വഖഫ്: മുസ്ലിം ലീഗ് മഹാറാലി ഇന്ന്, അമരീന്ദർ സിങ് രാജാ വാറിങ് മുഖ്യാതിഥിയാകും; കോഴിക്കോട്ട് ഗതാഗത ക്രമീകരണം
text_fieldsകോഴിക്കോട്: വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലി ബുധനാഴ്ച വൈകുന്നേരം മൂന്നിന് കോഴിക്കോട് കടപ്പുറത്ത് നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ പഞ്ചാബ് പി.സി.സി പ്രസിഡന്റും ലോക്സഭാംഗവുമായ അമരീന്ദർ സിങ് രാജാ വാറിങ് മുഖ്യാതിഥിയായിരിക്കുമെന്ന് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും.
മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം ഖാദർ മൊയ്തീൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും. ചെറു പ്രകടനങ്ങളായാണ് സമ്മേളന നഗരിയിലേക്ക് പ്രവർത്തകർ എത്തിച്ചേരുക. മുനമ്പം വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാറാണെന്നും സമുദായങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും പി.എം.എ. സലാം കുറ്റപ്പെടുത്തി.
ബ്രദർഹുഡ് നേതാക്കളുടെ ഫോട്ടോ ഉയർത്തി വഖഫ് ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനെ ലീഗ് അനുകൂലിക്കുന്നില്ല. മതേതര സമൂഹത്തിന്റെ പിന്തുണ നഷ്ടപ്പെടുത്തുന്ന പ്രതിഷേധങ്ങൾ ശരിയല്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് ഇന്ന് ഗതാഗത ക്രമീകരണം
കോഴിക്കോട്: മുസ്ലിം ലീഗിന്റെ വഖഫ് മഹാറാലിയോടനുബന്ധിച്ച് ബുധനാഴ്ച വൈകുന്നേരം മൂന്ന് മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന യാത്രാ വാഹനങ്ങൾ കോരപ്പുഴ - പാവങ്ങാട് പുതിയങ്ങാടി വഴി വെസ്റ്റ്ഹിൽ ചുങ്കത്ത് എത്തി ഇടതു തിരിഞ്ഞ് കാരപ്പറമ്പ് എരഞ്ഞിപ്പാലം അരയിടത്ത് പാലം വഴി പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. തിരിച്ച് പുതിയ ബസ് സ്റ്റാൻഡിൽനിന്ന് സ്റ്റേഡിയം ജങ്ഷൻ പുതിയറ ജങ്ഷൻ അരയിടത്തുപാലം എരഞ്ഞിപ്പാലം - കാരപ്പറമ്പ് - വെസ്റ്റ് ഹിൽ ചുങ്കം വഴി സർവിസ് നടത്തണം. ബാലുശ്ശേരി നരിക്കുനി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാരപ്പറമ്പ് - എരഞ്ഞിപ്പാലം അരയിടത്തു പാലം വഴി സിറ്റിയിൽ പ്രവേശിച്ച് തിരികെ അതേ റൂട്ട് വഴി സർവിസ് നടത്തണം.
ഒരാൾ മാത്രമായി യാത്ര ചെയ്യുന്ന നാലുചക്ര വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ പുറത്തെ സ്വകാര്യ പാർക്കിങ് സൗകര്യം ഉപയോഗപ്പെടുത്തിയും മറ്റും പാർക്ക് ചെയ്യണം. ഇത്തരം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നുവെങ്കിൽ പൊലീസിന്റെ അതാതു സമയത്തെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും.
മലപ്പുറം ജില്ലയിൽനിന്നും തെക്കൻ ജില്ലകളിൽനിന്നും മലപ്പുറം ജില്ല വഴി വരുന്നതുമായ സമ്മേളന വാഹനങ്ങൾ രാമനാട്ടുകര-ഫറോക്ക് ചുങ്കം - ഫറോക്ക് പുതിയ പാലം ചെറുവണ്ണൂർ - അരിക്കാട് - കല്ലായി- പുഷ്പ ജംഗ്ഷനിൽനിന്ന് ഇടതു തിരിഞ്ഞ് ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജ് വഴി കടപ്പുറത്ത് എത്തി ആളുകളെ ഇറക്കിയശേഷം സൗത്ത് ബീച്ച് പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്യണം. കടലുണ്ടിക്കടവ്, കോട്ടക്കടവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഫറോക്ക് പുതിയ പാലം വഴി വന്ന് ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജ് സൗത്ത് ബീച്ചിൽ പാർക്കിങ് ഏരിയയൽ പാർക്ക് എത്തണം.
കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എലത്തൂർ വഴി വെങ്ങാലി പാലത്തിനടിയിലൂടെ വന്ന് വെള്ളയിൽ പൊലീസ് സ്റ്റേഷൻ കഴിഞ്ഞ് പെന്റഗൺ ബിൽഡിങ്ങിനടുത്ത് യൂ ടേൺ എടുത്ത് ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിങ് ഏരിയയിൽ പടിഞ്ഞാറ് ഭാഗത്തായാണ് പാർക്ക് ചെയ്യേണ്ടത്. ബാലുശ്ശേരി, നരിക്കുനി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വേങ്ങേരി, എരഞ്ഞിപ്പാലം, ക്രിസ്ത്യൻ കോളജ്, ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി ഗാന്ധി റോഡ് ജങ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിങ് ഏരിയയിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി പാർക്ക് ചെയ്യണം.മാവൂർ, മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അരയിടത്തുപാലം സരോവരം കെ.പി. ചന്ദ്രൻ റോഡ് - ക്രിസ്ത്യൻ കോളജ് ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി ഗാന്ധി റോഡ് ജങ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിങ് ഏരിയയിൽ പടിഞ്ഞാറ് ഭാഗത്തായി പാർക്ക് ചെയ്യണം.
വയനാടുനിന്ന് താമരശ്ശേരി വഴി വരുന്ന വാഹനങ്ങൾ മലാപ്പറമ്പ് എരഞ്ഞിപ്പാലം സരോവരം കെ.പി. ചന്ദ്രൻ റോഡ് - ക്രിസ്ത്യൻ കോളജ് വഴി ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി ഗാന്ധി റോഡ് ജങ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിങ് ഏരിയയിൽ പടിഞ്ഞാറ് ഭാഗത്തായി പാർക്ക് ചെയ്യണം. ഉള്ള്യേരി ഭാഗത്തുനിന്ന് അത്തോളി വഴി വരുന്ന വാഹനങ്ങൾ പാവങ്ങാട് - പുതിയങ്ങാടി - നടക്കാവ് ക്രിസ്ത്യൻ കോളജ് - ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി ഗാന്ധി റോഡ് ജങ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിങ് ഏരിയയിൽ പടിഞ്ഞാറു ഭാഗത്തായാണ് പാർക്ക് ചെയ്യേണ്ടത്.
പ്രവർത്തകർ തിരികെ വാഹനത്തിനടുത്ത് പോയി വാഹനത്തിൽ കയറണം. അല്ലാതെ വാഹനങ്ങൾ പ്രവർത്തകരെ കയറ്റുന്നതിന് സമ്മേളന സ്ഥലത്തേക്ക് വരാൻ പാടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.