വാളയാർ കേസ്; കുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് സി.ബി.ഐ
text_fieldsകൊച്ചി: വാളയാർ കേസിൽ കുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് സി.ബി.ഐ. പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മുറിക്ക് വിസ്തീർണം കുറവായതിനാൽ കൊലപാതക സാധ്യതയില്ലെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു.
മരണത്തിന് ഏറ്റവും സാധ്യതയുള്ള മാർഗം ആത്മഹത്യയാണെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം കൊച്ചി സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കുട്ടികളുടെ മരണം ആത്മഹത്യയാണെന്ന് സി.ബി.ഐ വ്യക്തമാക്കുന്നതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
129 സെന്റിമീറ്റർ മാത്രം ഉയരമുള്ള ഒമ്പത് വയസുകാരിയായ രണ്ടാമത്തെ പെൺകുട്ടിക്ക് ഉത്തരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്യാനാകുമെന്നും മെഡിക്കൽ ബോർഡ് ഫോറൻസിക് വിദഗ്ധനെ ഉദ്ധരിച്ച് സി.ബി.ഐ കുറ്റപത്രത്തിൽ വാദിച്ചു. അതിസങ്കീര്‍ണമായ കുടുംബസാഹചര്യവും കുട്ടികള്‍ നേരിട്ട ലൈംഗിക ചൂഷണവും ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് സി.ബി.ഐ.
കുട്ടികളുടെ മരണം ആത്മഹത്യയാണെന്ന വാദം വിചാരണകോടതി നേരത്തെ തള്ളിയിരുന്നു. 2017 ജനുവരി ഏഴിനാണ് വാളയാർ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെട്ടത്.
13കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പത് വയസ്സുകാരി. മാര്‍ച്ച് ആറിന് അന്നത്തെ എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. തൊട്ടടുത്ത ദിവസം പൊലീസ് പുറത്തുവിട്ട പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായത് അതിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

