ആശ വർക്കർമാരുടെ വേതനം: രാഹുൽ മാങ്കൂട്ടത്തിലിനെ വെല്ലുവിളിച്ച് മന്ത്രി വീണ ജോർജ്; ‘അവകാശലംഘനത്തിന് നോട്ടീസ് നല്‍കൂവെന്ന്’
text_fieldsകോഴിക്കോട്: കേരളത്തിലെ ആശ വർക്കർമാരുടെ വേതനം സംബന്ധിച്ച് നിയമസഭയിൽ നടത്തിയ പ്രസ്താവനക്കെതിരെ രംഗത്തു വന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ വെല്ലുവിളിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. സഭയിൽ താൻ നടത്തിയ പ്രസ്താവനക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കൂവെന്നാണ് വീണ ജോർജിന്‍റെ വെല്ലുവിളി.
സിക്കിമിലെ ആശ വർക്കർമാരുടെ വേതനം സംബന്ധിച്ച കണക്കിൽ ഉറച്ചുനിൽക്കുന്നതായി മന്ത്രി വീണ ജോർജ് വ്യക്തമാക്കി. രേഖകൾ കൊണ്ടു വരേണ്ടത് ചാനലുകളിലല്ല, നിയമസഭയിലാണ്. സ്റ്റേറ്റ് മിഷൻ ആണ് ആശ വർക്കർമാരുടെ വേതന വിവരം നൽകിയത്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. 100 ശതമാനം ഉറപ്പുള്ള കാര്യമാണ് സഭയിൽ പറഞ്ഞത്. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
നിയമസഭയിൽ പ്രതിപക്ഷത്തിന് വേണ്ടി രാഹുൽ മാങ്കൂട്ടത്തിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നൽകിയ മറുപടിയിലാണ് ആശ വർക്കർമാർക്ക് ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്നത് കേരളത്തിലാണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞത്.
തുടർന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി സംസാരിച്ച രാഹുൽ മാങ്കൂട്ടത്തിൽ, സിക്കിമിലെ ആശ വർക്കർമാർക്ക് 10,000 രൂപയാണ് വേതനം നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി. ഇതിന് നൽകിയ മറുപടിയിൽ സിക്കിമിൽ 6,000 രൂപയാണ് വേതനമെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കിയത്.
700 രൂപ പ്രതിദിന വേതനമുള്ള സംസ്ഥാനത്ത് ആശ വർക്കർമാർക്ക് ലഭിക്കുന്നത് 232 രൂപ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ, ആരോഗ്യ മന്ത്രി വരച്ച ഇന്ത്യയുടെ ഭൂപടത്തിൽ സിക്കിമില്ലെന്നും രാഹുൽ പറഞ്ഞു.
ഡീന്‍ കുര്യാക്കോസ് എം.പിക്ക് കേന്ദ്ര ആരോഗ്യ മന്ത്രി ലോക്‌സഭയില്‍ നല്‍കിയ രാജ്യത്തെ ആശ വർക്കർമാരുടെ വേതനം സംബന്ധിച്ച വിവരം ആരോഗ്യ മന്ത്രിക്ക് മറുപടിയായി രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ഇതിന് പിന്നാലെയാണ് തെറ്റായ വിവരങ്ങൾ നൽകി ആരോഗ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

