Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഖഫ് ബോർഡ് പുനഃസംഘടന: സ്റ്റേ ആവശ്യം ഹൈകോടതി ഡിവിഷൻ ബെഞ്ചും തള്ളി

text_fields
bookmark_border
ചെയർമാനും അംഗങ്ങൾക്കും നോട്ടീസ്
Waqf Board Reorganisation
cancel

കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് പുതിയ ചെയർമാനെയും അംഗങ്ങളെയും നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈകോടതി ഡിവിഷൻ ബെഞ്ചും തള്ളി. പുനഃസംഘടനയും ഇത് സ്റ്റേ ചെയ്യാതിരുന്ന സിംഗിൾ ബെഞ്ച് ഉത്തരവും റദ്ദാക്കണമെന്നും തങ്ങളെ തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുൻ ചെയർമാൻ കെ.എസ്. ഹംസയും അംഗമായിരുന്ന ഉസ്മാൻ ഹാജിയും നൽകിയ അപ്പീലിലെ ഇടക്കാല ആവശ്യമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.

ഇതേ ആവശ്യം നേരത്തെ സിംഗിൾ ബെഞ്ച് തള്ളുകയും ഹരജി തുടർന്ന് കേൾക്കാൻ ഡിവിഷൻ ബെഞ്ചിലേക്ക് വിടുകയും ചെയ്തിരുന്നു. എന്നാൽ, ബോർഡ് പുനഃസംഘടന നടപ്പാവുകയും പുതിയ സമിതി പ്രവർത്തനം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ സ്റ്റേ സാധ്യമല്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പുതിയ ബോർഡ് ചെയർമാനും അംഗങ്ങൾക്കും പ്രത്യേക ദൂതൻ വഴി നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, ഹരജി വീണ്ടും അടുത്ത വ്യാഴാഴ്ച പരിഗണിക്കും. കഴിഞ്ഞ സർക്കാർ ബോർഡ് രൂപവത്കരിച്ച് ഫെബ്രുവരി നാലിനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് റദ്ദാക്കിയാണ് പുതിയ സർക്കാർ പുനഃസംഘടന നടത്തി ഈ മാസം 16ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരായ ഹരജി അവധി ദിവസമായിട്ടും പ്രത്യേക സിറ്റിങ് നടത്തി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

മുസ്‌ലിം ഇതര അംഗങ്ങളെയും ശിയ, ബോറ, അഗാഖനി വിഭാഗത്തിൽനിന്നുള്ളവരെയും ഫെബ്രുവരി നാലിലെ ഉത്തരവ് പ്രകാരം രൂപവത്കരിച്ച ബോർഡിലേക്ക് നാമനിർദേശം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹരജികൾ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലാണെന്ന് അപ്പീൽ ഹരജിയിൽ പറയുന്നു. അമുസ്‍ലിം അംഗങ്ങളുടെ ഒഴിവുകളടക്കം നികത്തുമെന്ന് ഈ ഹരജിയിൽ സർക്കാർ അറിയിക്കുകയും ഇക്കാര്യം രേഖപ്പെടുത്തി അതിന് കോടതി നിർദേശിക്കുകയും ചെയ്തതാണ്. ഇതടക്കം നിലവിലുള്ള ഒഴിവുകൾ നികത്തുമെന്ന ഉറപ്പ് പാലിക്കാതെ അതിന്‍റെ മറവിൽ ബോർഡ് പൂർണമായി പുനഃസംഘടിപ്പിക്കുകയാണ് സർക്കാർ ചെയ്തതെന്ന് ഹരജിക്കാർ പറഞ്ഞു.

ഫെബ്രുവരിയിൽ രൂപവത്കരിച്ച വഖഫ് ബോർഡിന്‍റെ നിയമപരമായ കാലാവധിയായ അഞ്ച് വർഷം പൂർത്തിയാകുന്നതിനു മുമ്പ് ചെയർമാനെയും അംഗങ്ങളെയും മാറ്റാൻ സർക്കാറിന് അധികാരമില്ല. നിലവിലെ ബോർഡ് പിരിച്ചുവിടാനോ അംഗങ്ങളെ നീക്കാനോ വഖഫ് നിയമത്തിൽ പ്രത്യേക വ്യവസ്ഥയുണ്ട്. തീരുമാനമെടുക്കും മുമ്പ് ബന്ധപ്പെട്ടവരുടെ ഭാഗം കേൾക്കണമെന്നുണ്ട്. ഇത്തരമൊരു നടപടിയുണ്ടായില്ലെന്നും സ്വാഭാവിക നീതി ലംഘനമുണ്ടായെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. കോടതി നിർദേശം ലംഘിച്ച് ബോർഡ് പുനഃസംഘടിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്ന ഉപഹരജികളിൽ വിശദീകരണം നൽകാൻ ഡിവിഷൻബെഞ്ച് നിർദേശിച്ചതിന് തൊട്ടു പിന്നാലെയാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് പാലിക്കാതെ സർക്കാർ ഉത്തരവിറക്കിയതെന്നും ഹരജിക്കാർ പറഞ്ഞു. എന്നാൽ, സിംഗിൾ ബെഞ്ച് ഉത്തരവും സർക്കാർ ഉത്തരവും സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഡിവിഷൻ ബെഞ്ച്, ഹരജി ഡിവിഷൻ ബെഞ്ചിലേക്ക് വിട്ട സിംഗിൾ ബെഞ്ചിന്‍റെ നടപടിയിലെ സാധുത പരിശോധിക്കുമെന്ന് വ്യക്തമാക്കി. തുടർന്നാണ് വിശദീകരണം തേടി പിന്നീട് പരിഗണിക്കാനായി ഹരജി മാറ്റിയത്.

വഖഫ് ബോർഡ് അഴിമതി: വിശദീകരണം തേടി ഹൈകോടതി

കൊച്ചി: വഖഫ് ബോർഡുമായി ബന്ധപ്പെട്ട് 2016 കാലഘട്ടത്തിൽ ഉയർന്ന അഴിമതി ആരോപണങ്ങളിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെയും വഖഫ് ബോർഡിന്‍റെയും വിശദീകരണം തേടി. കേസെടുത്ത് അന്വേഷിക്കാൻ രണ്ടുതവണ വിജിലൻസ് കോടതി ഉത്തരവുണ്ടായിട്ടും നടപ്പായില്ലെന്നതടക്കം ചൂണ്ടിക്കാട്ടി തൃക്കാക്കര സ്വദേശി ടി.എം. അബ്ദുൽ സലാം നൽകിയ ഹരജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ പരിഗണിച്ചത്. ആരോപണവിധേയരിൽ ഒരാളായ മുൻ ഭരണസമിതിയംഗം എം.സി. മായിൻ ഹാജിയെ കഴിഞ്ഞ ദിവസത്തെ ബോർഡ് പുനഃസംഘടനയിൽ ചെയർമാനാക്കിയ സാഹചര്യത്തിലാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ഹരജി വീണ്ടും ജനുവരി അഞ്ചിന് പരിഗണിക്കാൻ മാറ്റി.

താൽക്കാലികക്കാരായിരുന്ന നാലുപേരെ ഉത്തരവുകൾ ലംഘിച്ച് അന്നത്തെ ബോർഡ് സ്ഥിരനിയമനം നൽകി, എസ്.ബി.ഐയിലായിരുന്നു വഖഫ് ബോർഡിന്‍റെ നിക്ഷേപങ്ങൾ മറ്റൊരു ബാങ്കിലേക്ക് മാറ്റി, അധികാര ദുർവിനിയോഗവും ഫണ്ട് ദുരുപയോഗവും നടത്തി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് നൽകിയ ഹരജിയിലാണ് കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.

സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടിട്ടില്ല- ഹുസൈൻ സഖാഫി

മലപ്പുറം: വഖഫ് ബോർഡ് പുനസംഘടനയിലെ സമവായ ഫോർമുലയുമായി ബന്ധപ്പെട്ട് ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെക്കാൻ നേതൃത്വമോ സംഘടനയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട്. സംഘടന പറഞ്ഞാൽ രാജി വെക്കും. കാന്തപുരം അബൂബക്കർ മുസ് ലിയാരുമായി മന്ത്രി എൻ. ഷംസുദ്ദീൻ നടത്തിയ ചർച്ചയിൽ അത്തരമൊരു തീരുമാനമുണ്ടായതായി അറിയില്ല. 2027 നവംബർ വരെയാണ് ഹജ്ജ് കമ്മറ്റിയുടെ കാലാവധി. ഹജ്ജിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കമ്മറ്റി മാറിയാൽ പല നടപടികളിലും പ്രതിസന്ധികൾക്ക് സാധ്യതയുണ്ട്. മന്ത്രി കൂടി പങ്കെടുക്കുന്ന ഹജ്ജ് കമ്മറ്റി യോഗത്തിൽ അത്തരം അഭിപ്രായങ്ങളുയരുമെന്നും ഹുസൈൻ സഖാഫി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Waqf Board Reorganisation: High Court Division Bench Also Rejects Plea for Stay
Next Story