കെ.എസ്.യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവം: വടക്കാഞ്ചേരി സി.ഐ ഷാജഹാന് സ്ഥലം മാറ്റം
text_fieldsവടക്കാഞ്ചേരി: വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കെ.എസ്.യു പ്രവർത്തകരെ വിലങ്ങും മുഖംമൂടിയും അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി സി.ഐ ഷാജഹാനെ സ്ഥലം മാറ്റി. സി.ഐക്ക് വീഴ്ച പറ്റി എന്ന റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ റിപ്പോർട്ട് ലഭിച്ചയുടൻ ഷാജഹാനെ അടിയന്തരമായി പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് അച്ചടക്ക നടപടിയുടെ ഭാഗമായി എസ്.എച്ച്.ഒ സ്ഥാനത്തുനിന്ന് നീക്കിയത്. ഇയാൾക്ക് പുതിയ ചുമതലകൾ നൽകിയിട്ടില്ല.
ഒരുമാസം മുൻപ് നടന്ന എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷത്തിൽ മൂന്നു എസ്.എഫ്.ഐ പ്രവർത്തകർക്കും ചില കെ.എസ്.യു പ്രവർത്തകർക്കും പരുക്കേറ്റിരുന്നു. ഇതിനെ തുടർന്നാണ് കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂർ, ജില്ല കമ്മിറ്റി അംഗം അൽ അമീൻ, കിള്ളിമംഗലം ആർട്സ് കോളജ് യൂനിറ്റ് പ്രസിഡന്റ് കെ.എ. അസ്‌ലം എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. തുടർന്ന് ഒളിവിലായിരുന്ന മൂന്നു പ്രതികളേയും വിവിധ ഇടങ്ങളിൽനിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരെ മുഖംമൂടി ധരിപ്പിച്ചായിരുന്നു വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് ഹാജരാക്കിയത്. എന്നാൽ മുഖംമൂടി ധരിപ്പിച്ച പൊലീസ് നടപടിയെ കോടതി ചോദ്യം ചെയ്തു. എന്തിനാണ് ഇവരെ മുഖംമൂടി ധരിപ്പിച്ചിരിക്കുന്നതെനായിരുന്നു കോടതി ചോദിച്ചത്.
തിരിച്ചറിയൽ പരേഡ് ഉള്ളതിനാലാണ് മുഖംമൂടി ധരിപ്പിച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. തിരികെ കോടതിയിൽ നിന്നും കൊണ്ടുപോയപ്പോഴും മുഖംമൂടി മാറ്റാൻ പൊലീസ് തയാറായിരുന്നില്ല. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് അർധ രാത്രി വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്നും മറ്റുമുള്ള പരാതി നിലനിൽക്കുന്നതിനിടെയായിരുന്നു മുഖംമൂടി ധരിപ്പിച്ച സംഭവം.
തുടർന്ന് പ്രതിഷേധവുമായി കോൺഗ്രസും കെ.എസ്.യുവും രംഗത്തുവന്നു. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെ.എസ്.യു മാർച്ച് സംഘടിപ്പിക്കുകയും ഡി.ഐ.ജി ഓഫീസിലേക്ക് യൂത്ത് കോണ്ഗ്രസ് മുഖംമൂടി മാർച്ച് സംഘടിപ്പിക്കുകയും ചെയ്തതിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെ.എസ്.യു സംഘടിപ്പിച്ച മാർച്ചിൽ പ്രതിഷേധം ഇരമ്പിയിരുന്നു. മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. മാർച്ചിനിടെ കെ.എസ്.യു ജില്ല പ്രസിഡിന്‍റ് അധിക്ഷേപ പ്രസംഗം നടത്തിയിരുന്നു. ഭൂമിയുടെ ഏത് കോണിൽ പോയി ഒളിച്ചാലും കാക്കിയൂരി ഇറങ്ങുമ്പോൾ അന്ന് നിന്‍റെ മയ്യിത്ത് ഖബറിലിറക്കി പൂക്കളർപ്പിച്ചിരിക്കുമെന്നായിരുന്നു പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

