലം കേരളത്തിൽ വാങ്ങി സൂക്ഷിച്ചിരുന്നില്ല. കോഴിക്കോട്ട് നിപ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ ബഹ്റൈനിൽനിന്ന് മരുന്ന് എത്തിച്ചു. രോഗിയെ അഡ്മിറ്റ് ചെയ്തപ്പോൾ 24 മണിക്കൂർ പോലും അതിജീവിക്കില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

ഇപ്പോഴും ഗുരുതരമാണെങ്കിലും രോഗിയുടെ സ്ഥിതി ഭേദപ്പെട്ടിട്ടുണ്ട്. നേരത്തേതന്നെ പ്രതിരോധ പ്രവർത്തനം നടത്തിയിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞത് ശരിയാണ്. ഫെബ്രുവരി മുതലാണ് മഴക്കാലപൂർവ ശുചീകരണമടക്കം മുന്നൊരുക്കങ്ങൾ നടത്തേണ്ടത്. അന്ന് ഭരണത്തിലുണ്ടായത് ഇടതുസർക്കാരാണ്. അന്ന് ഒന്നും ചെയ്തില്ല. അഞ്ച് ജില്ലകളിൽ ഡി.എം.ഒമാരുടെ തസ്തിക ഒഴിഞ്ഞത് എന്നു മുതലാണ്?. ഇപ്പോൾ അവിടെ ചാർജുള്ളവരെങ്കിലുമുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Departmentopposition partykerala legislative assemblyassembly dispute
Next Story