Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഖഫ് ബോർഡ് കേസ്...

വഖഫ് ബോർഡ് കേസ് സുപ്രീംകോടതിയിൽ; ഹൈകോടതി നിയന്ത്രണം ഏർപ്പെടുത്തിയതിനെ ചോദ്യംചെയ്ത് ഹരജി

text_fields
bookmark_border
വഖഫ് ബോർഡ് കേസ് സുപ്രീംകോടതിയിൽ; ഹൈകോടതി നിയന്ത്രണം ഏർപ്പെടുത്തിയതിനെ ചോദ്യംചെയ്ത് ഹരജി
cancel
camera_alt

സുപ്രീംകോടതി

തിരുവനന്തപുരം: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. നയപരമായ തീരുമാനം എടുക്കാനുള്ള അധികാരം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.

പ്രത്യേക ജോയന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും ഇനി കേരളത്തിലെ വഖഫ് ബോർഡുമായ ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുക എന്നാണ് ഹൈകോടതി ഉത്തരവിട്ടിട്ടുള്ളത്. നിലവിൽ പണമിടപാട് നടത്തുന്നതിലടക്കം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതര മതവിഭാ​ഗത്തിലുള്ള ആളുകളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയില്ല എന്ന കാരണത്താൽ ഇത്തരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പാടില്ലെന്ന കാര്യം കൂടി സംസ്ഥാന വഖഫ് ബോർഡ് ഉന്നയിച്ചു.

നിയമം നിർദേശിക്കുംപ്രകാരം മതിയായ അംഗങ്ങളുടെ പ്രാതിനിധ്യമില്ലാതെ പ്രവർത്തിക്കാനാവില്ലെന്ന് പ്രഥമദൃഷ്ട്യ വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്, വഖഫ് ബോർഡിന്‍റെ പ്രവർത്തനം തടഞ്ഞ് രണ്ടുദിവസം മുമ്പ് ഉത്തരവിട്ടത്. ഭരണനിർവഹണം ബോർഡിന്‍റെ ചുമതലയുള്ള ജോയന്റ് സെക്രട്ടറി നിർവഹിക്കണമെന്നും ഗൗരവമുള്ള തീരുമാനങ്ങളെടുക്കരുതെന്നും നിർദേശിച്ച കോടതി, വിഷയം വീണ്ടും അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.

അതേസമയം, നിലവിലേത് വികലമായ ബോർഡാണെന്നും പുനഃസംഘടനക്കുള്ള തയാറെടുപ്പിലാണ് സർക്കാറെന്നും ചൂണ്ടിക്കാട്ടി റവന്യൂ സെക്രട്ടറി അഡ്വക്കറ്റ് ജനറൽ മുഖേന കോടതിയിൽ വിശദീകരണ പത്രിക സമർപ്പിച്ചു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.

പതിനൊന്നംഗ ബോർഡിൽ രണ്ട് അമുസ്‍ലിംകളുടെ ഒഴിവ് നികത്താത്തതും ശിയാവിഭാഗക്കാരുടെയടക്കം പ്രതിനിധികളെ ഉൾപ്പെടുത്താത്തതും ചോദ്യംചെയ്യുന്ന ഹരജികളാണ് പരിഗണിച്ചത്. അമുസ്‍ലിംകളെ ഉൾപ്പെടുത്താത്ത ബോർഡിന്‍റെ പ്രവർത്തനം അസാധുവാക്കണമെന്നായിരുന്നു ബി.ജെ.പി നേതാവ് ഷോൺ ജോർജിന്‍റെ വാദം. പ്രത്യേക വിഭാഗങ്ങളെ പ്രതിനിധീകരിക്കാൻ നിയമപരമായ യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചതെന്ന വാദവുമുണ്ട്.

ഈ വാദങ്ങളെല്ലാം പരിഗണിച്ച് 1995ലെ യൂനിഫൈഡ് വഖഫ് മാനേജ്മെന്‍റ് എംപവർമെന്‍റ്, എഫിഷൻസി ആൻഡ് ഡെവലപ്മെന്‍റ് ആക്ടിലെ 14-ാം വകുപ്പ് പ്രകാരം ബോർഡ് പുനഃസംഘടിപ്പിക്കാൻ തയാറാണെന്ന് വാദത്തിനിടെ സർക്കാറിനു വേണ്ടി അഡ്വക്കറ്റ് ജനറൽ ജാജു ബാബു അറിയിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് വിശദീകരണ പത്രിക നൽകിയതായും വ്യക്തമാക്കി.

സർക്കാർ ഹരജിക്കാരുടെ വാദങ്ങളെ അംഗീകരിക്കുന്നുണ്ടോയെന്ന് കോടതി ഈ സമയത്ത് ചോദിച്ചപ്പോൾ, 11 പേർ വേണ്ടിടത്ത് ഒമ്പത് പേർ മാത്രമാണുള്ളതെന്നും ബോർഡ് രൂപവത്കരണം നിയമാനുസൃതമല്ലെന്നതിൽ യോജിക്കുന്നതായും എ.ജി അറിയിച്ചു. വിവിധ മുസ്‍ലിം വിഭാഗ പ്രതിനിധികളെ നിയമപരമായി ഉൾപ്പെടുത്താൻ മുൻ സർക്കാർ ശ്രമിച്ചില്ലെന്നും എ.ജി ചൂണ്ടിക്കാട്ടി.

എന്നാൽ, അമുസ്‍ലിം നിയമനം സംബന്ധിച്ച് സുപ്രീംകോടതി വിധി കാക്കുന്നതിനാലാണ് നിയമനം നടത്താത്തതെന്നായിരുന്നു വഖഫ് ബോർഡ് അഭിഭാഷകന്‍റെ വാദം. നിയമപ്രകാരം അമുസ്‍ലിം അംഗങ്ങളെ നിയമിച്ചില്ലെങ്കിൽ നിലവിലെ ബോർഡിന് പ്രവർത്തിക്കാൻ അർഹതയില്ലെന്ന് കോടതി പറഞ്ഞു. തുടർന്നാണ് പ്രശ്നം തീർപ്പാകുംവരെ ജോ. സെക്രട്ടറി ബോർഡിന്‍റെ പ്രവർത്തനം നടത്താൻ നിർദേശിച്ചത്.

നയപരമായുള്ള അധികാരങ്ങളും തീരുമാനങ്ങളും എടുക്കാനുള്ള പൂർണമായ അധികാരം നൽകണമെന്ന് കേരള വഖഫ് ബോർഡ് ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:legal battlehigh courtkerala waqf boardKerala NewsSupreme Court
News Summary - Waqf Row Reaches Supreme Court
Next Story