വാളയാർ പീഡനം: ഒരുകേസിൽ വാദം പൂർത്തിയായി; വാദം ഇന്നും തുടരും
text_fieldsകൊച്ചി: വാളയാറിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടികളെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലെ ആദ്യ കേസിെൻറ അപ്പീൽ ഹരജിയിൽ വാദം പൂർത്തിയായി. 2014 ജനുവരി 13ന് 13 വയസ്സുള്ള മൂത്തകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കെണ്ടത്തിയ സംഭവത്തിലെ പ്രധാന പ്രതി വലിയ മധുവിനെതിരായ വാദമാണ് പൂർത്തിയായത്. മറ്റൊരു പ്രതി പ്രദീപ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. ഈ കേസിൽ സർക്കാറും പ്രതിഭാഗവും വാദം പൂർത്തിയാക്കി. പെൺകുട്ടിയുടെ മാതാവിനുവേണ്ടി നൽകിയ അപ്പീൽ ഹരജിയിലും സർക്കാർ വാദം ആവർത്തിക്കുന്നതായി അഭിഭാഷകൻ അറിയിച്ചു. ബുധനാഴ്ച ഇളയ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വാദം തുടരും.
2014 മാർച്ച് നാലിനാണ് ഒമ്പത് വയസ്സുള്ള ഇളയ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കേസിലും പ്രതിയായ വലിയ മധുവിനെതിരായ വാദമാണ് സർക്കാർ ആരംഭിക്കുന്നത്. വരുംദിവസങ്ങളിലും കേസിലെ വാദം തുടരും. ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അപ്പീൽ ഹരജികൾ പരിഗണിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പൊലീസിന് നൽകിയ മൊഴികൾ സ്പെഷൽ പ്രോസിക്യൂട്ടർ വിചാരണക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നില്ലെന്ന് കഴിഞ്ഞ ദിവസം വാദത്തിനിടെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
കേസിൽ പ്രതികളായ വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നിവരെയാണ് വിചാരണക്കോടതി വെറുതെ വിട്ടത്.