മുസ്‌ലിം-അമുസ്‌ലിം പ്രശ്നമല്ല: വഖഫ് ബോർഡിലെ പിഴവുകൾ തിരുത്താൻ സർക്കാറിന് അധികാരമുണ്ടെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ
text_fieldsഎൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: വഖഫ് ബോർഡിലെ പിഴവുകൾ തിരുത്താൻ സർക്കാറിന് അധികാരമുണ്ടെന്നും ഇതൊരു നയപരമായ പ്രശ്നമാണെന്നും മന്ത്രി എൻ. ഷംസുദ്ദീൻ. ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെട്ടുള്ള തർക്കമല്ല നിലനിൽക്കുന്നതെന്നും സർക്കാർ ആരെയും ടാർഗറ്റ് ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.
വഖഫ് ബോർഡിലെ അമുസ്‍ലിം നിയമനത്തിൽ സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയിൽ നിലപാട് അറിയിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പിഴവുകൾ പരിഹരിച്ച് വഖഫ് ബോർഡ് പുനഃസംഘടന നടത്താമെന്ന് സർക്കാർ ഹൈകോടതിയെ ഇന്ന് അറിയിച്ചിരുന്നു. വഖഫ് ബോർഡിൽ സങ്കീർണത സൃഷ്ടിക്കാനില്ലെന്നും സുപ്രീം കോടതിക്ക് ശേഷം മാത്രമേ വിഷയത്തിൽ തീരുമാനമെടുക്കൂവെന്നും ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. മൂന്ന് വഖഫ് ബോർഡ് അംഗങ്ങളുടെ യോഗ്യത പരിശോധിക്കുമെന്നും വ്യക്തമാക്കി.
‘ബോർഡ് പുനഃസംഘടിപ്പിക്കുന്നത് സർക്കാറിന്‍റ അധികാരമെന്നാണ് കോടതി പറഞ്ഞത്. നിലവിലുള്ള ബോർഡിലെ പിഴവ് തിരുത്താൻ സർക്കാറിന് അധികാരമുണ്ട്. നിലവിൽ സുപ്രീം കോടതിയിൽ ഹരജിയുണ്ട്. ഇത് മുസ്‌ലിം-അമുസ്‌ലിം പ്രശ്നമല്ലെന്നാണ് പറയാനുള്ളത്. വഖഫിനെ ദുർബലപ്പെടുത്തുകയെന്നായിരുന്നു കേന്ദ്രത്തിന്‍റെ നീക്കം. ഇതൊരു നയപരമായ പ്രശ്നമാണ്’ -ഷംസുദ്ദീൻ പറഞ്ഞു.
ഫ്രീഡം ക്വിസിൽ സവർക്കറെ പുകഴ്ത്തി ചോദ്യങ്ങൾ തയാറാക്കിയ അധ്യാപകന്‍റെ സസ്പെൻഷൻ ഹൈകോടതി സ്റ്റേ ചെയ്തത് അന്തിമമല്ലെന്നും കോടതി നൽകിയത് താൽക്കാലിക സ്റ്റേയാണെന്നും മന്ത്രി പ്രതികരിച്ചു. വിഷയത്തിൽ വകുപ്പുതല നടപടിയാണ് സ്വീകരിച്ചതെന്നും സർക്കാറിന്‍റെ നിലപാട് എന്താണെന്ന് കോടതിയെ ബോധിപ്പിക്കുമെന്നും ഷംസുദ്ദീൻ വ്യക്തമാക്കി.
വഖഫ് ഭേദഗതി നിയമപ്രകാരം രണ്ട് അമുസ്‍ലിംകളെ നിയമിക്കണം എന്ന വ്യവസ്ഥയിൽ സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ തൽക്കാലം ആ പദവികൾ ഒഴിച്ചിടാനാണ് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. വഖഫ് ബോർഡുകളിലും ട്രൈബ്യൂണലുകളിലും അമുസ്‌ലിംകൾക്ക് പ്രാതിനിധ്യം നൽകുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി സർക്കാർ നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

