മീനാക്ഷി വിലാസ് ഗവ. എൽ.പി സ്കൂളിന് ഫെൻസിങ്ങ് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ സ്ഥാപിക്കും -മന്ത്രി
text_fieldsകൽപറ്റ: വന്യമൃഗശല്യം രൂക്ഷമായ കള്ളാടി പ്രദേശത്തെ മീനാക്ഷി വിലാസ് ഗവ. എൽ.പി സ്കൂളിന് സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുമെന്ന് മന്ത്രി ടി. സിദ്ദീഖ്. വന്യമൃഗശല്യം പതിവായ മേഖലയിൽ ഒരു സുരക്ഷാ ക്രമീകരണവുമില്ലാതെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടുമെന്ന് മന്ത്രി ഉറപ്പ് നൽകി. സ്കൂളിന് ചുറ്റും ഫെൻസിങ്ങ് അടക്കമുള്ള മറ്റു സുരക്ഷാ ക്രമീകരണങ്ങളും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂളിന്റെ സുരക്ഷക്ക് അടിയന്തരമായി നടപടി സ്വീകരിക്കാൻ പഞ്ചായത്തിനും വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകും. എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കളായ 14 വിദ്യാർഥികളാണ് സ്കൂളിൽ പഠിക്കുന്നത്.
കാട്ടാന അടക്കമുള്ള മൃഗങ്ങളുടെ ശല്യം പ്രദേശത്ത് ഭീഷണി ഉയർത്തുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അധികൃതർ പറയുന്നു. 2011 ലാണ് അട്ടമലയിൽ പ്രവർത്തിച്ചിരുന്ന തമിഴ് മീഡിയം എൽ.പി സ്കൂൾ കള്ളാടി വനമേഖലക്ക് സമീപം മീനാക്ഷി എസ്റ്റേറ്റിലെ ഒരേക്കർ ഭൂമിയിലേക്ക് മാറ്റി സ്ഥാപിച്ചത്. വനമേഖലക്ക് സമീപം പ്രവർത്തിക്കുന്ന സ്കൂളിന് ചുറ്റും താൽക്കാലികമായി നിർമിച്ച വേലി മാത്രമാണുള്ളത്. ഈ വേലികൾ കാട്ടാനകൾ തകർത്ത നിലയിലുമാണ്. ചുറ്റുമതിൽ നിർമിക്കണമെന്നും ഫെൻസിങ്ങ് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയെങ്കിലും ഇതുവരെ ഒരു നടപടി സ്വീകരിച്ചില്ലെന്നും അധികൃതർ പറഞ്ഞു. സ്കൂളിന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് കഴിഞ്ഞയാഴ്ച ഒരു സ്ത്രീ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചിരുന്നു. തൃശ്ശിലേരി പുളിമൂട് കുന്ന് ഉന്നതിയിലെ രാജുവാണ് മരിച്ചത്. പറമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് കാട്ടാന ആക്രമിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി കാട്ടാനയെ കാടുകയറ്റാന്‍ ശ്രമിക്കുന്നതിനിടയിൽ രാജു ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ജനവാസമേഖലയിൽ നിലയുറപ്പിച്ച കാട്ടാനയെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മണിക്കൂർ പരിശ്രമിച്ചാണ് വനത്തിൽ കയറ്റിയത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചിരുന്നു. കഴിഞ്ഞദിവസം ഇടുക്കി സൂര്യനെല്ലിയിലും കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ നഷ്ടമായിരുന്നു. മകനെ സ്കൂളിൽ കൊണ്ടുവിടാൻ പോയ സിങ്കകണ്ടം സ്വദേശിനി മാരിയാണ് മരിച്ചത്. പ്രദേശം ഉൾപ്പെടുന്ന ചിന്നക്കനാൽ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

