വഖഫ് : യോജിച്ച പോരാട്ടം തുടരണം -മൗലാനാ മുജദ്ദിദി
text_fieldsവഖഫ് ഭേദഗതി നിയമത്തിനെതിരെ ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് തിരുവനന്തപുരം നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച വഖഫ് പ്രതിഷേധ സംഗമം മൗലാനാ ഫസ്ലുർ റഹീം മുജദ്ദിദി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ വഖഫ് നിയമ ഭേദഗതിക്കെതിരെ യോജിച്ച പോരാട്ടം തുടരണമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ജനറൽ സെക്രട്ടറി മൗലാനാ ഫസലുറഹിം മുജദ്ദിദി. രാജ്യചരിത്രത്തിൽ ആരും ചെയ്യാത്തതും ഭരണഘടന വിരുദ്ധവും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതുമാണ് നിയമഭേദഗതി. വ്യക്തി നിയമ ബോർഡിന്റെ ആഭിമുഖ്യത്തിൽ മുസ്ലിം അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച വഖഫ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു രാജ്യം ഒരു നിയമം എന്ന് പറയുന്ന കേന്ദ്ര സർക്കാർ വഖഫിന്റെ വിഷയത്തിൽ ഇരട്ട നിയമമാണ് നടപ്പാക്കിയത്. മുസ്ലിംകളുടെ മതസ്വാതന്ത്യ്രത്തിന് കൂച്ചുവിലങ്ങിടാൻ സംഘ്പരിവാർ ഫാക്ടറികളിൽ ചുട്ടെടുത്ത വഖഫ് ഭേദഗതി നിയമം മുസ്ലിം വിരുദ്ധ പദ്ധതിയുടെ തുടർച്ചയായേ കാണാനാവൂ. അടിസ്ഥാന പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമവും ഇതിന് പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സമ്പത്ത് ജനനന്മക്ക് പ്രയോജനപ്രദമായി നിലനിർത്തുന്ന ഇസ്ലാമിലെ വഖഫ് നിയമത്തെ തെറ്റിദ്ധരിപ്പിക്കുകയും സ്പർധ വളർത്തുകയും ചെയ്യുന്നത് അപകടകരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെ സംഗമം അപലപിച്ചു. മുസ്ലിംകൾക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം അവസാനിപ്പിക്കാൻ നടപടി വേണമെന്ന പ്രമേയം സംഗമം പാസാക്കി. വ്യക്തി നിയമബോർഡ് അംഗം മുസ്സമ്മിൽ കൗസരി അധ്യക്ഷത വഹിച്ചു.
അഹമ്മദ് ദേവർകോവിൽ എം.എൽ.എ, വ്യക്തി നിയമ ബോർഡംഗം അബ്ദുശ്ശുക്കൂർ ഖാസിമി, ഡോ. പി. നസീർ, സി.പി. ലത്തീഫ്, ശമീർ മദനി, അഡ്വ. ഹനീഫ്, ശിഹാബ് പൂക്കോട്ടൂർ, അഹമ്മദ് റഷാദി, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, നാസർ കടയറ, എച്ച്. ഷഹീർ മൗലവി, കായിക്കര ബാബു, പാനിപ്ര ഇബ്രാഹിം മൗലവി, ഉവൈസ് അമാനി, ഡോ.എ. നിസാറുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

