വാളയാർ ആൾക്കൂട്ട കൊല: രണ്ടുപേർ കൂടി അറസ്റ്റിൽ, കടുത്ത വകുപ്പുകൾ ചുമത്തി
text_fieldsഅറസ്റ്റിലായ വിനോദ്, ജഗദീഷ്
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ ഛത്തിസ്ഗഢ് സ്വദേശി രാംനാരായൺ കൊല്ലപ്പെട്ട കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മർദനസമയത്ത് ഇവരും സ്ഥലത്തുണ്ടായിരുന്നതായി തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊലപാതകത്തിൽ എസ്.സി/എസ്.ടി (അതിക്രമം തടയൽ) നിയമം 1989 പ്രകാരവും ഭാരതീയ ന്യായ് സംഹിത (ബി.എൻ.എസ്) സെക്ഷൻ 103(2) പ്രകാരവും കർശന നടപടി സ്വീകരിച്ചതായി പാലക്കാട് ജില്ല ഭരണകൂടം അറിയിച്ചു. പട്ടികജാതി വിഭാഗത്തിൽപെട്ട വ്യക്തിക്കെതിരായ അതിക്രമമെന്ന നിലയിൽ ശക്തമായ നടപടിയാണ് എടുത്തത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഗൗരവമായി ഇടപെടും. നിയമം കൈയിലെടുക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. അന്വേഷണം സമഗ്രമായി പുരോഗമിക്കുകയാണ്. ജില്ല ക്രൈംബ്രാഞ്ചിനു കീഴിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവിയാണ് നേതൃത്വം നൽകുന്നത്. അറസ്റ്റിലായവരിൽ ബി.ജെ.പി, സി.ഐ.ടി.യു, കോൺഗ്രസ് പ്രവർത്തകരുണ്ടെന്നാണ് പറയുന്നത്. ഇവർക്കെതിരെ നേരത്തേയും ക്രിമിനൽ കേസുകളുണ്ട്.
അതിനിടെ, പുതിയ അന്വേഷണസംഘം സാക്ഷികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ജനപ്രതിനിധികൾ, വ്യാപാരികൾ എന്നിവരുടെയും മൊഴിയെടുത്തു. അതേസമയം, കൊല്ലപ്പെട്ട രാംനാരായണിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ചൊവ്വാഴ്ച പുലർച്ചെ 2.30 കഴിഞ്ഞാണ് മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയത്. 11 മണിക്കുള്ള വിമാനത്തിൽ മൃതദേഹം ഛത്തിസ്ഗഢിലേക്ക് കൊണ്ടുപോയി. കുടുംബവും ഇതേ വിമാനത്തിൽതന്നെ നാട്ടിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

