Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുദ്ധ പ്രതിസന്ധി: ആഗോള...

യുദ്ധ പ്രതിസന്ധി: ആഗോള പ്രത്യാഘാതങ്ങളും കേരള തിരഞ്ഞെടുപ്പിലെ സ്വാധീനവും

text_fields
bookmark_border
യുദ്ധ പ്രതിസന്ധി: ആഗോള പ്രത്യാഘാതങ്ങളും കേരള തിരഞ്ഞെടുപ്പിലെ സ്വാധീനവും
cancel

2026 ഫെബ്രുവരി 28ന് ആരംഭിച്ച ഇറാൻ-ഇസ്രായേൽ-യു.എസ് സംഘർഷം പശ്ചിമേഷ്യയെ ഒരു സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള സംയുക്ത യു.എസ്-ഇസ്രായേൽ ആക്രമണങ്ങളോടെയാണ് യുദ്ധം തുടങ്ങിയത്. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികളെ തകർക്കുക എന്നതും ആക്രമണത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പെട്ടതായിരുന്നു. ഇറാന്റെ എണ്ണയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന കാര്യവും ഡൊണാൾഡ് ട്രംപ് തുറന്ന് പറഞ്ഞിട്ടുണ്ട്. ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതികൾ, ഇറാഖിലെ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ് (പി.എം.എഫ്) തുടങ്ങിയ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളും സംഘർഷത്തിൽ പങ്കുചേർന്നതോടെ യുദ്ധം വീണ്ടും കനത്തിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നും തന്നെ ഐക്യ രാഷ്ട്ര സഭയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. ഇറാനുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ശ്രമിച്ച ഗൾഫ് രാജ്യങ്ങൾ യുദ്ധം തുടങ്ങിയതോടെ ഇപ്പോൾ നേരിട്ടുള്ള ഭീഷണിയിലാണ്. യുദ്ധത്തിന്റെ ഗതി പ്രവചനാതീതമായി തുടരുകയാണ് . ഇസ്രായേലിനും യു.എസ്സിനും ഇറാനിൽ കാര്യമായ നാശനഷ്ടങ്ങൾ വരുത്താൻ കഴിഞ്ഞെങ്കിലും അപ്രതീക്ഷിത ആക്രമണങ്ങൾ നടത്താനും സമുദ്ര ഗതാഗതം തടസ്സപ്പെടുത്താനും ഇറാന് ഇപ്പോഴും കഴിയുന്നുണ്ട്. ആത്മീയ നേതാവ് ഉൾപ്പെടെ അവരുടെ നേതാക്കളിൽ പലരും യുദ്ധത്തിൽ കൊല്ലപ്പെട്ടെങ്കിലും ഇറാൻ ഭരണകൂടം ആഭ്യന്തരമായി ഇപ്പോഴും ശക്തമാണ്.

ഹോർമുസ് പ്രതിസന്ധിയും ആഗോള പ്രത്യാഘാതങ്ങളും

ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ആഗോള എണ്ണ ഉപഭോഗത്തിന്റെ 20 ശതമാനവും (പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ), ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എൽ.എൻ.ജി) 20 ശതമാനവും ഈ വഴി കടന്നുപോകുന്നു. ഇറാൻ ഈ പാത അടച്ചതോടെ ആഗോളതലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടായിരിക്കുന്നത്.

സംഘർഷം ആരംഭിച്ചയുടൻ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കവിഞ്ഞു. പ്രതിസന്ധി തുടർന്നാൽ വില 120 ഡോളറിലേക്കും ദീർഘകാലാടിസ്ഥാനത്തിൽ 200 ഡോളറിലേക്കും ഉയർന്നേക്കാമെന്നാണ് പറയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി കയറ്റുമതിക്കാരായ ഖത്തറിന്റെ എല്ലാ കയറ്റുമതിയും ഹോർമുസ് വഴിയാണ്. ഖത്തറിലെ ഊർജ്ജ പ്ലാന്റുകൾക്ക് നേരെയുണ്ടായ ആക്രമണവും കടലിടുക്കിലെ ഗതാഗത സ്തംഭനവും യൂറോപ്പിലെ പ്രകൃതിവാതക വില 60 ശതമാനത്തിലധികം വർധിക്കാൻ കാരണമായി.പ്രതിസന്ധിയുടെ ഏറ്റവും വലിയ പ്രത്യാഘാതങ്ങളിലൊന്ന് കപ്പലുകളുടെ ഇൻഷുറൻസ് പ്രീമിയത്തിലുണ്ടായ ഭീമമായ വർധനവാണ്. യുദ്ധസാധ്യത കണക്കിലെടുത്ത് 'വാർ-റിസ്ക്' പ്രീമിയം മുൻപുള്ളതിനേക്കാൾ നാലിരട്ടി മുതൽ ആറിരട്ടി വരെ വർധിച്ചു. ഇത് ചരക്ക് ഗതാഗത ചെലവ് കുത്തനെ ഉയർത്തി. പല പ്രമുഖ കപ്പൽ കമ്പനികളും ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ നിർത്തിവെചിരിക്കുകയാണ് . ഇത് കടലിടുക്കിനെ"സോഫ്റ്റ് ക്ലോഷർ" എന്ന അവസ്ഥയിലേക്കെത്തിച്ചു. അതായത് ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും വാണിജ്യപരമായി കപ്പലുകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ .

ഇന്ധന, ചരക്ക് ഗതാഗത ചെലവുകൾ വർധിച്ചത് ലോകമെമ്പാടും പണപ്പെരുപ്പം രൂക്ഷമാക്കിയിരിക്കുകയാണ്. എണ്ണയ്ക്കും പ്രകൃതിവാതകത്തിനും പുറമെ, അലുമിനിയം, രാസവളങ്ങൾ (യൂറിയ), സൾഫർ തുടങ്ങിയവയുടെ വിലയും വർധിച്ചു. ഇത് നിർമ്മാണം, കൃഷി തുടങ്ങിയ മേഖലകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആഗോള വള വ്യാപാരത്തിന്റെ മൂന്നിലൊന്നും ഹോർമുസ് വഴിയാണ് നടക്കുന്നത്. യൂറിയ വിലയിലെ വർധനവ് ആഗോള ഭക്ഷ്യവിലക്കയറ്റത്തിന് കാരണമായേക്കാം.

ഗൾഫിലെ പ്രവാസി ജീവിതവും തൊഴിലും

ഗൾഫ് മേഖലയിലെ അനിശ്ചിതത്വം പ്രവാസികളുടെ തൊഴിൽ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയരാൻ കാരണമായിട്ടുണ്ട്. പല കമ്പനികളും പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുന്നത് തൊഴിൽ നഷ്ടത്തിലേക്ക് നയിച്ചേക്കാമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. യാത്രാ തടസ്സങ്ങളും ഉയർന്ന ടിക്കറ്റ് നിരക്കും നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ ദുഷ്കരമാക്കുന്നു. ഇത് പ്രവാസികളുടെ മാനസിക സമ്മർദ്ദം വർധിപ്പിക്കുന്നു.

ഇറാൻ, ഇറാഖ്, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ വ്യോമാതിർത്തി ഭാഗികമായോ പൂർണ്ണമായോ അടച്ചതോടെ ഗൾഫ് മേഖലയിലെ വ്യോമഗതാഗതം താറുമാറായിരിക്കുകയാണ്. വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും സുരക്ഷാ ഭീഷണികളും സ്ഥിതി കൂടുതൽ വഷളാകാൻ കാരണമായിട്ടുണ്ട്.

വ്യോമാതിർത്തികൾ പലതും അടച്ചതിനാൽ വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വരികയാണ്. വിമാനങ്ങൾ റൂട്ട് മാറി സഞ്ചരിക്കേണ്ടി വരുന്നത് യാത്രാസമയം ഒന്നോ രണ്ടോ മണിക്കൂർ വർധിക്കാൻ കാരണമാകുന്നു. ഇത് ഇന്ധനച്ചെലവും ജീവനക്കാരുടെ ചെലവും വർധിപ്പിച്ചു. ടിക്കറ്റ് നിരക്കിലും ഇത് പ്രതിഫലിച്ചിട്ടുണ്ട്. ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിയപ്പോൾ റീബുക്കിങിനും റീഫണ്ടിനും വലിയ കാലതാമസം നേരിടുകയും ചെയ്യുന്നുണ്ട്.

കേരളത്തിലെ തിരഞ്ഞെടുപ്പും പ്രവാസി വോട്ടുകളും

ഏപ്രിൽ ഒമ്പതിന് നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഗൾഫ് പ്രതിസന്ധി നിർണായക സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. യാത്രാ തടസ്സങ്ങളും ഉയർന്ന ടിക്കറ്റ് നിരക്കും കാരണം ഗൾഫ് പ്രവാസികളായ വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഗൾഫിൽ നിന്ന് വോട്ട് ചെയ്യാനെത്തുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞേക്കാമെന്ന് കണക്കാക്കുന്നു.സാധാരണ 15,000-20,000 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 70000-80,000 രൂപയിലേക്കും അതിനുമുകളിലേക്കും കുതിച്ചുയർന്നു. ഇത് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. കേരള മുസ്‍ലിം കൾച്ചറൽ സെന്റർ (കെ.എം.സി.സി) പോലുള്ള സംഘടനകൾ മുൻകാലങ്ങളിൽ സംഘടിപ്പിച്ചിരുന്ന ചാർട്ടേഡ് വിമാന സർവീസുകൾ (വോട്ട് വിമാനങ്ങൾ) ഈ വർഷം നടത്താൻ കഴിയാത്ത സാഹചര്യമാണ്. പ്രവാസി വോട്ടർമാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യത കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യ ജനാധിപത്യ മുന്നണിയെയാണ്. പ്രത്യേകിച്ച്, യു.ഡി.എഫിന്റെ ഘടകകക്ഷിയായ ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗിന് പ്രവാസി മലയാളികൾക്കിടയിൽ, വിശേഷിച്ച് മലബാർ മേഖലയിൽ, വലിയ സ്വാധീനമുണ്ട്. വിദേശ വോട്ടർമാരിൽ 80 ശതമാനത്തോളം യു.ഡി.എഫ് അനുകൂലികളാണെന്നു മാത്രമല്ല അതിൽ ഭൂരിഭാഗവും ഐ.യു.എം.എൽ പ്രവർത്തകരാണ്. ചില മണ്ഡലങ്ങളിൽ ഈ സാഹചര്യം വോട്ടിങ് പാറ്റേണിൽ ചെറിയ മാറ്റങ്ങൾക്ക് കാരണമായേക്കാം.

പ്രവാസി വോട്ടുകൾ നിർണായകമായേക്കാവുന്ന, മുൻ തിരഞ്ഞെടുപ്പുകളിൽ ചെറിയ ഭൂരിപക്ഷത്തിന് ജയം തീരുമാനിച്ച മണ്ഡലങ്ങളിലാണ് ഇതിന്റെ പ്രതിഫലനം ഏറ്റവും പ്രകടമാവുക. ഉദാഹരണത്തിന്, 16,000ൽ അധികം പ്രവാസി വോട്ടർമാരുള്ള കുറ്റ്യാടിയിൽ 2021ലെ ഭൂരിപക്ഷം വെറും 333 വോട്ടായിരുന്നു. 12,500ൽ അധികം വിദേശ വോട്ടർമാരുള്ള നാദാപുരം (ഭൂരിപക്ഷം 4,036), കണ്ണൂർ (ഭൂരിപക്ഷം 1,745) തുടങ്ങിയ മണ്ഡലങ്ങളിലും പ്രവാസി വോട്ടർമാരുടെ അസാന്നിധ്യം ഫലത്തെ സ്വാധീനിച്ചേക്കാം. ഗൾഫിലെ സാമ്പത്തിക അനിശ്ചിതത്വം കാരണം പ്രവാസികളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ട് വരവിലും കുറവുണ്ടായിട്ടുണ്ട്.

ഇപ്പോഴത്തെ യുദ്ധം പശ്ചിമേഷ്യൻ സംഘർഷം എന്നതിലുപരി, ആഗോള സാമ്പത്തിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഒരു രാജ്യാന്തര പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ സ്തംഭനം ആഗോള എണ്ണ വിപണിയെയും പണപ്പെരുപ്പത്തെയും പിടിച്ചുലയ്ക്കുമ്പോൾ, വ്യോമഗതാഗതത്തിലെ തടസ്സങ്ങൾ ദശലക്ഷക്കണക്കിന് പ്രവാസികളുടെ ജീവിതത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും ബാധിക്കുന്നു. ഈ ആഗോള പ്രതിസന്ധി കേരളം പോലുള്ള ഒരു സംസ്ഥാനത്തെ ജനാധിപത്യ പ്രക്രിയയെ എത്രത്തോളം സ്വാധീനിക്കാമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് നിലവിലെ സാഹചര്യം. പ്രവാസി വോട്ടർമാരുടെ പങ്കാളിത്തത്തിലുണ്ടാകുന്ന കുറവ്, ചില നിർണായക മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ പോലും മാറ്റിമറിക്കാൻ കാരണമായേക്കും .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voteniyamasabha electionUS Israel Iran War
News Summary - War Crisis: Global Implications and Impact on Kerala Elections
Next Story