വഖഫ്: ഇന്ന് രാത്രി ഒമ്പതിന് വിളക്കണച്ച് പ്രതിഷേധം
text_fieldsന്യൂഡൽഹി: വഖഫ് സ്വത്തുക്കളിൽ പിടിമുറുക്കി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിനെതിരെ ബുധനാഴ്ച രാത്രി ഒമ്പതു മുതൽ 15 മിനിറ്റ് വിളക്കണച്ച് പ്രതിഷേധിക്കാൻ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ആഹ്വാനം ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി മറ്റു പ്രതിഷേധ പരിപാടികൾ റദ്ദാക്കിയ സാഹചര്യത്തിലാണ് പുതുമയുള്ള പ്രതിഷേധത്തിന് ബോർഡ് തീരുമാനിച്ചത്.
വഖഫിനെതിരായ പ്രതിഷേധം ഭയത്തിൽനിന്നുണ്ടായതല്ലെന്നും നീതിക്കും ഭരണഘടനക്കും വേണ്ടിയുള്ളതാണെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ജനറൽ സെക്രട്ടറി മൗലാന മുഹമ്മദ് ഫസ്ലുർറഹ്മാൻ മുജദ്ദിദി പറഞ്ഞു. ബോർഡിന്റെ ഒന്നാംഘട്ട പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് രാജ്യവ്യാപകമായി പ്രതീകാത്മക പ്രതിഷേധത്തിനുള്ള തീരുമാനം. ബോർഡിന്റെ നേതൃത്വത്തിൽ വഖഫ് ബില്ലിനെതിരെ നടക്കുന്ന ദേശവ്യാപക പ്രക്ഷോഭത്തിൽ മുസ്ലിം സംഘടനകൾക്ക് പുറമെ പ്രതിപക്ഷ പാർട്ടികളും പിന്തുണ നൽകുന്നുണ്ട്.
പങ്കാളികളാവാൻ ആഹ്വാനം ചെയ്ത്മുസ്ലിം സംഘടന നേതാക്കൾ
കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരെ ഏപ്രിൽ 30ന് രാത്രി ഒമ്പതു മുതൽ 9.15 വരെ രാജ്യവ്യാപകമായി വിളക്കണച്ച് പ്രതിഷേധിക്കണമെന്ന ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ബോർഡ് ആഹ്വാനത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് മുസ്ലിം സംഘടന നേതാക്കൾ.
രാഷ്ട്രത്തിന്റെ ഭരണഘടനയെയും മുസ്ലിംകളുടെ വിശ്വാസ സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്ന നീക്കത്തിൽ എല്ലാ പൗരന്മാരും പ്രതിഷേധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ബോർഡിന്റെ പ്രതിഷേധം വിജയിപ്പിക്കണമെന്ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ (സമസ്ത), ഡോ. ഹുസൈൻ മടവൂർ (കെ.എൻ.എം), പി. മുജീബുറഹ്മാൻ (ജമാഅത്തെ ഇസ്ലാമി), തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), പി.എൻ. അബ്ദുല്ലത്തീഫ് മദനി (വിസ്ഡം), സി.പി. ഉമ്മർ സുല്ലമി (മർകസുദ്ദഅ്വ), പ്രഫ. എ.കെ. അബ്ദുൽ ഹമീദ് (കേരള മുസ്ലിം ജമാഅത്ത്), അബ്ദുശ്ശുകൂർ മൗലവി (മെംബർ, പേഴ്സനൽ ലോ ബോർഡ്), പി.പി. മുഹമ്മദ് ഇസ്ഹാഖ് ഖാസിമി (ജംഇയ്യതുൽ ഉലമ ഹിന്ദ്), മുസമ്മിൽ കൗസരി (മെംബർ, പേഴ്സനൽ ബോർഡ്), ഡോ. വി.പി. സുഹൈബ് മൗലവി (പാളയം ഇമാം), ഡോ. പി. ഉണ്ണീൻ (എം.എസ്.എസ്), ഡോ. പി. നസീർ (മെക്ക) എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

