പിണറായിയുടെ ഏകാധിപത്യ ഭരണം വീണ്ടും വേണോ?; കേരളം ഉറങ്ങിയപ്പോൾ ഞാൻ ഉണർന്നിരുന്നു -ചെന്നിത്തല
text_fieldsകോഴിക്കോട്: ഞാനാണ് രാഷ്ട്രം എന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റേതെന്നും ഈ ഏകാധിപത്യം വീണ്ടും വരണമോ എന്ന് കേരളത്തിലെ ജനങ്ങൾ തീരുമാനിക്കട്ടെ എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായിക്ക് ധാർഷ്ട്യവും അഹങ്കാരവും ധിക്കാരവും ആണ്. ഇത് ചൈനയോ കൊറിയ യോ അല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സി.പി.എം നാലു ലക്ഷത്തോളം വ്യാജ വോട്ടർമാരെ ചേർത്തെന്ന ആരോപണം ചെന്നിത്തല ആവർത്തിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നു. കള്ളവോട്ട് തടയലാണ് അടുത്ത ലക്ഷ്യം. തെരഞ്ഞെടുപ്പ് സുതാര്യമാകണമെങ്കിൽ വോട്ടർപട്ടിക സുതാര്യമാകണം. ഇരട്ടവോട്ട് വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് എ.ഐ.സി.സി സംഘം പരാതി നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കേരളം ഉറങ്ങുമ്പോൾ താൻ ഉണർന്നിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ഒരു വിഷയം കത്തിക്കാളുമ്പോൾ അടുത്ത വിഷയം വന്നു. മുഖ്യമന്ത്രി തന്നെ അപമാനിക്കുകയും സൈബർ ഗുണ്ടകളെ കൊണ്ട് ആക്രമിക്കുകയും ചെയ്തു. എന്നാൽ, ഉന്നയിച്ച വിഷയങ്ങളെ ആദ്യം പ്രതിരോധിച്ച പിണറായി സർക്കാറിന് പിന്നീട് അതിൽ നിന്ന് പിന്മാറേണ്ടി വന്നു. സർക്കാറിന്‍റെ അഴിമതിയും കൊള്ളയും കണ്ടാൽ മിണ്ടാതിരിക്കാനാവില്ല. പണം കൊടുത്ത് ആളെവെച്ചാൽ കോൺഗ്രസിനും സൈബർ ആക്രമണം നടത്താം. അത് കോൺഗ്രസിന്‍റെ ശൈലിയല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
തന്‍റെ നേതൃത്വം അംഗീകരിക്കില്ലെന്ന് മുസ് ലിം ലീഗ് പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. ലീഗ് എന്നല്ല ഒരു കക്ഷിക്കും മുന്നണിയിൽ അമിത പ്രാധാന്യമില്ല. പിണറായിക്കെതിരെ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമില്ല. യു.ഡി.എഫും താനും ഉന്നയിച്ച വിഷയങ്ങളിലെല്ലാം കുഞ്ഞാലിക്കുട്ടി ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കൂട്ടായ നേതൃത്വമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
ചാനലുകളുടെ റേറ്റിങ് അല്ല ജനങ്ങളുടെ റേറ്റിങ് ആണ് പ്രധാനം. എ.ഐ.സി.സി നടത്തിയത് സർവേ അല്ലെന്നും പഠനമാണെന്നും ചാനൽ അഭിമുഖത്തിൽ ചെന്നിത്തല പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.