വഖഫ് പുനഃസംഘടന: ലക്ഷ്യം ബോർഡിന്റെ പിന്തുണ ഉറപ്പാക്കൽ
text_fieldsകോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടന വഖഫുമായി ബന്ധപ്പെട്ട് സർക്കാറിന് മുന്നിലെ സുപ്രധാന വിഷയങ്ങൾ പരിഗണിച്ച്. മുനമ്പം മുതൽ വഖഫ് ബോർഡുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളും കേസുകളും പരിഹരിക്കേണ്ടതുള്ളതിനാൽ ബോർഡിന്റെ പൂർണ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഇടതുസർക്കാറിന്റെ അവസാന കാലത്ത് പുനഃസംഘടിപ്പിച്ച ബോർഡ് സർക്കാറിനും വകുപ്പിന്റെ ചുമതലയുള്ള മുസ്ലിം ലീഗിനും പലവിധ തലവേദന സൃഷ്ടിച്ച സാഹചര്യത്തിൽ കൂടിയാണ് പുതിയ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്. ലീഗ് വൈസ് പ്രസിഡന്റ് കൂടിയായ എം.സി. മായിൻഹാജിയെ ചെയർമാനായും മുസ്തഫൽ ഫൈസിയെ അംഗമായും എടുത്തതിലൂടെ സമസ്ത ഇ.കെ വിഭാഗത്തിന് പരിഗണന നൽകിയെന്ന് അവകാശപ്പെടാമെങ്കിലും കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കാത്തത് അവരുടെ കടുത്ത പ്രതിഷേധത്തിനിടയാക്കി.
എന്നാൽ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം നിലവിൽ കാന്തപുരം വിഭാഗത്തിനാണെന്നും കമ്മിറ്റി പുനഃസംഘടിപ്പിക്കുമ്പോൾ കാന്തപുരം വിഭാഗത്തെ പരിഗണിക്കുമെന്നുമാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. അതേസമയം, ഇങ്ങനെയൊരു ധാരണയില്ലെന്നും ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന തങ്ങളെ ബോർഡിൽനിന്ന് തഴഞ്ഞത് ന്യായീകരിക്കാനാവില്ലെന്നും കാന്തപുരം വിഭാഗം നേതാക്കൾ പറഞ്ഞു.
സമസ്ത ഇ.കെ വിഭാഗം സെക്രട്ടറി മുക്കം ഉമർ ഫൈസിയെ തഴഞ്ഞ് മുശാവറയിൽനിന്ന് അച്ചടക്ക നടപടിയെടുത്ത് പുറത്താക്കിയ മുസ്തഫൽ ഫൈസിയെ ബോർഡ് അംഗമാക്കിയതിലൂടെ ചില കണക്കുതീർക്കൽ കൂടിയാണ് ലീഗ് ലക്ഷ്യം. ശക്തനായ ലീഗ് അനുകൂലിയാണ് മുസ്തഫൽ ഫൈസി. ലീഗ് വിരുദ്ധ വിഭാഗത്തിന്റെ പരാതിയിലാണ് അദ്ദേഹത്തെ മുശാവറയിൽനിന്ന് പുറത്താക്കിയത്. തിരിച്ചെടുക്കണമെന്ന് സാദിഖലി തങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും സമസ്ത നേതൃത്വം വഴങ്ങിയിട്ടില്ല. സമസ്ത പ്രസിഡന്റ് ആവശ്യപ്പെട്ട പ്രകാരം രണ്ട് തവണ ക്ഷമാപണ കത്ത് നൽകിയെങ്കിലും മുശാവറ പരിഗണിച്ചില്ല.
അതേസമയം, വഖഫ് വിഷയത്തിലടക്കം ലീഗിനെ കടന്നാക്രമിച്ച മുക്കം ഉമർ ഫൈസിക്കെതിരെ നടപടിയെടുക്കണമെന്ന ലീഗ് അനുകൂല വിഭാഗത്തിന്റെ ആവശ്യവും സമസ്ത നേതൃത്വം പരിഗണിച്ചിട്ടുമില്ല. ഉമർ ഫൈസിയെ ഒഴിവാക്കി മുസ്തഫൽ ഫൈസിയെ വഖഫ് ബോർഡിൽ എടുത്തതിലൂടെ രണ്ട് വിഷയത്തിലും സമസ്തക്ക് വ്യക്തമായ സന്ദേശം നൽകലും ലീഗിന്റെ ലക്ഷ്യമാണ്. മായിൻഹാജിയും മുസ്തഫൽ ഫൈസിയും സമസ്തക്കാരാണെന്നതിനാൽ ലീഗ് വിരുദ്ധ വിഭാഗത്തിന് എതിർശബ്ദമുയർത്താനുമാകില്ല.
മുജാഹിദ് വിഭാഗങ്ങളിൽനിന്ന് കെ.എൻ.എമ്മിനാണ് വഖഫ് ബോർഡിൽ പരിഗണന ലഭിച്ചത്. മറ്റുരണ്ടു വിഭാഗങ്ങൾക്കും ഹജ്ജ് കമ്മിറ്റി ഉൾപ്പെടെ പുനഃസംഘടിപ്പിക്കുമ്പോർ പ്രാതിനിധ്യം നൽകുമെന്നാണ് സൂചന. ദക്ഷിണ കേരള ജംഇയതുൽ ഉലമയെ പരിഗണിച്ചതിലൂടെ തെക്കൻ മേഖലയിൽ അവരുടെ പിന്തുണ ഉറപ്പാക്കാനുമാകും. വനിത പ്രാതിനിധ്യത്തിൽ കോൺഗ്രസിനെയും വെൽഫെയർ പാർട്ടിയെയും പരിഗണിക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

