Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വഖഫ് ബോർഡ് മെമ്പറാകാൻ മുശാവറ ആകണമെന്നില്ല; ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി വിഭാഗം’ -സാദിഖലി ശിഹാബ് തങ്ങൾ

text_fields
bookmark_border
‘വഖഫ് ബോർഡ് മെമ്പറാകാൻ മുശാവറ ആകണമെന്നില്ല; ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി വിഭാഗം’ -സാദിഖലി ശിഹാബ് തങ്ങൾ
cancel

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ മുസ്‍ലിം സംഘടനകൾക്കെല്ലാം പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നും നിലവിൽ പരിഗണന ലഭിക്കാത്തവരെ മറ്റു സമിതികൾ വരുമ്പോൾ പരിഗണിക്കുമെന്നും മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ.

മുസ്തഫൽ ഫൈസി ഇ.കെ വിഭാഗം നോമിനിയാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. അദ്ദേഹത്തെ മുശാവറയിൽ നിന്ന് പുറത്താക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, വഖഫ് ബോർഡിൽ അംഗമാകാൻ മുശാവറ മെമ്പർ ആകണമെന്നില്ല എന്നായിരുന്നു തങ്ങളുടെ മറുപടി.

‘ഇനി ഹജ്ജ് കമ്മിറ്റിയും മദ്റസ ക്ഷേമനിധി ബോർഡും വരാനുണ്ട്. വഖഫ് ബോർഡിൽ അംഗത്വം കിട്ടാത്തവരെ അതിൽ പരിഗണിക്കും. പക്ഷപാതപരമായിട്ടല്ല വഖഫ് ബോർഡ് പ്രവർത്തിക്കുക. എല്ലാവരുടെയും എല്ലാ സ്ഥാപനങ്ങളുടെയും പ്രശ്നങ്ങൾ വഖഫ് ബോർഡ് കൈകാര്യം ചെയ്യും. അതിൽ ആരും വിഭാഗീയതയൊന്നും കലർത്തുകയില്ല’ -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘കാന്തപുരം വിഭാഗമാണ് നിലവിൽ ഹജ്ജ് കമ്മിറ്റിയുടെ ചെയർമാൻ. അദ്ദേഹത്തെ മാറ്റിയിട്ടില്ല. സമസ്തയിൽ നിന്ന് രണ്ടു പ്രതിനിധികളുണ്ട്. ഒന്ന് ചെയർമാൻ തന്നെയാണ്. അദ്ദേഹം സമസ്തക്കാരനാണ് സമസ്തയുടെ മുൻനിരയിൽ ഉള്ള ആളാണ്. മുസ്തഫൽ ഫൈസിയും സമസ്ത പ്രതിനിധി തന്നെയാണ്. സമസ്ത ഇകെ വിഭാഗത്തിന്റെ ആളാണ് മുസ്തഫൽ ഫൈസി. ഇകെ വിഭാഗത്തിന്റെ നോമിനിയായാണ് അദ്ദേഹത്തെ എടുത്തിട്ടുള്ളത്. . അദ്ദേഹം ഒരു പണ്ഡിതനുമാണ്. കാറ്റഗറി അടിസ്ഥാനമാക്കിയാണ് മുസ്തഫൽ ഫൈസിയെയും എടുത്തത്.

വഖഫ് ബോർഡ് ഏതെങ്കിലും വിഭാഗത്തിന്റേതല്ല. പ്രശ്നങ്ങൾ എവിടെയാണോ വരുന്നത് അവിടെ നിഷ്പക്ഷമായി ഇടപെട്ട് അത് പരിഹരിക്കും. പ്രാതിനിധ്യം സംബന്ധിച്ച് ഞങ്ങളോട് ആരും ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. പരാതിയുള്ളവരെ കാണുമ്പോൾ അവരോട് സംസാരിക്കും. ആ തരത്തിലുള്ള കൂടിയാലോചനകൾ നടന്നുകൊണ്ടിരിക്കുകയാണ്’ -സാദിഖലി തങ്ങൾ പറഞ്ഞു.

ഇടതുസർക്കാറിന്‍റെ അവസാന കാലത്ത് പുനഃസംഘടിപ്പിച്ച നിലവിലുള്ള വഖ്ഫ് ബോർഡ് സർക്കാറിനും വകുപ്പിന്‍റെ ചുമതലയുള്ള മുസ്‍ലിം ലീഗിനും പലവിധ തലവേദന സൃഷ്ടിച്ച സാഹചര്യത്തിൽ കൂടിയാണ് പുതിയ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്. വഖഫുമായി ബന്ധപ്പെട്ട് സർക്കാറിന് മുന്നിലെ സുപ്രധാന വിഷയങ്ങൾ പരിഗണിച്ചാണിത്. മുനമ്പം മുതൽ വഖഫ് ബോർഡുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളും കേസുകളും പരിഹരിക്കേണ്ടതുള്ളതിനാൽ ബോർഡിന്‍റെ പൂർണ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ലീഗ് വൈസ് പ്രസിഡന്‍റ് കൂടിയായ എം.സി. മായിൻഹാജിയെ ചെയർമാനായും മുസ്തഫൽ ഫൈസിയെ അംഗമായും എടുത്തതിലൂടെ സമസ്ത ഇ.കെ വിഭാഗത്തിന് പരിഗണന നൽകിയെന്ന് അവകാശപ്പെടാമെങ്കിലും കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കാത്തത് അവരുടെ കടുത്ത പ്രതിഷേധത്തിനിടയാക്കി. എന്നാൽ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം നിലവിൽ കാന്തപുരം വിഭാഗത്തിനാണെന്നും കമ്മിറ്റി പുനഃസംഘടിപ്പിക്കുമ്പോൾ കാന്തപുരം വിഭാഗത്തെ പരിഗണിക്കുമെന്നുമാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. അതേസമയം, ഇങ്ങനെയൊരു ധാരണയില്ലെന്നും തങ്ങളെ ബോർഡിൽനിന്ന് തഴഞ്ഞത് ന്യായീകരിക്കാനാവില്ലെന്നും കാന്തപുരം വിഭാഗം നേതാക്കൾ പറഞ്ഞു.

സമസ്ത ഇ.കെ വിഭാഗം സെക്രട്ടറി മുക്കം ഉമർ ഫൈസിയെ തഴഞ്ഞ് മുശാവറയിൽനിന്ന് അച്ചടക്ക നടപടിയെടുത്ത് പുറത്താക്കിയ മുസ്തഫൽ ഫൈസിയെ ബോർഡ് അംഗമാക്കിയതിലൂടെ ചില കണക്കുതീർക്കൽ കൂടിയാണ് ലീഗ് ലക്ഷ്യം. ശക്തനായ ലീഗ് അനുകൂലിയാണ് മുസ്തഫൽ ഫൈസി. ലീഗ് വിരുദ്ധ വിഭാഗത്തിന്‍റെ പരാതിയിലാണ് അദ്ദേഹത്തെ മുശാവറയിൽനിന്ന് പുറത്താക്കിയത്. തിരിച്ചെടുക്കണമെന്ന് സാദിഖലി തങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും സമസ്ത നേതൃത്വം വഴങ്ങിയിട്ടില്ല. സമസ്ത പ്രസിഡന്‍റ് ആവശ്യപ്പെട്ട പ്രകാരം രണ്ട് തവണ ക്ഷമാപണ കത്ത് നൽകിയെങ്കിലും മുശാവറ പരിഗണിച്ചില്ല.

അതേസമയം, വഖഫ് വിഷയത്തിലടക്കം ലീഗിനെ കടന്നാക്രമിച്ച മുക്കം ഉമർ ഫൈസിക്കെതിരെ നടപടിയെടുക്കണമെന്ന ലീഗ് അനുകൂല വിഭാഗത്തിന്‍റെ ആവശ്യവും സമസ്ത നേതൃത്വം പരിഗണിച്ചിട്ടുമില്ല. ഉമർ ഫൈസിയെ ഒഴിവാക്കി മുസ്തഫൽ ഫൈസിയെ വഖഫ് ബോർഡിൽ എടുത്തതിലൂടെ രണ്ട് വിഷയത്തിലും സമസ്തക്ക് വ്യക്തമായ സന്ദേശം നൽകലും ലീഗിന്‍റെ ലക്ഷ്യമാണ്. മായിൻഹാജിയും മുസ്തഫൽ ഫൈസിയും സമസ്തക്കാരാണെന്നതിനാൽ ലീഗ് വിരുദ്ധ വിഭാഗത്തിന് എതിർശബ്ദമുയർത്താനുമാകില്ല.

മുജാഹിദ് വിഭാഗങ്ങളിൽനിന്ന് കെ.എൻ.എമ്മിനാണ് വഖഫ് ബോർഡിൽ പരിഗണന ലഭിച്ചത്. മറ്റുരണ്ടു വിഭാഗങ്ങൾക്കും ഹജ്ജ് കമ്മിറ്റി ഉൾപ്പെടെ പുനഃസംഘടിപ്പിക്കുമ്പോർ പ്രാതിനിധ്യം നൽകുമെന്നാണ് സൂചന. ദക്ഷിണ കേരള ജംഇയതുൽ ഉലമയെ പരിഗണിച്ചതിലൂടെ തെക്കൻ മേഖലയിൽ അവരുടെ പിന്തുണ ഉറപ്പാക്കാനുമാകും. വനിത പ്രാതിനിധ്യത്തിൽ കോൺഗ്രസിനെയും വെൽഫെയർ പാർട്ടിയെയും പരിഗണിക്കുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Waqf Board gave representation to all groups, says Sadiq Ali Thangal
Next Story