മുഴുവൻ സീറ്റും തങ്ങൾക്ക് വേണം; ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പു വള്ളമാണ് ജോസ് വിഭാഗമെന്ന് പി.ജെ. ജോസഫ്
text_fieldsഇടുക്കി: ജോസ് കെ മാണി പക്ഷം യു.ഡി.എഫിൽ ഇല്ലാത്ത സാഹചര്യത്തിൽ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളിൽ സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് പി.ജെ ജോസഫ്. നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കേരളാ കോൺഗ്രസ്-എം മത്സരിച്ച സീറ്റുകൾ യു.ഡി.എഫ് നൽകണം. കൂടുതൽ സീറ്റുകൾ തങ്ങൾക്ക് വേണ്ട. കൂടുതൽ സീറ്റുകൾ തന്നാലും വാങ്ങില്ല. എന്നാൽ സ്റ്റാറ്റസ്‌കോ പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കേരളാ കോൺഗ്രസ്-എം ജോസ് കെ. മാണി വിഭാഗത്തെ പി.ജെ ജോസഫ് പരിഹസിച്ചു. ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പു വള്ളമാണ് ജോസ് വിഭാഗം. എപ്പോൾ വേണമെങ്കിലും ആ വള്ളം മുങ്ങാമെന്ന് ജോസഫ് വിമർശിച്ചു. കേരളാ കോൺഗ്രസിൽ നേതാക്കൾ ഏറെയും ജോസിനെ കൈവിട്ടിരിക്കുകയാണ്. ഇല്ലാത്ത കാര്യം പറയുന്ന റോഷി അഗസ്റ്റിൻ എം.എൽ.എ മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്. ജോസ് കെ. മാണിയുടെ കുഴലൂത്തുകാരനായി റോഷി മാറിയിരിക്കുകയാണെന്നും ജോസഫ് പറഞ്ഞു.