വഖഫ് നിയമഭേദഗതി: പിന്തുണച്ചില്ലെങ്കിൽ കേരളത്തിലെ എം.പിമാർ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരുമെന്ന് ദീപിക മുഖപ്രസംഗം
text_fieldsകോഴിക്കോട്: വഖഫ് നിയമഭേദഗതിയെ പിന്തുണച്ചില്ലെങ്കിൽ കേരളത്തിലെ എം.പിമാർ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരുമെന്ന് കത്തോലിക്കസഭ മുഖപത്രം ദീപികയുടെ മുഖപ്രസംഗം. വഖഫ് ഭേദഗതി ബിൽ സർക്കാർ എപ്പോൾ വേണമെങ്കിലും പാർലമെന്റിൽ വെക്കും. ഇൻഡ്യമുന്നണി അതിനെ എതിർക്കുകയാണെങ്കിലും മുനമ്പത്തെ നൂറുകണക്കിനു കുടുംബങ്ങളെ തെരുവിലിറക്കാൻ ഇടയാക്കിയ വഖഫ് നിയമം ഭേദഗതി ചെയ്യാൻ കോൺഗ്രസിനോടും സി.പി.എമ്മിനോടും ഒരിക്കൽകൂടി അഭ്യർഥിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ ദീപിക പറയുന്നു.
വഖഫ് നിയമഭേദഗതി മുസ്ലിം സമുദായത്തിലെ ഒരാൾക്കും നീതി നിഷേധിക്കുന്നില്ല. വഖഫ് നിയമത്തിന്റെ ഇരകളായ ആയിരക്കണക്കിനു ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം പൗരന്മാർ നേരിടുന്ന അനീതിക്ക് അറുതി വരുത്തുകയും ചെയ്യുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
കേരളത്തിലെ എംപിമാരോട് കഴിഞ്ഞദിവസം കെ.സി.ബി.സി (കേരള കത്തോലിക്കാ മെത്രാൻ സംഘം) ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. "മുനമ്പത്തെ ജനങ്ങൾ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചുവന്ന ഭൂമിക്കുമേലുള്ള റവന്യു അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്തവിധം ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യണം.
മുനമ്പത്തെ ജനത്തിന് ഭൂമി വിറ്റ ഫാറൂഖ് കോളജ് തന്നെ, പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എതിർവാദം ഉന്നയിക്കത്തക്കവിധമുള്ള വകുപ്പുകൾ വഖഫ് നിയമത്തിൽ ഉള്ളത് ഭേദഗതി ചെയ്യാൻ ജനപ്രതിനിധികൾ സഹകരിക്കണം” എന്നാണ് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടത്.
1995ലെ വഖഫ് നിയമത്തിലെ 40-ാം അനുച്ഛേദപ്രകാരം ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം.
ഇരകൾ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചുകൊള്ളണം. 40-ാം വകുപ്പിന്റെ ഈ കൈയേറ്റസാധ്യത ഉപയോഗിച്ചാണ് 2019ൽ കൊച്ചി വൈപ്പിൻ ദ്വീപിലെ മുനമ്പം വേളാങ്കണ്ണി കടപ്പുറത്തെ 404 ഏക്കർ ഭൂമി വഖഫ് ബോർഡിന്റെ ആസ്തിവിവരത്തിൽ ഉൾപ്പെടുത്തിയത്.
വഖഫ് നിയമം ആ കുടുംബങ്ങളിലെ പ്രകാശം കെടുത്തിക്കളഞ്ഞു. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് വസ്തുവില്പന നടത്തിയ ഫാറൂഖ് കോളജ് മാനേജ്മെന്റും വാങ്ങിയ മുനമ്പം നിവാസികളും ആണയിട്ടു പറഞ്ഞിട്ടും അവകാശമുന്നയിക്കാൻ ബോർഡിനു കഴിയുന്നത് ഈ നിയമം ഉള്ളതുകൊണ്ടു മാത്രമാണ്.
അതുകൊണ്ടുമാത്രമാണ് വഖഫ് സംരക്ഷണവേദി പോലെയുള്ള ബിനാമി സംഘടനകൾക്ക് മുനമ്പം നിവാസികളെ ദ്രോഹിക്കാനും കോടതിയിൽ ഹരജി സമർപ്പിക്കാനും കഴിയുന്നതെന്നും മുഖപ്രസംഗത്തിൽ ദീപിക വിമർശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

