'മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാൻ അങ്ങനെ ചെയ്യല്ലേ'; സ്പീക്കറോട് പ്രതിപക്ഷനേതാവ്
text_fieldsതിരുവനന്തപുരം: പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഗുരുതര വീഴ്ച സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചക്കിടെ സ്പീക്കർ എ.എൻ.ഷംസീറും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിൽ വാക്പോര്.
പ്രതിപക്ഷനേതാവ് സംസാരിക്കുന്നതിനിടെ പ്രസംഗം നിർത്താൻ സ്പീക്കർ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.
പ്രസംഗത്തിന്റെ തുടർച്ച നഷ്ടപ്പെടുത്താനാണ് സ്പീക്കർ ശ്രമിക്കുന്നത്. തന്റെ പ്രസംഗം തടസപ്പെടുത്തിയാൽ മുഖ്യമന്ത്രിക്ക് സന്തോഷമാകുമെന്ന് കരുതിയാണെങ്കിൽ അങ്ങനെ ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സ്പീക്കറോട് പറഞ്ഞു.
സഭയിലെ മുതിർന്ന അംഗം ഒരിക്കലും ഇങ്ങനെ സംസാരിക്കരുതെന്ന് സ്പീക്കർ മറുപടിയും നൽകി. അതേസമയം, അടിയന്തര പ്രമേയത്തിൽ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗങ്ങത്തിൽ നിന്ന്
നെന്മാറ കൊലക്കേസില്‍ കോടതി ജാമ്യ വ്യവസ്ഥകള്‍ മാറ്റിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഏറ്റവും അവസാനത്തെ കോടതി ഉത്തരവിലും നെന്മാറ പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒന്നര മാസക്കാലമാണ് ഈ പ്രതി അഞ്ച് വര്‍ഷം മുന്‍പ് കൊലപ്പെടുത്തിയ സ്ത്രീയുടെ വീടിനടുത്ത് താമസിച്ചത്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും കുഞ്ഞുങ്ങളെയും അടക്കം അഞ്ച് പേരെ കൊല്ലുമെന്ന് അയാള്‍ ഒന്നരമാസക്കാലം നിരന്തരമായി ഭീഷണിപ്പെടുത്തി.
രാത്രിയാകുമ്പോള്‍ ആയുധം കാട്ടി ആളുകളെ വിരട്ടും. ജീവന്‍ അപകടത്തിലാണെന്നു കാട്ടി കുട്ടികളും അടുത്ത വീട്ടിലെ സ്ത്രീയും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് വീടിനടുത്ത് വന്ന് താമസിക്കുന്നുവെന്ന് പരാതി നല്‍കിയിട്ടും ഒന്നരമാസക്കാലം നിങ്ങളുടെ പൊലീസ് എന്ത് ചെയ്യുകയായിരുന്നു എന്നതാണ് ഞങ്ങളുടെ ചോദ്യം. കോടതിയില്‍ പോയി ജാമ്യം റദ്ദാക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചോ? കൊലയാളി തൊട്ടടുത്ത് വീട്ടില്‍ താമസിച്ച് കുഞ്ഞുങ്ങളെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ പൊലീസ്? അതാണ് ഞങ്ങളുടെ ചോദ്യം. ആ ചോദ്യത്തിന് ഉത്തരം പറയണം.
ഗുണ്ടകളുടെ വിഹാര കേന്ദ്രമാണ് കേരളം. രണ്ടായിരത്തിലധികം ഗുണ്ടകള്‍ കേരളത്തില്‍ സ്വര്യവിഹാരം നടത്തുന്നുവെന്നാണ് പൊലീസ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. എല്ലാ ജില്ലകളിലും വ്യാപകമായി ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്.
2017 ല്‍ രജിസ്റ്റര്‍ ചെയ്ത 14886 കേസുകളില്‍ 1445 കേസുകളിലെ പ്രതികള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 2018 ല്‍ 15431. ശിക്ഷിക്കപ്പെട്ടത് 1219. അടുത്ത വര്‍ഷം 15624. ശിക്ഷിക്കപ്പെട്ടത് 1205. ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 10 ശതമാനം പോലുമില്ല. കൃത്യമായ അന്വേഷണവും പ്രോസിക്യൂഷന്‍ നടപടികളും നടക്കാത്തതാണ് ഇതിന് കാരണം. എന്നിട്ടാണ് എന്റഫോഴ്‌സ്‌മെന്റ് കൃത്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
കേരളത്തിലെ ലോ ആന്‍ഡ് ഓര്‍ഡര്‍ വഷളായിരിക്കുകയാണ്. ഗുണ്ടകളുടെ കൈയിലാണ് കേരളം. എവിടെ ചെന്നാലും ആളുകള്‍ക്ക് പരാതിയാണ്. കേരളം ഗുണ്ടകളുടെ കൈയിലാണ്. പൊലീസ് ഗുണ്ടാ നെക്‌സസുണ്ട്. കേരളത്തിലെ ജനങ്ങളുടെ ജീവിതം ഗുണ്ടകളുടെ കഠാര തുമ്പിലാണ്. നിയന്ത്രിക്കാന്‍ പൊലീസിന് കഴിയുന്നില്ല. അനാവശ്യമായ രാഷ്ട്രീയ രക്ഷകര്‍തൃത്വം ഗുണ്ടകള്‍ക്ക് നല്‍കി നിങ്ങള്‍ കേരളത്തെ ഗുണ്ടകളുടെ നാടാക്കി മാറ്റുന്നു. അതിലുള്ള ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

