കള്ളാടി തുരങ്ക ദുരന്തം: മുന്നറിയിപ്പ് ജൂണിൽ കിട്ടി
text_fieldsകൽപറ്റ: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാത നിർമാണ പ്രവൃത്തിയിൽ അശാസ്ത്രീയ രീതികളാണ് അവലംബിക്കുന്നതെന്നും ഇത് അപകടസാധ്യയുണ്ടാക്കുന്നുവെന്നും കഴിഞ്ഞ ജൂണിൽതന്നെ കേന്ദ്ര ജിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) ഇത് സംബന്ധിച്ച റിപ്പോർട്ട് നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിന് കഴിഞ്ഞ ജൂൺ 14ന് തന്നെ നൽകി. എന്നാൽ അശാസ്ത്രീയ രീതികൾ മാറ്റാൻ കമ്പനി തയാറായില്ലെന്നാണ് ദുരന്തം തെളിയിക്കുന്നത്.
ജൂൺ ആറ് മുതൽ 11വരെ പദ്ധതി പ്രദേശത്ത് ദിലീപ് കമ്പനിയോടൊത്ത് നടത്തിയ സംയുക്ത പരിശോധനക്ക് ശേഷമാണ് ജി.എസ്.ഐ റിപ്പോർട്ട് തയാറാക്കിയത്. തുരങ്ക ഭാഗത്തുനിന്ന് മാറി വനംവകുപ്പിന്റെ പ്രദേശത്തുനിന്ന് മലയിടിച്ചിൽ ഉണ്ടായെന്നും ഇതാണ് ദുരന്ത കാരണമെന്നുമാണ് നിർമാണ കമ്പനി നൽകുന്ന വിശദീകരണം. എന്നാൽ, മലയിടിഞ്ഞ് ഒഴുകിവന്ന കല്ലും മണ്ണിനുമൊപ്പം തുരങ്കപാതക്കായി മണ്ണെടുത്തതിന് ശേഷം നിർമിച്ച ഭീമൻ കോൺക്രീറ്റ് ഭിത്തികളും കുത്തിയൊലിച്ചാണ് ദുരന്തമുണ്ടായത്. ജി.എസ്.ഐ നേരത്തേ നൽകിയ റിപ്പോർട്ടും ഇക്കാര്യങ്ങൾ ശരിവെക്കുന്നതാണ്.
മീനാക്ഷി മലയിൽ തുരങ്കം നിർമിക്കുന്ന സ്ഥലത്തേക്ക് എത്താനായി മണ്ണ് എടുക്കുന്ന പ്രവൃത്തികളായിരുന്നു നടന്നുവന്നിരുന്നത്. മണ്ണ് ചെത്തിയെടുത്തതിന് ശേഷം ഈ ഭാഗങ്ങൾ വലിയ പടികളെന്നോണം മുകളിൽ കോൺക്രീറ്റ് ചെയ്ത് മണ്ണിടിച്ചിൽ തടയാനുള്ള കോൺക്രീറ്റ് ഭിത്തി നിർമിച്ചിരുന്നു. മീനാക്ഷിയിൽ ഇതിന് ‘സോയിൽ നെയിലിങ്’ സാങ്കേതികവിദ്യയാണ് കമ്പനി ഉപയോഗിച്ചത്. മണ്ണിൽ കമ്പി അടിച്ചുകയറ്റിയാണ് ഇത്തരത്തിൽ കോൺക്രീറ്റ് ചെയ്യുക. ഇതിന് മുകളിൽ മഴവെള്ളം ഒലിച്ചുപോകാനായി ചാലുകളും നിർമിക്കും. ഇത് വയനാടിന്റെ ദുർബലമായ മണ്ണിന് യോജിച്ചതല്ലെന്നും പകരം റോക്ക് നെയിലിങ് രീതിയാണ് വേണ്ടതെന്നുമാണ് ജി.എസ്.ഐ നിർദേശിച്ചത്. എടുത്ത മണ്ണിനും താഴെയുള്ള പാറയിലേക്ക് കമ്പി അടിച്ചിറക്കി കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്ന രീതിയാണിത്. ഈ രീതി പിന്തുടരാൻ നിർമാണ കമ്പനി തയാറായില്ല. ഇതോടെയാണ് മലയുടെ ഭാഗം ഇടിഞ്ഞ് താഴോട്ടുപതിച്ചപ്പോൾ സോയിൽ നെയ്ലിങ് ചെയ്ത ഭീമൻ ഭാഗവും ഒപ്പം കുത്തിയൊലിച്ചതും വൻ ദുരന്തമുണ്ടായതും.
ഏകദേശം 300 മീറ്ററിലാണ് ഇത്തരത്തിൽ കോൺക്രീറ്റ് ഭിത്തി നിർമിച്ച് മണ്ണ് ഉറപ്പിച്ചത്. 12 മീറ്റർ ആഴത്തിലാണ് ഇതിനായി മണ്ണിലേക്ക് കമ്പി അടിച്ചുകയറ്റുക. ഇത് മണ്ണിടിച്ചിലിന്റെ ആഘാതം കൂട്ടുന്നതുമാണ്. അതേസമയം, മലയിടിഞ്ഞതുമൂലം മാത്രമാണ് ദുരന്തമുണ്ടായതെന്ന വാദമുയർത്തുകയാണ് കമ്പനിയിപ്പോൾ.
കൈകഴുകി കൊങ്കൺ റെയിൽവേയും
കൽപറ്റ: അതിതീവ്രമഴയാണ് കള്ളാടിയിലെ ദുരന്തത്തിന് കാരണമെന്നും തുരങ്കപാത പദ്ധതി പ്രദേശം ഇപ്പോഴും സുരക്ഷിതമാണെന്നും പദ്ധതി നടത്തിപ്പ് കമ്പനിയായ കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ്. മാറ്റിയ മണ്ണോ നിർമാണ കമ്പനി പണിത കോൺക്രീറ്റ് ഭിത്തികളോ അപകടത്തിന് കാരണമായിട്ടില്ലെന്നും കമ്പനിയുടെ വിശദീകരണക്കുറിപ്പിൽ പറയുന്നു.
തുരങ്കം നിർമിക്കുന്ന ഭാഗത്തുനിന്ന് 240 മീറ്റർ മാറി മീനാക്ഷിമല ഇടിഞ്ഞതാണ് കാരണം. 110 മീറ്റർ ഉയരത്തിൽ നിന്നാണ് മല ഇടിഞ്ഞ് മണ്ണും മരങ്ങളും കുത്തിയൊലിച്ചത്. 24 മണിക്കൂറിനിടെ 240 മില്ലിമീറ്റർ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. സുരക്ഷാഭിത്തികളടക്കം എല്ലാ മാനദണ്ഡങ്ങളും പാലിച്ചതായും മണ്ണ് നിക്ഷേപിച്ച സ്ഥലം ഇപ്പോഴും സുരക്ഷിതമാണെന്നുമാണ് കൊങ്കണിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

