ഹരജികളിൽ വാദം പൂർത്തിയായി; വാളയാർ അപ്പീലുകൾ വിധി പറയാൻ മാറ്റി
text_fieldsകൊച്ചി: വാളയാറിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടികളെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ അപ്പീൽ ഹരജികൾ ഹൈകോടതി വിധി പറയാൻ മാറ്റി. പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ കോടതി ഉത്തരവ് ചോദ്യം െചയ്ത് സർക്കാറും കുട്ടികളുടെ മാതാവും നൽകിയ ഹരജികളാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റുകയായിരുന്നു. 13 വയസ്സുകാരിയെ 2017 ജനുവരി 13നും ഒമ്പതുവയസ്സായ ഇളയ പെൺകുട്ടിയെ മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇരുവരും പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടർന്ന് വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നീ പ്രതികൾക്കെതിരെ ആറ് കേസ് രജിസ്റ്റർ ചെയ്തു. തുടർച്ചയായ പീഡനങ്ങളിൽ മനംനൊന്താണ് ആത്മഹത്യയെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ, കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നുകാണിച്ച് പാലക്കാട് പോക്സോ കോടതി വെറുെതവിട്ടു.
തുടർന്നാണ് സർക്കാറും പെൺകുട്ടികളുടെ അമ്മയും അപ്പീൽ നൽകിയത്. അപ്പീൽ പരിഗണനയിലിരിക്കെ പ്രദീപ് ആത്മഹത്യ ചെയ്തു.ഇയാൾക്കെതിരായ രണ്ടുകേസ് ഒഴിവാക്കി ശേഷിക്കുന്ന നാല് കേസിലാണ് വാദം പൂർത്തിയാക്കിയത്. മൊഴികളും തെളിവുകളും കൃത്യമായി സ്പെഷൽ പ്രോസിക്യൂട്ടർ വിചാരണക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നില്ലെന്ന് കഴിഞ്ഞദിവസം വാദത്തിനിടെ സർക്കാർ അറിയിച്ചിരുന്നു. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വീഴ്ച വരുത്തിയതായും ചൂണ്ടിക്കാട്ടി.വിചാരണക്കോടതി വിധി റദ്ദാക്കുക, തുടരന്വേഷണത്തിന് ഉത്തരവിടുക തുടങ്ങിയ ആവശ്യങ്ങളാണ് അപ്പീലുകളിൽ ഉന്നയിച്ചിട്ടുള്ളത്.