വഫിയ: ആശങ്ക മുസ്ലിം ലീഗ് നേതൃത്വവുമായി പങ്കുവെച്ചെന്ന് ഹരിത നേതാക്കൾ
text_fieldsമലപ്പുറം: വഫിയ കോഴ്സുമായി ബന്ധപ്പെട്ട് വിദ്യാർഥിനികൾക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചുയർന്ന ആശങ്കകൾ മുസ്ലിം ലീഗ് നേതൃത്വവുമായി പങ്കുവെച്ചിട്ടുണ്ടെന്ന് എം.എസ്.എഫ് ഹരിത സംസ്ഥാന പ്രസിഡന്‍റ് പി.എച്ച്. ആയിശ ബാനു. അക്കാര്യത്തിൽ ഹരിതക്ക് കൃത്യമായ നിലപാടുണ്ട്. നിലപാട് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ലെന്നും ആയിശ ബാനു വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
സി.ഐ.സി വിഷയത്തിൽ പാർട്ടി നേതൃത്വവും സമസ്ത നേതാക്കളും തമ്മിൽ കഴിഞ്ഞദിവസം കോഴിക്കോട് ചർച്ച നടന്നിരുന്നു. ചർച്ചയുടെ ഫലം ആശാവഹമായിരിക്കുമെന്നാണ് പ്രതീക്ഷ. എം.എസ്.എഫ്, മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റികളിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പുവരുത്താൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
എം.എസ്.എഫിന്‍റെ നിലവിലുള്ള കമ്മിറ്റിയിലോ പുനഃസംഘടിപ്പിക്കപ്പെടുന്ന കമ്മിറ്റിയിലോ വനിത സംവരണം പ്രാബല്യത്തിൽ വരുമെന്നും ചോദ്യത്തിന് മറുപടിയായി ആയിശ ബാനു പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി റുമൈസ റഫീഖ്, ഫിദ അഷ്റഫ്, ആയിശ മറിയം എന്നിവരും പങ്കെടുത്തു.